Friday, August 2, 2019

മരുത്തുക്കൾ


കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 മിന്നലും ഇടിയും  ആയുധങ്ങളാക്കിയ ദേവതാ സമൂഹമാണ് മരുത്തുക്കൾ. പുത്രന്മാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും മഹാവിഷ്ണുവിനാല്‍ വധിക്കപ്പെട്ടപ്പോള്‍ അതിനു കാരണഭൂതനായ ഇന്ദ്രനെ ഹനിക്കുവാന്‍ കഴിവുള്ള ഒരു പുത്രനെ ജനിപ്പിക്കണമെന്നു ദിതി ഭര്‍ത്താവായ കശ്യപനോട് അപേക്ഷിച്ചു. കശ്യപന്‍ ദിതിയില്‍ ഗര്‍ഭധാനം ചെയ്യുകയും ശുചിയായി നിഷ്ഠയോടെ പതിനായിരം വര്‍ഷം തപസ്സനുഷ്ഠിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ ഇന്ദ്രന്‍ ശ്രുശ്രൂഷിക്കാനെന്ന വ്യാജേന ദിതിയുടെ അടുത്തുകൂടി. ഒരിക്കല്‍ ദിതി അശുചിയായി ഉറങ്ങുന്ന അവസരത്തില്‍ ഇന്ദ്രന്‍ അവളുടെ ഉദരത്തില്‍ പ്രവേശിക്കുകയും അവിടെ കണ്ട ഗര്‍ഭത്തെ മര്‍ദിച്ച് ആദ്യം ഏഴായും പിന്നെ ഓരോന്നിനെയും വീണ്ടും ഏഴായും ഖണ്ഡിക്കുകയും ചെയ്തു. അങ്ങനെ ഉണ്ടായവരാണ് 49 മരുത്തുകള്‍.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
🦎🦎🦎🦎🐚🐚🦎🦎🦎🦎

       ഗൗളി ശാസ്ത്രം


*പല്ലി ശരീര ഭാഗങ്ങളിൽ വീണാൽ ഉണ്ടാകുന്ന ഫലങ്ങൾ*

🏵🏵🏵🏵🐚🐚🏵🏵🏵🏵

*ശിരസ്സിന്‍റെ മദ്ധ്യഭാഗത്തു ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം ഫലം.*

🦎
*ശിരസ്സിന്‍റെ പിന്‍ഭാഗത്തു ഗൗളി വീണാല്‍ കലഹം.*

*നെറ്റിയില്‍ ഗൗളി വീണാല്‍ നിധിദര്‍ശനം.*

🦎
*നെറ്റിയുടെ മദ്ധ്യത്തില്‍ ഗൗളി വീണാല്‍ രാജസമ്മാനലബ്ധി.*

*നാസാഗ്രത്തില്‍ ഗൗളി വീണാല്‍ രോഗാരിഷ്ടം.*

🦎
*അധരത്തിണ് ഗൗളി വീണതെങ്കിൽ ധന-ഐശ്വര്യാദികള്‍.*

*കവിളില്‍ ഗൗളി വീണാല്‍ ധനനഷ്ടം.*

🦎
*ചെവിയിലോ കണ്ണിലോ കവിള്‍തടത്തിനടുത്തോ ഗൗളി വീണാല്‍ മരണപ്രേരണ.*

*കഴുത്തില്‍ ഗൗളി വീണാല്‍ സജ്ജനസംസര്‍ഗ്ഗം.*

*കയ്യുടെ തുടക്കത്തില്‍ കക്ഷത്തിനടുത്ത് ഗൗളി വീണാല്‍ ചിലപ്പോള്‍ വ്യസനം.*

🦎
*വയറ്റില്‍ ഗൗളി വീണാല്‍ മഹാഭയം.*

*കൈകളില്‍ ഗൗളി വീണാല്‍ ശത്രുവിന്‍റെ ഉപദ്രവം.*

🦎
*മാറിടത്തില്‍ ഗൗളി വീണാല്‍ വലിയ വ്യസനം.*
*ഗുഹ്യഭാഗത്തു ഗൗളി വീണാല്‍ വീണാല്‍ സര്‍പ്പഭയം.*

🦎
*തുട, കാല്‍മുട്ട് എന്നിവിടങ്ങളില്‍ ഗൗളി വീണാല്‍ പ്രസവാശൗചം.*

*പാദങ്ങളില്‍ ഗൗളി വീണാല്‍ തീര്‍ത്ഥയാത്ര.*

🦎
*കാലിനടിയില്‍ ഗൗളി വീണാല്‍ ക്ഷീരഭോജനം*

*ഇവയാണ് വിവിധ അവയവഭാഗങ്ങളില്‍ ഗൗളി വീണാലുള്ള നിമിത്തഫലങ്ങള്‍.*

🦎
*ഗൗളി പുരുഷന്മാരുടെ ശരീരത്തില്‍ വലതുഭാഗത്തും സ്ത്രീകളുടെ ശരീരത്തില്‍ ഇടതുഭാഗത്തും വീണു മേലോട്ടുകയറിപ്പോകുകയാണെങ്കില്‍ ശുഭഫലമാണ്. താഴോട്ട് ഇറങ്ങുകയാണെങ്കില്‍ ദോഷഫലം.*

🦎
*ഗൗളി വീണുള്ള ദോഷഫലത്തിന് ശിവഭജനമാണ് പരിഹാരം.*

*ക്ഷേത്രസന്നിധിയിലോ ആലിന്‍റെ ചുവട്ടിലോ വച്ചാണ് ഗൗളി വീണതെങ്കില്‍ ദോഷമില്ല.*
കാളിയനും ശ്രീഗരുഡനും

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് അമൃത് സ്വന്തമാക്കി. അമൃതുമായി ഭൂമിയിലെത്തിയ ഗരുഡന്‍ അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിച്ചു. ഈ തക്കത്തിന് ഇന്ദ്രന്‍ അമൃതുമായ് കടന്നു കളഞ്ഞു. ദാസ്യമകന്ന ഗരുഡന്‍, കൂടുതല്‍ കരുത്തോടെ നാഗങ്ങളെ ആക്രമിച്ചു. തന്റെ മാതാവിനെ ദാസിയാക്കിവെച്ച കദ്രുവിന്റെ മക്കളായ സര്‍പ്പങ്ങളെ ഒന്നൊന്നായ് കൊന്നു തിന്നാന്‍ തുടങ്ങി. വംശനാശം ഭയന്ന സര്‍പ്പങ്ങള്‍  ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ഗരുഡനെ വിളിച്ചു വരുത്തി. ഗരുഡനോട് ഇങ്ങനെ അരുളിച്ചെയ്തു; 'ഉണ്ണീ ഗരുഡാ ഇനിമേലില്‍ സര്‍പ്പങ്ങളെ ദ്രോഹിക്കരുത് വാവുതോറും നടത്തപ്പെടുന്ന സര്‍പ്പബലിയില്‍ സമര്‍പ്പിക്കുന്ന, ഹവിസ്സ് ആഹാരമാക്കി, സര്‍പ്പങ്ങളെ വെറുതെ വിടുക'. അപ്രകാരം ഗരുഡന്‍ സര്‍പ്പങ്ങള്‍ നല്‍കുന്ന ഹവിസ്സ് സ്വീകരിച്ച് തൃപ്തനായി.

അങ്ങനെയിരിക്കെ, സ്വന്തം കരുത്തില്‍ അഹങ്കാരം പൂണ്ട കാളിയന്‍ എന്ന സര്‍പ്പം ഗരുഡന് നല്‍കാതെ ഹവിസ്സ് മുഴുവനും ഭക്ഷിച്ച് ഗരുഡനെ വെല്ലുവിളിച്ചു. പത്തി വിടര്‍ത്തി ചീറ്റി വന്ന കാളിയനുനേരെ, പക്ഷിരാജന്‍ പറന്നടുത്തു. കൊക്കും, നഖവും ചിറകും കൊണ്ട് കാളിയനെ നേരിട്ടു. ഗരുഡന്റെ ആക്രമണമേറ്റ് തളര്‍ന്ന കാളിയന്‍ ഒരു വിധം രക്ഷപ്പെട്ട് കാളിന്ദീ നദിയിലെത്തി.…അവന്‍ കുടുംബസമേതം കാളിന്ദീനദിയില്‍ താമസം തുടങ്ങി. 

സൗരഭീമുനിയുടെ ശാപം മൂലം ഗരുഡന് കാളിന്ദീ നദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മുമ്പൊരിക്കല്‍ മുനി സന്ധ്യാവന്ദനം ചെയ്യുന്ന സമയത്ത് കാളിന്ദിയിലെത്തിയ ഗരുഡന്‍, മുനിസാന്നിധ്യം വകവയ്ക്കാതെ നദിയില്‍ നിന്നും മീന്‍പിടിക്കാനാ രംഭിച്ചു. ഗരുഡന്റെ പ്രവൃത്തി സൗരഭിയെ കോപിഷ്ടനാക്കി. 'അഹങ്കാരിയായ ഗരുഡാ വകതിരിവ് ലവലേശമില്ലാതെ പവിത്രമായ സന്ധ്യാനേരത്ത് ഈ പുണ്യനദിയെ മലിനമാക്കിയ നീ ഈ പ്രദേശത്ത് വന്നാല്‍ ആ നിമിഷം, നിന്റെ തലപൊട്ടിത്തെറിക്കട്ടെ.' മുനി ഗരുഡനെ ശപിച്ചു.

ശാപം നിലനില്‍ക്കെ ഗരുഡന് വരാന്‍ കഴിയാത്ത കാളിന്ദിയില്‍, കാളിയന്‍ തന്റെ സാമ്രാജ്യം സ്ഥാപിച്ചു. കാളിയന്റെ വിഷജ്വാലയില്‍ കാളിന്ദീതീരത്തെ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞു. നദിയിലെ ജീവജാലങ്ങള്‍ ചത്തൊടുങ്ങി പരിസര മാകെ വിഷത്തില്‍ മുക്കി വസിച്ചു സര്‍പ്പശ്രേഷ്ഠന്‍.

ഒരു ദിവസം ഗോപ ബാലന്‍മാര്‍ക്കൊപ്പം എത്തിയ പശുക്കള്‍ കാളിന്ദിയിലെ ജലം കുടിച്ച മാത്രയില്‍ മറിഞ്ഞു വീണ് ചത്തു. വിവരമറിഞ്ഞെത്തിയ ശ്രീകൃഷ്ണന് നേരെ പത്തി വിടര്‍ത്തിച്ചീറ്റിയെത്തി കാളിയന്‍. ദുഷ്ട സര്‍പ്പത്തിന്റെ ഫണത്തിനു മുകളില്‍ ചാടിക്കയറി ഭഗവാന്‍ നൃത്തം വെക്കാന്‍ തുടങ്ങി. അഹങ്കാരത്തിന്റെ പത്തികള്‍ ഒന്നൊന്നായ് കൃഷ്ണന്‍ ചവിട്ടിത്താഴ്ത്തി. എന്നിട്ടവനോടു പറഞ്ഞു'ഹേ കാളിയാ പുണ്യനദിയായ കാളിന്ദിയില്‍ നിനക്കിനി സ്ഥാനമില്ല; ഉടന്‍  ഇവിടം വിട്ട് പോകുക. എന്റെ പാദസ്പര്‍ശമേറ്റതിനാല്‍ നിന്നെ ഇനി ഗരുഡന്‍ തൊടില്ല. നിനക്ക് രമണകദ്വീപിനു സമീപം പോയ് വസിക്കാം'

ഭഗവാന്റെ പാദസ്പര്‍ശമേറ്റതോടെ കാളിയന്‍ ഗരുഡനില്‍ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഗരുഡനും കാളിയനും തമ്മില്‍ നിലനിന്നിരുന്ന വൈര്യവും അവസാനിച്ചു. വിഷബാധയേറ്റ് കിടന്ന പശുക്കളും ഗോപന്‍മാരും ഉറക്കത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നെണീറ്റ് ഭഗവാനെ അനുഗമിച്ചു.
🙏🙏🙏🙏🕉🔥🕉🙏🙏🙏🙏

*മരിച്ചിട്ടും മരിക്കാത്തവര്‍*

ഉപനിഷത്ത് കഥകള്‍

വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന്‍ ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്. ദുര്‍മോഹം തന്നെ.

ഒരിക്കല്‍ നചികേതസ്സിന്റെ അച്ഛന്‍ നാട്ടില്‍ പേരെടുക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തി. വിശ്വജിത്ത് എന്ന വലിയ യാഗം തന്നെയാകട്ടെ എന്നു വിചാരിച്ചു. യാഗത്തിന് ഫലം ലഭിക്കണമെങ്കില്‍ ദാനധര്‍മ്മാദികള്‍ ലോഭമില്ലാതെ ചെയ്യണം. ഈ യാഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ യാഗം ചെയ്യുന്ന ആള്‍ തന്റെ സകലസമ്പത്തും അന്യര്‍ക്ക് ദാനം ചെയ്യണം.

ലുബ്ധനായ വാജശ്രവസ് ഒരു ഉപായം കണ്ടെത്തി. തന്റെ വിലയേറിയ സമ്പത്തില്‍ അധികവും ബന്ധുഗൃഹങ്ങളിലേയ്ക്കു മാറ്റി. എന്നിട്ട് എല്ലും തോലും മാത്രമായ കുറെ പശുക്കളെ മാത്രം ദാനം ചെയ്യാന്‍ കൊണ്ടുവന്ന് യാഗശാലയ്ക്കടുത്ത് ഒരുക്കി നിറുത്തി.

തന്റെ പിതാവിന്റെ ഈ അധര്‍മ്മപ്രവൃത്തി നചികേതസ്സിനെ വല്ലാതെ ദുഃഖിതനാക്കി. അച്ഛന്‍ ചെയ്യാന്‍ പോകുന്നത് കടുത്ത അപരാധം തന്നെ. ഇതുവഴി അച്ഛന് വലിയ പാപം അനുഭവിക്കേണ്ടിവരും പാപത്തിന്റെ ഫലം നരകവാസമാണ്. പിതാവിനെ നരകത്തില്‍ നിന്ന് രക്ഷിക്കേണ്ടത് പുത്രനായ തന്റെ കടമയാണ്. എങ്ങനെ രക്ഷിക്കാം?

ദാനമായി നല്കുന്ന വസ്തുക്കള്‍ ഏറ്റവും നല്ലവയായിരിക്കണം. മോശമായ സാധനങ്ങള്‍ ആര്‍ക്കും ദാനം ചെയ്യരുത്. ദാനം സ്വീകരിക്കുന്നവന് അതുകൊണ്ട് പ്രയോജനം ഉണ്ടാകണം. നമുക്കിഷ്ടമുള്ളതിനെ മാത്രമേ ദാനം ചെയ്യാവൂ. നമുക്കു വേണ്ടതിനെ മറ്റൊരാള്‍ക്ക് നല്‍കുന്നത് ദാനമല്ല. പ്രയോജനമില്ലാത്തത് മറ്റൊരാള്‍ക്കു നല്‍കുന്നത് പാപമാണ്.

യാഗത്തില്‍ പങ്കുകൊള്ളാന്‍ ധാരാളം അതിഥികള്‍ എത്തിയിട്ടുണ്ട്. വലിയ തിരക്കുതന്നെ. പക്ഷേ നചികേതസ്സ് ആ തിരക്കുകളിലൊന്നും അകപ്പെടുന്നില്ല. അവന്റെ ശ്രദ്ധ മുഴുവന്‍ സ്വന്തം അച്ഛന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഒടുക്കം അവന്‍ സ്വന്തം അച്ഛനോട് ചോദിച്ചു:

“അച്ഛാ, അങ്ങ് എന്നെ ആര്‍ക്കാണ് ദാനം ചെയ്യുന്നത്?”

അവന്റെ ചോദ്യം കേട്ടതായി അച്ഛന്‍ ഭാവിച്ചില്ല. കുട്ടികള്‍ക്ക് ഓരോന്നു ചോദിക്കാന്‍ കണ്ട ഒരു നേരം. അച്ഛന്‍ തന്നെ ശ്രദ്ധിക്കുന്നുകൂടിയില്ലെന്നു കണ്ടിട്ടും നചികേതസ്സ് പിന്തിരിഞ്ഞില്ല. വീണ്ടു വീണ്ടും അച്ഛനോട് അന്വേഷിച്ചു. രണ്ടാമതും മൂന്നാമതും ചോദിച്ചു. മൂന്നാമത്തെ പ്രാവശ്യം അച്ഛന് ദേഷ്യം വന്നു. അദ്ദേഹം കോപത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ കാലനു കൊടുക്കും!” ഒന്നും ആലോചിക്കാതെ ദേഷ്യത്തിന് പറഞ്ഞു പോയതാണ്. എങ്കിലും അച്ഛന്റെ വാക്കിനെ പാലിക്കേണ്ടത് പുത്രധര്‍മ്മമാണല്ലോ.

“തന്റെ അച്ഛന്റെ ശിഷ്യന്മാരുടെ കൂട്ടത്തില്‍ താന്‍ ഒരിക്കലും ഒരു അധമനായി പെരുമാറിയിട്ടില്ല. ചിലപ്പോള്‍ ഉത്തമ പുത്രനും മറ്റുചിലപ്പോള്‍ മദ്ധ്യമപുത്രനും ആയിട്ടുണ്ടാകാം. എന്നിട്ടും അച്ഛന്‍ എന്നെ യമന് കൊടുക്കണമെന്ന് പറയുന്നു. യമന് എന്താണാവോ എന്നെക്കൊണ്ടുള്ള പ്രയോജനം? എന്തുമാകട്ടെ, ഏതായാലും അച്ഛന്‍ എന്നെ യമന് ദാനം ചെയ്യാന്‍ നിശ്ചയിച്ചു. ആ സ്ഥിതിക്ക് ഇനി യമന്റെ അടുത്തേയ്ക്കു തന്നെ പോകാം.”

എന്നിങ്ങനെ നിശ്ചയിച്ചുറച്ച നചികേതസ്സ് യമലോകത്തേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി. അവന്‍ അച്ഛനോട് യാത്രാനുമതി ചോദിച്ചു. ആ പിതാവ് തളര്‍ന്നുപോയി. അവിവേകവും കോപവും അശ്രദ്ധയും കൊണ്ട് താന്‍ പറഞ്ഞുപോയ വാക്കിന്റെ ഫലം ഇത്ര കഠിനമോ? കഷ്ടം! തനിക്ക് പുത്രന്‍ നഷ്ടമായിരിക്കുന്നു. യാഗാദികള്‍കൊണ്ട് ഇനി എന്തു ഫലം? ഇത് എങ്ങനെ സഹായിക്കും? തന്റെ മുന്‍കോപം കാരണം മകനെ പിരിയേണ്ടി വരുന്നല്ലോ?

ആ പിതാവ് വളരെ സങ്കടപ്പെട്ടു. നചികേതസ്സ് അച്ഛനെ ആശ്വസിച്ചു.

“അച്ഛാ, സങ്കടപ്പെടരുത്. ഇതില്‍ വിഷമിക്കാന്‍ ഒന്നുമില്ല. ലോകത്തില്‍ ഉണ്ടായതെല്ലാം നശിക്കുകതന്നെ ചെയ്യും. മനുഷ്യരും സസ്യങ്ങളെപ്പോലെ തന്നെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ബാധകമാണ്. അതിനാല്‍ അങ്ങ് ദുഃഖിക്കേണ്ട കാര്യമില്ല. നമ്മുടെ പൂര്‍വ്വികര്‍ സത്യനിഷ്ഠ പാലിച്ചിരുന്നു. അവര്‍ പറഞ്ഞ വാക്കുകളെയെല്ലാം സത്യമായും പാലിച്ചിട്ടുണ്ട്. വാക്കു പാലിക്കാതിരിക്കുന്നത് അധര്‍മ്മമാണ്. ധാര്‍മ്മിക കുലത്തില്‍ പിറന്ന അങ്ങ് പൂര്‍വ്വികരെപ്പോലെ സത്യവാക്കിനെ പാലിച്ചാലും. നമ്മുടെ പാരമ്പര്യത്തിന് കളങ്കം വരുത്തിക്കൂടാ. അതിനാല്‍ യമലോകത്തേയ്ക്ക് പോകാന്‍ എന്നെ അനുവദിച്ചാലും.”

അച്ഛനെ വിശ്വസിപ്പിച്ചിട്ട് ദൃഢനിശ്ചയത്തോടെ യമലോകത്തേയ്ക്കു പോകാന്‍ നചികേതസ്സ് ഒരുങ്ങി. യമലോകമെന്നു കേട്ടാല്‍ ആരും ഭയപ്പെടും. യമദേവന്‍ എന്നാല്‍ സാക്ഷാല്‍ കാലദേവനാണ്. മരണത്തിന്റെ അധികാരി. അതുകൊണ്ട് യമലോകത്തു പോകാന്‍ ജീവികള്‍ക്കെല്ലാം ഭയമാണ്. എന്നാല്‍ സന്തോഷത്തോടെ യമരാജസന്നിധിയിലേയ്ക്ക് നചികേതസ്സ് പുറപ്പെട്ടു.

ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട്. അസംഖ്യം ജീവജാലങ്ങള്‍ പ്രതിദിനം ജനിയ്ക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മരണത്തിന്റെ ദേവത യമരാജനാണ്. ഈ ലോകത്തില്‍ മരിക്കുന്നവരെല്ലാം ഇവിടെനിന്ന് യമലോകത്തെത്തുമെന്നാണ് വിശ്വാസം. ഒരുവന്‍ തന്റെ ജീവിതകാലത്ത് ചെയ്ത കര്‍മ്മങ്ങളുടെ പുണ്യപാപങ്ങള്‍ യമലോകത്തുവച്ച് കണക്കെടുത്തു നോക്കും. സത്കര്‍മ്മങ്ങള്‍ ചെയ്തവര്‍ പുണ്യവാന്മാരാണ്. അവര്‍ക്ക് സ്വര്‍ഗ്ഗലോകത്ത് സുഖമായി വസിക്കാം. ദുഷ്കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള പാപികള്‍ നരകത്തില്‍ കിടന്ന് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും.

നചികേതസ്സ് ഭൂമിയില്‍നിന്ന് യമന്റെ കൊട്ടാരത്തിലെത്തി. അപ്പോള്‍ യമരാജാവ് അവിടെയുണ്ടായിരുന്നു. യമരാജന്‍ അപ്പോഴും നല്ലതിരക്കുള്ള ദേവനാണ്. ദിവസവും ധാരാളം ആളുകള്‍ മരിയ്ക്കുന്നതല്ലേ? അത്യാവിശ്യമായിമറ്റെവിടെയോ പോയിരിക്കുകയാണ്.

നചികേതസ്സ് യമന്റെ വരവും പ്രതീക്ഷിച്ച് അവിടെ ഇരുന്നു. യമന്റെ മന്ത്രിമാരും സേവകരുമൊക്കെ വന്നുനോക്കി. കൊള്ളാം. മിടുക്കനായ ഒരു ബ്രാഹ്മണബാലന്‍. ധീരനാണ് നിര്‍ഭയനാണ്. മിടുക്കരും ഭയന്ന് വിറച്ചിരുന്ന ഇവിടെ പ്രസന്നനും ഉന്മേഷവാനുമായി ഒരു ബാലന്‍ വന്നിരിക്കുന്നു. അത്ഭുതം തന്നെ! അധര്‍മ്മം ചെയ്തവരാണ് യമദേവനെ ഭയപ്പെടുന്നത്. സത്യവും ധര്‍മ്മവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് യമകിങ്കരന്മാരെ ഭയപ്പെടേണ്ട കാര്യമില്ല. യമരാജന്‍ മരണത്തിന്റെ മാത്രം ദേവനല്ല. ധര്‍മ്മരാജാവു കൂടിയാണ്. ധര്‍മ്മിഷ്ടരെ അദ്ദേഹം അനുഗ്രഹിക്കും. അധര്‍മികളെ ശിക്ഷിക്കും.

യമന്റെ സേവകര്‍ നചികേതസ്സിനെ പരിചരിക്കുന്നതിനു വേണ്ടി ക്ഷണിച്ചു. യമന്‍ അപ്പോള്‍ അവിടെ ഇല്ലാത്തതിനാല്‍ സേവകരുടെ അഭ്യര്‍ത്ഥന ആ ബാലന്‍ സ്വീകരിച്ചില്ല. ആദ്യം യമരാജന്‍ വരട്ടെ. അദ്ദേഹത്തിനെ കണ്ടിട്ട് മതി ബാക്കിയെല്ലാം.

നചികേതസ്സ് അവിടെ മൂന്നുദിവസം കാത്തുനിന്നു. ഇതിനിടയില്‍ ആഹാരമൊന്നും കഴിച്ചില്ല. ഒരു തുള്ളി ജലംപോലും കുടിച്ചില്ല. നാലാംദിവസമാണ് യമന്‍ വന്നത്. പൂജാര്‍ഹനായ ഒരു ബ്രാഹ്മണ ബാലന്‍ മൂന്നു ദിവസമായി ഇങ്ങനെ കാത്തുനില്ക്കുന്ന വിവരം യമന്‍ അറിഞ്ഞു. അദ്ദേഹം വല്ലാതെ വ്യസനിച്ചു. കാരണമുണ്ട് നചികേതസ്സ് അപ്പോള്‍ യമന്റെ അതിഥിയാണ്. അതിഥി ദേവനാണ്. യഥോചിതം അതിഥിയെ പൂജിക്കാതിരിക്കുന്നത് അധര്‍മ്മമാണ്. പുണ്യഫലങ്ങളൊക്കെ നശിച്ചു പോകും. ധര്‍മ്മരാജന്‍തന്നെ അധര്‍മ്മം പ്രവര്‍ത്തിക്കുകയോ? കഷ്ടം തന്നെ!

യമന്‍ നചികേതസ്സിനെ വളര്‍രെ ആദരവോടെ സ്വീകരിച്ചു. ഭക്ഷണപാനീയങ്ങള്‍ നല്‍കി. സേവകരുമായി ചേര്‍ന്ന് ഗംഭീരമായി സല്‍ക്കരിച്ചു. മൂന്നു ദിവസം കാത്തുനില്‍ക്കേണ്ടി വന്നതിലും ആദരിക്കാന്‍ കഴിയാതെപോയതിലും വീണ്ടും വീണ്ടും മാപ്പു യാചിച്ചു. നചികേതസ്സില്‍ സംപ്രീതനായി യമന്‍ പറഞ്ഞു:

“എന്നെ കാണുന്നതിനുവേണ്ടി മൂന്നു ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവല്ലേ? ഖേദകരം തന്നെ. അതുകൊണ്ട് പ്രായശ്ചിത്തമായി ഓരോ ദിവസത്തിനും ഒരോന്നുവീതം അങ്ങയ്ക്ക് ഇഷ്ടമുള്ള മൂന്നു വരങ്ങള്‍ സ്വീകരിച്ചുകൊള്ളുക.”

“അല്ലയോ യമധര്‍മ്മരാജാവേ, ഞാന്‍ എന്റെ അച്ഛനെ വിട്ടുപോന്നവനാണ്. അതില്‍ അതീവ ദുഃഖിതനായിരിക്കയാണ് അദ്ദേഹം. എന്നോട് ദേഷ്യവുമുണ്ടാകാം. അദ്ദേഹം ദുഃഖമെല്ലാം മറന്ന് സന്തുഷ്ടനായിത്തീരണം. അങ്ങയുടെ അടുത്തുനിന്ന് മടങ്ങിച്ചെല്ലുന്ന എന്നെ അച്ഛന്‍ തിരിച്ചറിയുകയും സന്തോഷപൂര്‍വ്വം സംസാരിക്കുകയും വേണം. ഇതാണ് ഒന്നാമത്തെ വരമായി ഞാന്‍ ആവശ്യപ്പെടുന്നത്.”

“അങ്ങനെയാവട്ടെ.” യമന്‍ ഒന്നാമത്തെ വരം നല്കി.

“ഇനി രണ്ടാമത്തെ വരമായി എന്തു വേണം?”

“അല്ലയോ യമധര്‍മ്മരാജാവേ, ഭൂമിയിലുള്ള ജീവിതത്തെ അപേക്ഷിച്ച് സ്വര്‍ഗ്ഗജീവിതം വളരെ ശ്രേഷ്ഠമാണ്. ഈ ലോകത്ത് ജീവികള്‍ പലതരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. വിശപ്പ്, ദാഹം, രോഗം, വാര്‍ദ്ധക്യം, മരണം, പലവിധ ദുരിതങ്ങള്‍ എന്നിങ്ങനെ ക്ലേശങ്ങള്‍ ലോകത്ത് ഏറെയാണ്. ദുഃഖപൂര്‍ണ്ണമാണ് ഭൂമിയിലെ ജീവിതം. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ഈ വിധ ദുഃഖങ്ങളൊന്നുമില്ല. എല്ലാവരും അവിടെ സുഖമായി വസിക്കുന്നു. അങ്ങനെയുള്ള സ്വര്‍ഗ്ഗത്തില്‍ വസിക്കാന്‍ യാഗങ്ങളും ഹോമങ്ങളും അനുഷ്ഠിക്കേണ്ടുന്ന അഗ്നിവിദ്യ എനിക്കു പറഞ്ഞു തന്നാലും.”

“അങ്ങനെയാവട്ടെ.” യമന്‍ അഗ്നിവിദ്യ പറഞ്ഞുകൊടുത്തു. അതില്‍ നചികേതസ്സിന്റെ ശ്രദ്ധയും ശുഷ്കാന്തിയും പഠനസാമര്‍ത്ഥ്യവും കണ്ടറിഞ്ഞ യമധര്‍മ്മരാജാവ് വളരെയധികം സന്തുഷ്ടനായി. അദ്ദേഹം അരുളി ചെയ്തു.

“കുട്ടി, നിന്റെ ബുദ്ധിവൈഭവം എന്നെ സന്തുഷ്ടനാക്കിയിരിക്കുന്നു. വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ നിന്നെപ്പോലെ വേണം. നിനക്ക് പ്രത്യേകമായി ഒരു വരം കൂടി ഇതാ നല്‍കുന്നു. സ്വര്‍ഗ്ഗപ്രാപ്തിയ്ക്കുള്ള അഗ്നിവിദ്യ ഇന്നുമുതല്‍ ‘നചികേതാഗ്നി’ എന്നറിയപ്പെടും. വളരെ മനോഹരവും വിചിത്രവുമായ ഈ അപൂര്‍വ്വരത്നമാലയേയും നീ സ്വീകരിക്കുക. ഇതെന്റെ സമ്മാനമാണ്.”

യമന്‍ വിശിഷ്ടമായ തന്റെ രത്നമാല നചികേതസ്സിനു സമ്മാനിച്ചു. “ഇനി മൂന്നാമത്തെ വരം കൂടി ചോദിച്ചു കൊള്ളുക.”

“പ്രഭോ, മനുഷ്യന്‍ മരിച്ചു പോയാല്‍ പിന്നേയും എന്തോ ഒന്ന് അവശേഷിക്കുന്നുണ്ട് എന്നു ചിലര്‍ പറയുന്നു. ഒന്നും അവശേഷിക്കുന്നില്ലന്ന് വേറെ ചിലരുടെ അഭിപ്രായം. ഈ രണ്ട് അഭിപ്രായങ്ങളില്‍ ഏതാണ് സത്യമായിട്ടുള്ളത്? എന്റെ ഈ സംശയത്തിന് ഒരു പരിഹാരം അങ്ങ് എനിക്ക് ഉപദേശിക്കണം. ഇതാണ് ഞാനാഗ്രഹിക്കുന്ന മൂന്നാമത്തെ വരം.”

നചികേതസ്സിന്റെ ചോദ്യം യമനെ വല്ലാതെ വിസ്മയിപ്പിച്ചു. ഒരു കുട്ടിയില്‍ നിന്ന് ഇത്തരമൊരു ആഗ്രഹം ആരും ഒട്ടും തന്നെ പ്രതീക്ഷിക്കുകയില്ല. മരണാനന്തര രഹസ്യത്തെക്കുറിച്ചുള്ള ഇവന്റെ ജിജ്ഞാസ പ്രശംസനീയം തന്നെ. പക്ഷേ അതറിയുന്നതിനുള്ള യോഗ്യത ഇവനുണ്ടോ? എത്രയും പരമവും രഹസ്യവുമായിരിക്കുന്ന ആ സത്യങ്ങളെ പറഞ്ഞുകേട്ടാല്‍ ഇവനു മനസ്സിലാക്കാന്‍ കഴിവുണ്ടാകുമോ? ഒന്നു പരീക്ഷിക്കുക തന്നെ.

“നചികേതസ്സേ, നീ ഒരു ചെറിയ കുട്ടിയാണ്. നിന്റെ സംശയം അത്യന്തം സൂക്ഷ്മമാണ് ദേവന്മാര്‍ക്കുപോലും ഇക്കാര്യത്തില്‍ സംശയം തീര്‍ന്നിട്ടില്ല. നിന്നെപ്പോലൊരു കുട്ടിക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒരുകാര്യമല്ല ഇത്. അതുകൊണ്ട് ഈ വരത്തെ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും വരം ചോദിക്കൂ. തരാം.”

യമന്റെ വാഗ്ദാനം നചികേതസ്സിനെ തൃപ്തനാക്കിയില്ല.

“പ്രഭോ! ദേവന്മാര്‍ക്കുപോലും ഈ വിഷയത്തില്‍ സംശയം തീര്‍ന്നിട്ടില്ലെന്ന് അങ്ങ് പറയുന്നു. മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടുണ്ടുതാനും. എന്നാല്‍ ഇക്കാര്യം പറഞ്ഞു തരുവാന്‍ അങ്ങയെപ്പോലെ ശ്രേഷ്ഠനായ വേറൊരാളെ ഞാന്‍ കാണുന്നില്ല. മരണത്തിന്റെ ദേവനായ അങ്ങയെക്കാള്‍ യോഗ്യനായി മരണാനന്തരകാര്യങ്ങളെപ്പറ്റിയുള്ള സംശയം പരിഹരിക്കുവാന്‍ കാണുന്നില്ല. ഈശ്വരാനുഗ്രഹത്താല്‍ എനിക്ക് കിട്ടിയിരിക്കുന്ന ഈ സന്ദര്‍ഭം പാഴാക്കുകയില്ല. അതുകൊണ്ട് ഇതൊഴിച്ച് മറ്റുവരമൊന്നും ഞാന്‍ ചോദിക്കുന്നില്ല. എനിക്കാവശ്യവുമില്ല.”

ശ്രദ്ധയും ബുദ്ധിശക്തിയും കഴിവും സാമര്‍ത്ഥ്യവും അറിവുനേടാനുള്ള വ്യാകുലതയും ഉള്ളവര്‍ക്കുമാത്രമേ വിദ്യ സമ്പാദിക്കാനാകൂ. ശിഷ്യന്റെ ഈവിധ യോഗ്യതകള്‍ പരിശോധിക്കേണ്ടത് ഗുരുവിന്റെ കര്‍ത്തവ്യമാണ്. അയോഗ്യരില്‍ ഒരു വിദ്യയും വിളങ്ങുകയില്ല. പരമമായിരിക്കുന്ന രഹസ്യവിദ്യയെ ജിജ്ഞാസുവായ ഉത്തമശിഷ്യനല്ലാതെ ഗുരുക്കന്മാര്‍ ഉപദേശിക്കുകയില്ല. നചികേതസ്സിനെ ശരിക്കും പരീക്ഷിക്കുവാന്‍ യമധര്‍മ്മരാജാവ് നിശ്ചയിച്ചു.

“നചികേതസ്സേ, നിനക്ക് നൂറുവയസ്സുവരെ ജീവിച്ചിരിക്കുന്ന പുത്രന്മാരേയും പൗത്രന്മാരേയും തരാം. ആയിരക്കണക്കിന് പശുക്കളേയും കുതിരകളേയും ആനകളേയും തരാം സ്വര്‍ണ്ണം വെള്ളി തുടങ്ങി വിലയേറിയവ എത്ര വേണമെങ്കിലും സ്വീകരിച്ചുകൊള്ളുക. ഭൂമിയില്‍ വലിയൊരു സാമ്രാജ്യം വേണമെങ്കില്‍ അതും ആവശ്യപ്പെട്ടുകൊള്ളുക ഇതെല്ലാം അനുഭവിക്കാന്‍ എത്രകാലം നീ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയും കാലം ജീവിക്കുകയും ചെയ്യുക!”

“പ്രഭോ, ഇവയൊന്നും, എനിക്കാവശ്യമില്ല!”

“എങ്കില്‍ നീ ധാരാളം ധനവും ദീര്‍ഘായുസ്സും നേടുക. നിന്നെ വിശാലമായ ഒരു സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാക്കാം. മനുഷ്യലോകത്തില്‍ സുഖസാമഗ്രികളെപ്പറ്റി നിനക്ക് ആഗ്രഹമുണ്ടാകാം. അതെല്ലാം നീ വരമായി സ്വീകരിക്കുക. മനുഷ്യര്‍ക്ക് ഒരിക്കലും ലഭിക്കാത്ത ദിവ്യസുന്ദരിമാരെ, തേരിലേറ്റി വാദ്യഘോഷങ്ങളോടുകൂടി നിനക്ക് നല്‍കാം. ഇവരെല്ലാം നിന്നെ എന്നും പരിചരിച്ചുകൊണ്ടിരിക്കും. ഇങ്ങനെ നീ എത്രയും സുഖമായി ജീവിക്കുക. മരണത്തെപ്പറ്റിയുള്ള സംശയം വെടിയുക അതിനെപ്പറ്റി സംശയിക്കരുത്. അത്തരം ചോദ്യമോ വരമോ ആവശ്യപ്പെടരുത് ! ഏതൊരാഗ്രഹത്തെയും വിചാരമാത്രയില്‍ ഇഷ്ടം പോലെ അനുഭവിക്കാന്‍ കഴിവുള്ളവനാക്കി നിന്നെ മാറ്റാം.”

ഇങ്ങനെ പലവിധത്തില്‍ നചികേതസ്സിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും നചികേതസ്സ് അതിനൊന്നും വശപ്പെട്ടില്ല. അവന്‍ പറഞ്ഞു.

“അല്ലയോ യമധര്‍മ്മരാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദനസാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്നകാലത്ത് അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്ക് ദീര്‍ഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാന്‍ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല.”

“നചികേതസ്സേ, നിന്റെ മറ്റ് ഏതൊരാഗ്രഹവും ഞാന്‍ സാധിച്ചുതരാം.”

“പ്രഭോ, ഇതല്ലാതെ മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല. ധനം കൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുകയില്ല. വിഷമങ്ങളെ അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് വിരക്തിയും പ്രയാസമാണ്. സകലദേവന്മാര്‍ക്കും ബഹുമാന്യമായ അങ്ങയെ കണ്ടുമുട്ടിയ ഞാന്‍ ധന്യനാണ് ! അങ്ങനെ എനിക്ക് വേണമെങ്കില്‍ ധനവും ജീവിതകാലവും വേണ്ടത്ര നേടാനാകും. എന്നാല്‍ എനിക്കാവശ്യം ആയുസ്സിനും ധനത്തിനും ഉപരിയായ ആത്മജ്ഞാനം മാത്രമാണ്. പ്രഭോ! ജരാമരണങ്ങളില്ലാത്തവരും അനുഗ്രഹശക്തിയോടുകൂടിയവരുമായ അങ്ങയെപ്പോലെയുള്ള ദേവന്മാരുടെ മുമ്പിലെത്താന്‍ സാധിച്ചിട്ട്, പിന്നെ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമിയില്‍വച്ചു തന്നെ സാധിക്കുന്ന സ്വര്‍ണ്ണം, സ്ത്രീ, കുളി, പാട്ട്, വാഹനം, ഭൂമി മുതലായവയെ വരമായി സ്വീകരിക്കാമോ? ഒരിക്കലുമില്ല. മൃത്യുദേവ, മനുഷ്യജീവിതത്തില്‍ മഹത്തായ ഫലത്തെ പ്രദാനം ചെയ്യുന്ന പരലോകവിദ്യയെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും. ആ വിഷയത്തിലുള്ള എന്റെ സംശയങ്ങള്‍ ഇല്ലാതാക്കിയാലും.”

നചികേതസ്സ് തന്റെ നിശ്ചയത്തില്‍ ഉറച്ചുനിന്നു. എത്രതന്നെ ശ്രമിച്ചാലും ആത്മവിദ്യ സമ്പാദിക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് നചികേതസ്സ് പിന്മാറുകയില്ലെന്നറിഞ്ഞ യമധര്‍മ്മരാജാവ് അവനില്‍ സന്തുഷ്ടനായിത്തീര്‍ന്നു. പ്രലോഭനങ്ങളേയും പരീക്ഷണങ്ങളേയും അതിജീവിച്ച അവന്‍ ആത്മവിദ്യയ്ക്ക് അധികാരിയാണെന്ന് തെളിയിച്ചു. യമധര്‍മ്മരാജാവ് നചികേതസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ആത്മവിദ്യ പകര്‍ന്നു നല്‍കി അനുഗ്രഹിച്ചു. ശരീരാദികളില്‍ നിന്ന് വേര്‍തിരിക്കുന്നതും എന്നാല്‍ എല്ലാവരുടേയും അന്തര്യാമി ആയിരിക്കുന്നതും ഒരിക്കലും നാശമില്ലാത്തതുമായ ആത്മാവിന്റെ സ്വരൂപവും സത്യത്വവും നചികേതസ്സ് മനസ്സിലാക്കി. ശരീരം നശിക്കുമ്പോഴും ആത്മാവിന് നാശമില്ല. അവിനാശിയായ ആത്മാവ് അവശേഷിക്കുന്നു. എല്ലാവരുടേയും യഥാര്‍ത്ഥസ്വരൂപമായിരിക്കുന്നത് ആത്മാവാണ്. ജീവന്‍മാരുടെ ലക്ഷ്യം ആ ആത്മാവിനെ സാക്ഷാത്കരിക്കുകയുമാണ്. അതിന് ഗുരുക്കന്മാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. യമധര്‍മ്മരാജന്റെ ഉപദേശപ്രകാരം ഏകാഗ്രമനസ്സോടെ എല്ലാം ശ്രദ്ധയോടെ അഭ്യസിച്ചനവികേതസ്സിന് ആത്മസാക്ഷാത്ക്കാരം നേടാനായി.

ഓം തത് സത്
*അവലംബം – കഠോപനിഷത്ത്*

🙏🙏🙏🙏🕉🔥🕉🙏🙏🙏🙏
💦🔅💦🔅💦🔅💦🔅💦🔅💦


 *💥ആറന്മുള കണ്ണാടി💥*

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്നപ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി റ നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസംഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് [ൈ. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ഇതിന്റ  മറ്റൊരു പ്രത്യേകത  മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.

പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് ആറ് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. 
ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു.

600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രപുനർനിര്‍മാണത്തിനും പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് തിക്കിനാം പള്ളില്‍ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വബ്രാഹ്മണ സമൂഹത്തില്‍പെട്ടവരാണ് ഇവര്‍. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍ തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ് മടക്കി അയക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ പ്രീതിപ്പെടുത്താനായി ഇവര്‍ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത് പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍ ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ് പറയപ്പെടുന്നത്.
സാധാരണ കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിക്കും വിരലിനും ഇടയില്‍ കണ്ണാടിക്കനത്തിന്‍െറ വിടവുണ്ടാവും. ആറന്മുളക്കണ്ണാടിയിലാണ് തൊടുന്നതെങ്കില്‍ വിരലുകള്‍തമ്മില്‍ മുട്ടുംവിധമാവും അത്. ആറന്മുളക്കണ്ണാടിയാണോ എന്ന് തിരിച്ചറിയാന്‍ ഉതകുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മിതമാണെങ്കിലും നിലത്ത് വീണാല്‍ സാധാരണ കണ്ണാടിപോലെ ആറന്മുളക്കണ്ണാടിയും ഉടയും. അതാണ് ലോഹക്കൂട്ടിന്‍െറ പ്രത്യേകത. ഒന്നര ഇഞ്ചുമുതല്‍ ആവശ്യക്കാരുടെ താല്‍പര്യം അനുസരിച്ച് വലുപ്പമേറിയ കണ്ണാടികള്‍വരെ നിര്‍മിച്ചു നല്‍കും

ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിൽ വാൽക്കണ്ണാടി ഉപയോഗിച്ചു വരുന്നു.

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു.

 രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു. വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു. വൈദീക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണു
ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്. അനുപാതത്തിലെ നേരിയ പിഴവു പോലും കണ്ണാടിയെ വെറും ലോഹക്കഷണം മാത്രമാക്കും. പണിശാലകളിലെ രഹസ്യമുറിയിലാണ് ലോഹക്കൂട്ടിനുള്ള അനുപാതനിര്‍ണയം നടക്കുന്നത്. അവിടം നിരോധിത മേഖലയാണ്. നിര്‍മിക്കേണ്ട കണ്ണാടികളുടെ എണ്ണവും വലുപ്പവും കണക്കാക്കി ചെമ്പും വെളുത്തീയവും അനുപാതം അനുസരിച്ച് ത്രാസില്‍ തൂക്കിയെടുത്ത് ചെറുകഷണങ്ങളാക്കി പണിക്കാര്‍ക്ക് ഉരുക്കാന്‍ നല്‍കും. പണിശാലയുടെ ഉടമയാണ് തന്ത്രപ്രധാനമായ ഈ രഹസ്യകൃത്യം നടത്തുന്നത്. പണിക്കാര്‍ക്ക്, ലോഹക്കഷണങ്ങള്‍ ഉരുക്കി അച്ചിലൊഴിച്ച് ഉറയുമ്പോള്‍ ഉരച്ച് മിനുക്കിയെടുക്കുന്ന പണിയാണുള്ളത്.🙏
ഗജേന്ദ്രമോക്ഷം

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 സ്വയംഭൂവായ മനുവിന്റെ വംശത്തിലുണ്ടായ ഇന്ദ്രദ്യുമ്ന രാജാവ് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നു. വിഷ്ണുഭക്തനായ ഇദ്ദേഹം വാര്‍ധക്യമായപ്പോള്‍ മൂത്തമകനു രാജ്യം നല്കി, മലയാദ്രിയില്‍ തപസ്സിനുപോയി. ഒരുദിവസം ധ്യാനനിഷ്ഠനായിരിക്കേ അഗസ്ത്യമഹര്‍ഷി വന്നത് ഇന്ദ്രദ്യുമ്നന്‍ അറിഞ്ഞില്ല. തന്നെ നിന്ദിച്ചുവെന്നു ധരിച്ച് മഹര്‍ഷി ഇന്ദ്രദ്യുമ്നനെ ആനയായിപ്പോകട്ടെ എന്ന് ശപിച്ചു. രാജാവ് ശാപമോക്ഷത്തിനായി പ്രാര്‍ഥിച്ചു. വിഷ്ണു അവതരിച്ച് ആനയെ തലോടുമ്പോള്‍ മോക്ഷം പ്രാപിക്കുമെന്ന് അരുളിച്ചെയ്തിട്ട് അഗസ്ത്യന്‍ മറഞ്ഞു. ആനയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്നന്‍ അനേകവര്‍ഷം കാട്ടില്‍ അലഞ്ഞുനടന്നു. ഒരിക്കല്‍ ത്രികൂടാചലത്തിലെ സരസ്സില്‍നിന്നു വെള്ളം കുടിക്കുമ്പോള്‍ ഒരു മുതല ആനയുടെ കാലില്‍ പിടികൂടി. പിടി വിടുവിക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. ആയിരം വര്‍ഷം ആനയ്ക്ക് അതേ നിലയില്‍ നില്ക്കേണ്ടി വന്നു. ഇന്ദ്രദ്യുമ്നന്‍ വിഷ്ണുഭജനവും തുടങ്ങി. (ഇന്ദ്രദ്യുമ്നനെ പിടികൂടിയ മുതല ശാപവശഗനായ ഹൂഹൂ എന്ന ഗന്ധര്‍വനായിരുന്നു. അയാള്‍ കുറെ അപ്സരസ്ത്രീകളുമായി ആ സരസ്സില്‍ കുളിക്കുമ്പോള്‍ തൊട്ടടുത്ത് തപസ്സു ചെയ്തിരുന്ന ദേവലന്‍ എന്ന മഹര്‍ഷിക്ക് ശല്യമായി. ഗന്ധര്‍വന്‍ മുതലയായിപ്പോകട്ടെ എന്ന് ദേവലന്റെ ശാപമുണ്ടായി. ഈ മുതലയാണ് ഗജേന്ദ്രനെ പിടികൂടിയത്.)
വിഷ്ണു പ്രത്യക്ഷനായി ചക്രായുധംകൊണ്ട് മുതലയെക്കൊന്ന് ഗജേന്ദ്രനെ രക്ഷിച്ചു. വിഷ്ണുവിന്റെ കരസ്പര്‍ശമേല്ക്കേ ആന ഇന്ദ്രദ്യുമ്നനായി മാറി മോക്ഷം പ്രാപിച്ചു. ഹൂഹൂ എന്ന ഗന്ധര്‍വനും അതുപോലെ മോക്ഷം കിട്ടി. (ഭാഗവതം അഷ്ടമസ്കന്ധത്തില്‍ ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം).

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
🔱❉നിര്‍മ്മാല്യവും വാകച്ചാര്‍ത്തും❉🔱


"നിര്‍മ്മാല്യം" അതിന്റെ പദപ്രയോഗം കൊണ്ടും "വാകച്ചാര്‍ത്ത്" അതിന്റെ ഉദ്ദേശ്യലക്ഷ്യം കൊണ്ടും മനുഷ്യമനസ്സിലെ പാപവാസനയെ കഴുകി നിര്‍മ്മലമാക്കുന്നതാണ്.
എല്ലാവരും കരുതുന്നത് നിര്‍മ്മാല്യം മലിനതകളില്ലാത്ത നിര്‍മ്മലമായ പ്രഥമദര്‍ശനം എന്നാണ്. അഥവാ ആദ്യമായി ശ്രീകോവില്‍ തുറക്കുമ്പോള്‍ നാം ബിംബത്തെ കാണുകവഴി നമ്മുടെ മലിനതകള്‍ ഇല്ലാതാവുന്നു എന്നാണ്.

എന്നാല്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ നിര്‍-മാല്യം എന്നാല്‍ മാലകളും ചാര്‍ത്തുകളുമെല്ലാമഴിച്ചുമാറ്റി പൂര്‍ണ്ണബിംബം തനിയേ കാണുന്നതാണ് നിര്‍മ്മാല്യം.
ആദ്യത്തെ ദര്‍ശനത്തിന് നടതുറപ്പ് എന്നാണ് സാധാരണ പറയുന്നത്.

ഈ നട തുറക്കുമ്പോള്‍ തലേദിവസത്തെ അത്താഴപൂജയും ശയനവും കഴിഞ്ഞ് ദേവന്‍ ഉറക്കത്തില്‍ നിന്നുണരുന്ന ഉറക്കച്ചടവോടെ ഇരിക്കുകയാണ്.

ദേവനെ/ദേവിയെ ഉറക്കിയ യോഗനിദ്രാശക്തി വിട്ടുമാറുന്നതേയുള്ളൂ. ശംഖിന്റെയും മണിനാദത്തിന്റെയും ഒപ്പം പൂജാരി നട തുറക്കുമ്പോള്‍ തലേന്നു ചാര്‍ത്തിയ മാല്യാഭരണങ്ങള്‍ ഒരു മയക്കത്തിന്റെയോ വാടലിന്റെയോ പ്രതീതിയില്‍ നില്‍ക്കുകയാണ്.

സൃഷ്ടിയുടെ ആരംഭത്തിനു മുമ്പുള്ള ബ്രഹ്മത്തിന്റെ സഗുണനിരാകാരഭാവമാണ് അഥവാ വ്യക്താവ്യക്തരൂപമാണിവിടെ.
ഇവിടെ മാലിന്യങ്ങള്‍ പ്രകൃതിയുടെ ആവരണമാണ്.
പ്രഥമ ദര്‍ശനസമയത്ത് വേദസൂക്തങ്ങള്‍ ജപിച്ചുകാണ്ടുവേണം തൊഴാന്‍ എന്നാണ്. മാത്രമല്ല ദര്‍ശനം ചെയ്യുന്നവര്‍ കൈയ്യില്‍ പൂക്കളേന്തി സ്വാഗതാര്‍ഹം ശ്രീകോവില്‍പ്പടിയിലേക്ക് ഇടുകയും വേണം.
(ഇത് പലേടത്തും നടത്താറേയില്ല.)

ക്ഷേത്രം തുറന്ന് പൂജാരി ദേവചൈതന്യത്തെ ഉണര്‍ത്തി ഉത്ഥാപനം ചെയ്യുന്നു .
(അതില്‍ ഉത്തിഷ്ഠ എന്ന വാക്കുണ്ട്. ഹേ ദേവാ ഉണരൂ. കര്‍മ്മത്തിനു തയ്യാറാകൂ എന്നതത്രേ.)
ഉത്ഥാപനത്തിനുശേഷം സ്വാഗതം, ആസനം, ശോധനം, പാദ്യര്‍ഘ്യാചമനീയങ്ങള്‍.

ശേഷം സ്‌നാനശാലയിലേക്ക് പ്രവേശനം.
വസ്ത്രാഭൂഷണാദിമോചനം അഥവാ വസ്ത്രം, ആഭരണം, പുഷ്പമാല്യം ഇവ മാറ്റല്‍.
ഇതാണ് "നിര്‍മ്മാല്യദര്‍ശനം"*.
മാലകള്‍ നീക്കികഴിയുമ്പോള്‍ പൂര്‍ണ്ണബിംബതേജസ്സ് കാണുന്നു. ദേഹം പൂര്‍ണ നഗ്നമാണ് എന്നു സങ്കല്‍പം. ബ്രഹ്മം മറകൂടാതെയിരിക്കുമ്പോള്‍ ചൈതന്യം കൂടുതല്‍ പ്രസരിക്കുകയാണ്. ആകയാല്‍ നിര്‍മ്മാല്യദര്‍ശനം പുണ്യമാണ്.

അവ്യക്താവസ്ഥയില്‍ നിന്നും സഗുണനിരാകാരാവസ്ഥയില്‍ നിന്നും നിര്‍ഗ്ഗുണസാകാര അവസ്ഥയിലേക്ക്, അഥവാ ഗുണമുണ്ട് രൂപമില്ല എന്ന അവസ്ഥയിലേക്ക് ബ്രഹ്മം വ്യക്തമാക്കപ്പെടുകയാണ്.
പിന്നീടുവേണം സൃഷ്ടിക്കുവേണ്ടി ഗുണവും രൂപവുമുള്ളവനാകാന്‍. ദേവനെ അങ്ങനെയാക്കലാണ് വാകച്ചാര്‍ത്തും സ്‌നാനവും.
സ്‌നാനാര്‍ത്ഥം എണ്ണയാടുന്നു. സാധാരണ എള്ളെണ്ണയാണുപയോഗിക്കുന്നത്. എണ്ണ വീഴുമ്പോഴേക്കും ബിംബം കൂടുതല്‍ തേജസ്സാര്‍ന്നുവരുന്നു. ഈ എണ്ണയെ കളയുവാനുള്ള ദ്രവ്യമത്രേ വാകപ്പൊടി. പയറുപൊടിയും ഉപയോഗിക്കും.
നെന്മേനി വാക എന്ന അത്യുത്തമ വൃക്ഷത്തിന്റെ ഇലയാണ് പൊടിച്ചെടുക്കുന്നത്. അതാണ് നെന്മേനിവാകച്ചാര്‍ത്ത്. സാധാരണ വാകയിലയാണെങ്കില്‍ വാകച്ചാര്‍ത്ത്.

എണ്ണ പുരട്ടിയ ശിലയിലേക്ക് വാകപ്പൊടി നന്നായി വിതറുന്നു. അതൊരു മനോഹരമായ കാഴ്ചയാണ്. ശേഷം ഇഞ്ചയുപയോഗിച്ച് മെഴുക്കിളക്കി കഴുകിക്കളയുന്നു.

➖➖➖➖➖➖➖➖
*എത്ര തിരിയിട്ട് വിളക്ക് കൊളുത്തണം?*

ഏകവർത്തിർമ്മഹാവ്യാധിർ-
ദ്വിവർത്തിർമ്മഹദ്ധനം:
ത്രിവർത്തിർമ്മോഹമാലസ്യം
ചതുർവ്വർത്തിർദ്ദരിദ്രതാ
പഞ്ചവർത്തിസ്തു ഭദ്രം സ്യാ -
ദ്വിവർത്തിസ്തു സുശോഭനം.

ഒരു തിരിയിട്ട് വിളക്ക് കത്തിച്ചാൽ രോഗം ഫലം, രണ്ട് തിരിയിട്ട് കത്തിച്ചാൽ ധനലാഭം, മൂന്ന് തിരിയിട്ട് കത്തിച്ചാൽ കുടുംബത്തിൽ അലസത, നാല് തിരി ദാരിദ്ര്യം ഉണ്ടാക്കും അഞ്ച് തിരി ഐശ്വര്യമുണ്ടാക്കും.
എന്നാണ് ആചാര്യൻമാർ പറഞ്ഞിട്ടുള്ളത്...

ഒരു തിരിയിട്ട് കത്തിച്ചാൽ രോഗം വരുമോ എന്ന് ചോദിച്ചാൽ.. ഇല്ല. കത്തിച്ചില്ലെങ്കിലും രോഗം വരില്ല. വിളക്ക് കത്തിക്കാത്ത എത്രയോ ഭവനങ്ങൾ ഉണ്ട്. നിത്യവും രണ്ടോ അഞ്ചോ തിരിയിട്ട് വിളക്ക് കത്തിക്കുന്ന ഭവനങ്ങളിലും രോഗങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നില്ലേ.. പിന്നെ എന്തിനാണ് പണ്ടുള്ളവർ ഇങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചാൽ... എന്തെങ്കിലും കാര്യമുണ്ടാവും എന്നേ ഉത്തരമുള്ളൂ.

എങ്ങനെ തിരിയിടണം.?
രണ്ട് തിരിയിടുന്നതാണ് നല്ലത്. ഒന്ന് കിഴക്കോട്ടും ഒന്ന് പടിഞ്ഞാറും ഇട്ട് കത്തിക്കണം.
(ഒരു തിരി മാത്രമിട്ടാൽ ഒരു ഭാഗത്ത് നിഴല് വരും.. 2 തിരിയിട്ട് കത്തിച്ചാൽ എല്ലാ ഭാഗത്തും പ്രകാശം എത്തും)

അഞ്ച് തിരിയിട്ടാണ് കത്തിക്കുന്നതെങ്കിൽ.. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗത്തേക്ക് ഓരോ തിരിയും വടക്ക് കിഴക്കായി ഒരു തിരിയും ഇട്ട് കത്തിക്കണം.

സന്ധ്യാ ദീപം കാണുമ്പോൾ ഉള്ള പ്രാർത്ഥനാ ശ്ലോകം:

"ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർധനം
മമ ദു:ഖവിനാശായ
സന്ധ്യാദീപം നമോ നമ"
(ശത്രു വിനാശായ എന്നും കണ്ടിട്ടുണ്ട് )

ഏത് എണ്ണ?
വീടുകളിൽ എള്ളെണ്ണ ഉത്തമം.. നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാം.

നിലത്ത് വെക്കാമോ?
പാടില്ല എന്ന് പറയുന്നു.. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നിലവിളക്ക് പലകയിലോ താലത്തിലോ വെക്കാം.

തിരിവയ്ക്കുവാൻ വെട്ടില്ലാത്ത ഒഴുക്കൻ വിളക്കാണ് വേണ്ടത്. കൃത്യമായ അകലത്തിൽ വെട്ട്, നാക്ക് ഉള്ള വിളക്ക് ലക്ഷണയുക്തം അല്ല. തിരിയിടുമ്പോൾ ദിക്കു തിരിക്കാൻ വെട്ടില്ലാത്ത വിളക്കിൽ എളുപ്പമാകും. വിശേഷ ദിവസങ്ങളിൽ 5, 7,9, ഇങ്ങനെ തിരിയിട്ടു കത്തിയ്ക്കാം. എന്തായാലും രണ്ടു തിരിയാണ് കൂടുതൽ വൃദ്ധികരം.

ഇനി അൽപം ജോതിഷ കാര്യം:

സ്നേഹോയ സ്യേഹ ദേഹോ ഭവതി = എണ്ണ -ദ്ദേഹമായി ഭവിക്കുന്നു
പാത്രം ഗേഹം = വിളക്കിലെ എണ്ണ കൊള്ളുന്ന പാത്രം/വിളക്ക് വീടിനെ പ്രതിനിധാനം ചെയ്യുന്നു
തദുദ രേവർത്തി നീ വർത്തി രാത്മാ = അതിനുള്ളിൽ വർത്തിക്കുന്ന വർത്തി / തിരി - ആഗൃഹത്തിലെ ആത്മാക്കളെ / അംഗങ്ങളെ പ്രതിനിധീകരിക്കുന്നു
 ജ്വാലാ ചായു-ജ്വാല ആയുസ്സിനെയും
തദീയേ വിമലമലിന തേ സൗഖ്യ ദു:ഖേ ക്രമേണ = അതിലെ വിമല,മലിനതകൾ ക്രമേണ സുഖദു:ഖങ്ങളയും
 (എണ്ണയിലെത്- ദേഹത്തിന്റെയും, തിരിയുടെ ആളുകളുടെ സ്വഭാവ ഗുണം തുടങ്ങിയവയും, പാത്രത്തിന്റെത് വീടിന്റെയും എന്നിറയണം )
മൃദു പരുഷ ഗുണൗ= മന്ദമാരുതനും ശക്തമായ
സമീര =കാറ്റുകൾ
ബന്ധു ശത്രുസ്വരൂപാ:
പ്രഷ്ടു:- പ്രഷ്ടാവിന്റെ
വൃത്തം = കഥകളെ / അനുഭവങ്ങളെ
ദേവതാത്മാ = ദേവതാത്മാവായ
സദീപ: = ആ ദീപം
പ്രായേണ = മിക്കവാറും
പിശു നയതി=
സൂചിപ്പിക്കുന്നു
പ്രശ്ന സ്ഥലത്തെവിളക്ക് നോക്കി
(ഇത് ജ്യോൽസ്യന്മാർക്ക് ഫലം പറയാനാണ്)

നിത്യമായി കിഴക്കോട്ടും പടിഞ്ഞാട്ടും ഓരോ തിരിയിട്ട് കത്തിക്കാം

സാധാരണ സന്ധ്യ കഴിഞ്ഞാൽ വിളക്കു വീശി കെടുത്തി ലോകാഗ്നിയാക്കണം (എണ്ണയിൽ മുക്കി അണക്കരുത്. താഴോട്ട്അടിച്ച് കെടുത്തുകയും അരുത്

തൂക്കവിളക്കിനും ഇപ്പറഞ്ഞതൊക്കെ ബാധകം. തൂക്ക് വിളക്ക് സാധാരണയായി വീടുകളിൽ ഉപയോഗിച്ച് കാണാറില്ല. ഉപയോഗിക്കുന്നത് കൊണ്ട് ദോഷവുമില്ല.
ക്ഷേത്രപാലകൻ

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

ഗ്രാമങ്ങളും നഗരങ്ങളും രക്ഷിക്കാന്‍ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹമാണ് ക്ഷേത്രപാലകൻ. ശിവന്റെ അംശമാണ് ഈ ദേവനെന്ന് സങ്കല്പിക്കപ്പെടുന്നു. മൂന്നുകണ്ണുള്ള ഒരു വലിയ വിഗ്രഹമാണിത്. സാത്വികവും രാജസവും താമസവുമായ രൂപങ്ങളുണ്ട്. രണ്ടോ നാലോ ആറോ എട്ടോ കൈകളുള്ള രൂപങ്ങള്‍ ചിലയിടങ്ങളില്‍ കാണാം. ക്ഷേത്രപാലന്മാര്‍ കൈയില്‍ ശൂലമേന്തിക്കൊണ്ട് നില്ക്കുന്നവരായി പ്രതിഷ്ഠിക്കപ്പെടണമെന്ന് അഗ്നിപുരാണത്തില്‍ (51-ാം അ.) പറയുന്നു.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
*ശിശുവിൻറെ നാവിൽ എന്തിനാണ് നമ്മൾ*
 *ഓം  🕉* *എന്നെഴുതുന്നത് ?*

 *ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ?*

 *ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?*


   *ശിശുവിൻറെ നാവിൽ ' ഓം  ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ  ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു*

 തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം.''
 *നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം*.

*ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം.*

ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.

*ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്*.


ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്.

 *ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്.  ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.*

     *കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു.  കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു*. 

*മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച്  പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്,  ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം*.

*കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ്  നൽകേണ്ടത് എന്നും പറയുന്നു.*

 കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു.  ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു.
കോസലം

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

ഇന്ത്യയിലെ 16 പ്രാചീന മേഖലകളില്‍ ഒന്നാണ് കോസലം. ഗൗതമബുദ്ധന്റെ കാലത്തിനും മുമ്പ് ഭാരതത്തില്‍ പ്രാബല്യത്തിലിരുന്ന ഒരു ജനപദമാണിത്. 'കോശലം' എന്നും പരാമര്‍ശിക്കപ്പെട്ടുകാണുന്നു. പാണിനിയുടെ അഷ്ടാധ്യായി, ഭാഗവതപുരാണം, വിഷ്ണുപുരാണം, രാമായണം, മഹാഭാരതം ബുദ്ധമതതത്ത്വങ്ങളുള്‍ക്കൊള്ളുന്ന ത്രിപിടകം എന്നീ മഹദ്ഗ്രന്ഥങ്ങളിലൊക്കെ കോസലത്തെപ്പറ്റി പരാമര്‍ശമുണ്ട്. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ കോസലത്തെ സരയൂനദീതീരത്തുള്ള ധനധാന്യസമ്പന്നമായ മഹാജനപദമായി വിവരിക്കുന്നു. ഭാരതഖണ്ഡത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത്, ആര്യാവര്‍ത്തത്തിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ഇത്. പശ്ചിമ പാഞ്ചാലം, കിഴക്ക് സദാനീരാനദി, വിദേഹരാജ്യം, തെക്ക് തമസാ ഗോമതി-സ്യന്ദികാനദികള്‍ സംഗമിച്ചുണ്ടായിട്ടുള്ള ജലാശയം എന്നിവയായിരുന്നു കോസലത്തിന്റെ അതിര്‍ത്തികള്‍. തെക്കേ അതിര് ഭാഗികമായി ഗംഗാനദിയോളം വ്യാപിച്ചിരുന്നു. ബുദ്ധകാലഘട്ടത്തിലെ ശാക്യ-മല്ല-കോലിയ-മൌര്യസാമ്രാജ്യങ്ങളിലോരോന്നും കോസലവുമായി അതിര്‍ത്തി പങ്കിട്ടിരുന്നു. അയോധ്യ (സാകേതം), ശ്രാവസ്തി, കപിലവാസ്തു, സേതവ്യ, രാമഗ്രാമം, പിപ്പലിവനം, കുശിനാരാ, പാവാ എന്നിവയായിരുന്നു രാജ്യത്തെ മുഖ്യ നഗരാധിവാസങ്ങള്‍. സരയൂ, കുകുസ്ഥം (ഘാഘി), മഹി, സുന്ദരിക (സ്യന്ദിക), ബാഹുക എന്നിവയാണ് കോസലത്തെ പ്രധാന നദികള്‍. മഹാവനം, ജേതവനം, അന്ധകവനം, കണ്ടകവനം എന്നീ വിസ്തൃതങ്ങളായ ഘോരവനങ്ങള്‍ കോസലത്തിലുണ്ടായിരുന്നു.
'സൂര്യ'രാജവംശ ചരിത്രത്തില്‍ കോസലത്തിന്റെ സ്ഥാനം അതിപ്രധാനമാണ്. മനുപുത്രനായ ഇക്ഷ്വാകുവിലാണ് ഈ പരമ്പരയുടെ തുടക്കം. അയോധ്യ ആസ്ഥാനമാക്കി ഭരണമാരംഭിച്ച ഇദ്ദേഹം തന്റെ സാമ്രാജ്യം ഏറെ വിപുലീകരിച്ചു. മനു പണികഴിപ്പിച്ചതാണ് കോസലനഗരം. ഇതിന് 12 യോജന നീളവും മൂന്ന് യോജനവീതിയുണ്ടായിരുന്നു. ഇക്ഷ്വാകുവിന്റെ പൗത്രന്മാര്‍ മേരുവിനും വടക്ക് അധിനിവേശം വ്യാപിപ്പിച്ചതായി പുരാണങ്ങളില്‍ സൂചനയുണ്ട്. സൂര്യവംശചക്രവര്‍ത്തിയായിരുന്ന മാന്ധാതാവിന്റെ പുത്രന്‍ പുരുകൃസ്നന്റെ കാലത്ത് കോസലത്തിന്റെ അതിര്‍ത്തി തെക്ക് നര്‍മദാ നദിയോളം വ്യാപിച്ചിരുന്നു. എന്നാല്‍ പുരുകൃസ്നന്റെ പിന്‍ഗാമികളുടെ കാലം കോസലത്തിന് അധഃപതനത്തിന്റെയും അരാജകത്വത്തിന്റെയും നാളുകളായിരുന്നു. തെക്കുനിന്നുള്ള ഹേഹയ രാജാക്കന്മാരായ കൃതവീര്യന്റെയും കാര്‍ത്തവീര്യാര്‍ജുനന്റെയും ആക്രമണത്തില്‍ ഉത്തരേന്ത്യയിലെ ഇതര രാജ്യങ്ങളോടൊപ്പം കോസലത്തിന്റെ പ്രതാപത്തിനും മങ്ങലേറ്റു; വനത്തിലേക്കോടിപ്പോയ കോസലരാജാവ് അപമൃത്യുവിനിരയായി. എന്നാല്‍ ഇദ്ദേഹത്തിന്റെ പുത്രനായിരുന്ന സഗരന്‍, രാജ്യം വീണ്ടെടുക്കുകയും അശ്വമേധയാഗം നടത്തി തന്റെ ശക്തി ഉറപ്പിക്കുകയും ചെയ്തു. രൂക്ഷമായ വരള്‍ച്ചയും ക്ഷാമവുംമൂലം വലഞ്ഞ കോസലവാസികളുടെ രക്ഷയ്ക്കായി സഗരപുത്രനായ ഭഗീരഥനാണ് ഗംഗയെ വഴിമാറ്റിക്കൊണ്ടുവന്ന് കോസലത്തിലൂടെ ഒഴുക്കിയത് എന്നാണ് വിശ്വാസം.
ഭഗീരഥന്റെ പിന്‍മുറക്കാരില്‍ പ്രശസ്തനായിരുന്ന രഘുവിന്റെ പൗത്രനായ ദശരഥന്റെ കാലത്ത് കോസല രാജധാനിയായിരുന്ന അയോധ്യ ഏത് ആധുനിക നഗരത്തോടും കിടപിടിക്കാന്‍പോന്നവിധം പരിഷ്കൃതമായിരുന്നതായാണ് വാല്മീകിരാമായണം പ്രസ്താവിക്കുന്നത്. ശ്രീരാമന്റെ ഭരണകാലം കോസലത്തിന്റെ സുവര്‍ണകാലഘട്ടമായി കരുതപ്പെടുന്നു. രാമന്‍, തന്റെയും സഹോദരന്മാരുടെയും പുത്രന്മാര്‍ക്ക് രാജ്യം തുല്യമായി പങ്കിട്ടു നല്കിയതോടെ കോസലസാമ്രാജ്യം ഇല്ലാതായി.
മഹാഭാരതകാലത്തെ കോസലരാജാവായിരുന്ന ബൃഹദ്വലന്‍ കൗരവപക്ഷത്തുചേര്‍ന്ന് യുദ്ധം ചെയ്യവേ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടതായി പ്രസ്താവിച്ചിരിക്കുന്നു. ഗൗതമബുദ്ധന്റെ കാലത്തിനു തൊട്ടുമുമ്പുള്ള ശതകങ്ങളില്‍ രാജ്യവിസ്തൃതി ലാക്കാക്കി ഉത്തരഭാരതത്തിലെ 16 ജനപദങ്ങളും പരസ്പരം കലഹിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തുപോന്നു. ഈ മത്സരങ്ങളില്‍ അന്തിമവിജയം മഗധയ്ക്കായിരുന്നു. പ്രസേനജിത്തിന്റെ ഭരണകാലത്ത് കോസലം സാമാന്യമായ വ്യാപ്തിയും അഭിവൃദ്ധിയും നേടിയിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ശാക്യന്മാരെ കൂട്ടക്കൊലചെയ്തത് സമീപരാജ്യങ്ങളുടെ ശത്രുത ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് കോസലത്തിന്റെ അധീനദേശങ്ങള്‍ ഒന്നൊന്നായി ആക്രമണകാരികള്‍ കൈവശപ്പെടുത്തുകയും കോസലത്തിന്റെ സ്വതന്ത്രരാജ്യമെന്ന പദവിപോലും താമസംവിനാ നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇവിടം നന്ദ-മൗര്യ-ശൃംഗ-ഗുപ്ത-ഹര്‍ഷ-പ്രതീഹാരസാമ്രാജ്യങ്ങളുടെ അധീനപ്രദേശമായിക്കഴിഞ്ഞു.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം
കൗസല്യ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഉത്തരകോസലത്തിലെ രാജാവായ ഭാനുമാന്റെ പുത്രിയാണ് കൗസല്യ. ഇക്ഷ്വാകു വംശരാജാവായ ദശരഥന്റെ പ്രഥമ പത്നിയും ശ്രീരാമന്റെ മാതാവുമാണ്.
കൗസല്യയില്‍ ദശരഥന് ശാന്ത എന്ന പുത്രി ജനിച്ചു. അതിനുശേഷം വളരെക്കാലം ദശരഥന് സന്താനഭാഗ്യമുണ്ടായില്ല. പുത്രലാഭത്തിനായി രാജാവ് കൈകേയിയെ ദ്വിതീയ പത്നിയായി വരിച്ചെങ്കിലും ഫലം സിദ്ധിക്കാത്തതിനാല്‍ നിരാശനായിത്തീര്‍ന്ന രാജാവ് മൂന്നാമത് സുമിത്രയെ ക്കൂടി പരിണയിച്ചു. എന്നിട്ടും പുത്രഭാഗ്യം ലഭിച്ചില്ല. പുണ്യകര്‍മങ്ങള്‍ പലതും ചെയ്തു നോക്കി. ഒടുവില്‍ പുത്രകാമേഷ്ടി യാഗം നടത്തിയതിന്റെ ഫലമായി കൗസല്യയില്‍ ശ്രീരാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്മണ-ശത്രുഘ്നന്മാരും ജനിച്ചു.
ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ തീരുമാനിച്ചപ്പോള്‍ കൗസല്യയുടെ ഹൃദയം അഭിമാനപൂരിതമായി. പക്ഷേ, ആഹ്ളാദം അധികനേരം നീണ്ടു നിന്നില്ല. കൈകേയിയുടെ ദുശ്ശാഠ്യത്തിനു വഴങ്ങി രാജാവ് രാമനെ വനവാസത്തിനു നിയോഗിച്ചു. കൗസല്യയ്ക്ക് രാമനോടുള്ള സ്നേഹവും വാത്സല്യവും അളവറ്റതായിരുന്നു. പരമസാധ്വിയായ കൗസല്യ ദുസ്സഹമായ പുത്രവിയോഗം ഏറെക്കാലം അനുഭവിക്കുകയുണ്ടായി.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

സോപാന സംഗീതം


  നമ്മുടെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി മൂന്ന്, അഞ്ച്, ഒമ്പത്, പത്ത്  എന്നീ ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര മതിൽ കെട്ടിനകത്തെ വേദിയിൽ സോപാന സംഗീത സദസ് ഉണ്ടല്ലോ. അതു കൊണ്ടു തന്നെ കുറച്ചു കാര്യങ്ങൾ കൊട്ടിപ്പാടി സേവ അഥവാ സോപാന സംഗീത മെന്നതിനെ കുറിച്ച് ചേർക്കുകയാണ്.

വാദ്യം വായിച്ചും സ്തോത്ര കീര്‍ത്തനങ്ങള്‍ പാടിയും ദേവീദേവന്മാരെ സേവിക്കുന്ന സമ്പ്രദായമാണ് കൊട്ടിപ്പാടി സേവ. ഇതിന് ഇടയ്ക്ക എന്ന വാദ്യമാണ് വായിക്കാറുള്ളത്. അതതു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാമൂര്‍ത്തികളായ ദുര്‍ഗ, ഭദ്രകാളി, ശിവന്‍, വിഷ്ണു, ശാസ്താവ് മുതലായ ദേവീദേവന്മാരെക്കുറിച്ച് ഭക്തകവികള്‍ നിര്‍മിച്ചിട്ടുള്ള സ്തുതികളും കീര്‍ത്തനങ്ങളുമാണ് പാടുന്നത്. ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ എന്നു തന്നെ ചില ദിക്കില്‍ പറയാറുണ്ട്.
 ചെണ്ട, ഇടയ്ക്ക, ചേങ്ങില, പാണി, ശംഖ് ഇവയാണ് ക്ഷേത്രങ്ങളിലെ പ്രധാന വാദ്യങ്ങള്‍. പൂജക്കൊട്ടിന് ചെണ്ടയോ ഇടയ്ക്കയോ വേണം. ചേങ്ങില താളത്തിനുള്ളതാണ്. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ദീപാരാധനയുടെ അവസാനത്തിലും ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിലും അതുപോലുള്ള ചില അപൂര്‍വ സന്ദര്‍ഭങ്ങളിലും ശംഖു വിളിക്കുന്നു. ശ്രീഭൂതബലിക്ക് പാണികൊട്ടുക പ്രധാനമാണ്.
മാരാന്മാരുടെ മുഖ്യവാദ്യം ചെണ്ടയാണെങ്കിലും പൂജക്കൊട്ടില്‍ ഇടയ്ക്കയ്ക്കു പ്രാധാന്യം കൂടും. ഗുരുവായൂര്‍ മുതലായ ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ കഴിഞ്ഞിട്ടേ മേളം പതിവുള്ളൂ.
കൊട്ടുന്ന ആള്‍തന്നെ പാടുന്നു എന്നുള്ളത് കൊട്ടിപ്പാടിസ്സേവയുടെ പ്രത്യേകതയാണ്. ഒരാള്‍ കൊട്ടുകയും മറ്റൊരാള്‍ ചേങ്ങിലയില്‍ താളം പിടിച്ചു പാടുകയും ചെയ്യുന്ന പതിവും ഉണ്ട്.
താളങ്ങളുടെയും രാഗങ്ങളുടെയും കാര്യത്തില്‍ ചില സമയവ്യവസ്ഥകളും മറ്റുമുണ്ട്. അതിപ്രസിദ്ധങ്ങളായ ചില താളങ്ങളും രാഗങ്ങളും മാത്രമേ കൊട്ടിപ്പാടിസ്സേവയ്ക്ക് ഉപയോഗിക്കാറുള്ളൂ. 'നളത്ത്' എന്ന പഴയൊരു രാഗം കൊട്ടിപ്പാടിസ്സേവയില്‍ നിലനിന്നുകാണുന്നുണ്ട്.
ആദ്യം കൂറു കൊട്ടി ഗണപതിയെയും സരസ്വതിയെയും കുറിച്ചുള്ള മംഗളഗാനങ്ങള്‍ പാടിയതിനു ശേഷം അതതു ക്ഷേത്രത്തിലെ ദേവീദേവന്മാരെക്കുറിച്ചുള്ള സ്തുതികള്‍ പാടുന്നു. അഷ്ടപദി ഗീതങ്ങള്‍ക്ക് കൊട്ടിപ്പാടിസ്സേവയില്‍ വലിയ സ്ഥാനമുണ്ട്. ക്ഷേത്രസോപാനങ്ങളില്‍ നിന്നു പാടുന്നതുകൊണ്ട് ഈ ഗാനരീതിക്ക് സോപാനരീതി എന്നൊരു പേരും ലഭിച്ചിട്ടുണ്ട്.
പണ്ട് ഉദ്ദണ്ഡ ശാസ്ത്രികള്‍ മുക്കോല ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനു ചെന്നപ്പോള്‍ അവിടെ സോപാനത്തില്‍ ഒരു മാരാര്‍ ഇടയ്ക്ക കൊട്ടുന്നുണ്ടായിരുന്നുവെന്നും ആ കൊട്ടിന്റെ താളരാഗങ്ങള്‍ക്കൊപ്പിച്ച്
"സംഭരിതഭൂരികൃപമംബ ശുഭമംഗം ശുംഭതു
ചിരന്തനമിദംതവ മദന്തം
എന്നൊരു ശ്ലോകാര്‍ധമുണ്ടാക്കി ചൊല്ലിയെന്നും അതിനെത്തുടര്‍ന്നു മാരാര്‍
"ജംഭരിപു കുംഭിവര കുംഭരുചി ഡംഭസ്തംഭികുച
കുംഭപരിരംഭപരശംഭു
എന്ന് ഉത്തരാര്‍ധം പൂരിപ്പിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. ആ പദ്യം തികച്ചും ഇടയ്ക്കാവാദ്യത്തിന്റെ അനുകരണമാണ്. കൊട്ടിപ്പാടിസ്സേവ ഘണ്ടാവാദനമെന്നപോലെ പൂജയുടെ മഹത്ത്വം വര്‍ധിപ്പിക്കുന്നതാണ്.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
കൊടുങ്ങല്ലൂർ ക്ഷേത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതെന്ന് പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ 'കോടി' ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ചശേഷമാണ് കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

പുരാണ കഥാഖ്യാനപ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ഠാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഇന്നത്തെ ദേവിക്ഷേത്രത്തില്‍നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി ദേശീയപാത 17-ന് ചേര്‍ന്ന് റോഡിന്‍ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന്‍ ചെങ്കുട്ടവന്‍ പത്തിനിക്കടവുള്‍ പ്രതിഷ്ഠ നടത്തിയത്. എന്നാല്‍ പരശുരാമന്‍ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തില്‍ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ 'തൃച്ചന്ദന ചാര്‍ത്ത്' എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തില്‍ ദേവിക്കുണ്ടായ മുറിവുകള്‍ക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാര്‍ത്തല്‍ പൂജയെ സങ്കല്പിക്കുന്നത്. തുടര്‍ന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂര്‍ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.

ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.

 *നിര്‍മാണശൈലി*
 ക്ഷേത്രസമുച്ചയത്തിന്റെ മൊത്തം വിസ്തീര്‍ണം 10 ഏക്കര്‍ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവില്‍. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നില്‍ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിര്‍മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ളതായി കാണുന്നു. ശിവന്റെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിന്റെ നിര്‍മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ എല്ലാം തന്നെ ശിവക്ഷേത്രത്തിന്‍റെ ശില്പശാസ്ത്രവിധി പ്രകാരമാണ്. ശിവന്‍റെ ശ്രീകോവിലിനു നേര്‍ക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും തട്ട് നവഗ്രഹങ്ങള്‍ കൊത്തിയ ഒറ്റപ്പലകയില്‍ തീര്‍ത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയില്‍ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെ കരിങ്കല്‍ത്തൂണുകളില്‍ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില്‍ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില്‍ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠയായ കണ്ണകി പ്രതിഷ്ഠ നിര്‍വഹിച്ച ശ്രീമൂലസ്ഥാനം രഹസ്യ അറയാക്കിയിരിക്കുകയാണ്. അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള്‍ കരിങ്കല്ലുകൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന്‍ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന്‍ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.
ക്ഷേത്രത്തിലെ ശിവന്റെ നടയ്ക്കുള്ള മണ്ഡപത്തിന്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിനു ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകള്‍ ഭക്തജനങ്ങള്‍ പള്ളിമാടത്തിനു മുന്നിലാണ് അര്‍പ്പിക്കാറ്.

 *പ്രതിഷ്ഠകള്‍*

 ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ളാവില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തില്‍ ദാരികവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപത്തില്‍ സങ്കല്പിക്കുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.

 *രഹസ്യ അറ*
ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദര്‍ശനമായി മറ്റൊരു അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദര്‍ശനത്തിന്‍ വരുന്ന അവസരത്തിലോ കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന് ദേവിക്ക് മുന്നില്‍ (പടിഞ്ഞാറേ നടയ്ക്കല്‍) അടിമ കിടത്താന്‍ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളൂ. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കല്‍ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്കരിച്ച് എഴുന്നേല്‍ക്കും മുമ്പ് നട അടച്ചു കഴിയും.

 *ശിവന്‍*
ശിവന്റെ ദര്‍ശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകള്‍ വെട്ടുകല്ലുകൊണ്ടും തീര്‍ത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

 *ക്ഷേത്രപാലകന്‍*
വടക്കേനടയില്‍ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലന്‍ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലക ക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്. പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ് (ശര്‍ക്കരപായസത്തില്‍ തൈര് ചേര്‍ത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലില്‍ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.
ദേവി ക്ഷേത്രത്തി ലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയ്ക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിന്‍ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളില്‍ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാര്‍ത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

 *തവിടാട്ട് മുത്തി*
ചാമുണ്ഡി രൂപത്തിലുള്ള മൂര്‍ത്തിയാണിത്. മേല്‍ക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടയ്ക്കല്‍ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേര്‍ന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവപ്പെടുന്ന ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃക്കൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങള്‍ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പദ്മശാലീയര്‍ക്കാണ്.

 *വസൂരിമാല*
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാണ് ദര്‍ശനം. ഇതിന് മേല്‍ക്കൂരയില്ല. വിഗ്രഹത്തിന് നാല് അടിയോളം ഉയരമുണ്ട്. മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തില്‍ പ്രത്യേക പീഠത്തില്‍ വസൂരിമാല സങ്കല്പത്തില്‍ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പദ്മദളം വരച്ച് കുരുമുളക്, മഞ്ഞള്‍ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പദ്മദളം സ്ത്രീലിംഗത്തിന്റെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങള്‍ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് 'ഗുരുതി' നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാര്‍ത്തുക.

 *സപ്തമാതൃക്കള്‍*
 ശിവന്റെ ശ്രീകോവിലിന്റെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടര്‍ച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തില്‍ വടക്കോട്ട് ദര്‍ശനമായി മൂന്ന് നടകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂര്‍ത്തിയായ ഭഗവതിയെയും കൂട്ടിയാല്‍ അഷ്ടമാതൃക്കളാകും.
സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൗമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവീവിഗ്രഹം നിര്‍മിച്ച അതേ വരിക്കപ്ളാവിന്റെ കമ്പുകള്‍ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിര്‍മിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കല്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

കൈകസി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാമായണത്തിലെ കഥാപാത്രമായ വിശ്രവസ്സിന്റെ പുത്രനും ലങ്കാധിപതിയുമായിരുന്ന രാവണന്റെ മാതാവാണ് കൈകസി. ബ്രഹ്മാവിന്റെ വിശപ്പില്‍നിന്നു ജനിച്ച ഹേതി എന്ന യക്ഷന് കാലന്റെ സഹോദരിയായ 'ഭയ'യില്‍ വിദ്യുത്കേശന്‍ ജനിച്ചു. അയാള്‍ക്കു സന്ധ്യയുടെ പുത്രിയായ സാലകടങ്കയില്‍ സുകേശനും അയാള്‍ക്കു ഗന്ധര്‍വനായ മണിമയന്റെ പുത്രി ദേവവതിയില്‍ മാല്യവാന്‍, സുമാലി, മാലി എന്നിവരും ജനിച്ചു. സുമാലിക്കു കേതുമതിയില്‍ പ്രഹസ്തന്‍ മുതലായ പത്തു പുത്രന്മാരും വേക (ബൃഹ), പുഷ്പോത്കട, കൈകസി, കുംഭീനസി എന്നിങ്ങനെ നാലുപുത്രിമാരും ഉണ്ടായി.
സുമാലി സകുടുംബം വനത്തില്‍ സഞ്ചരിക്കുമ്പോള്‍ അനേകം യക്ഷന്മാര്‍ വൈശ്രവണനെ നമസ്കരിക്കാന്‍ പോകുന്നതു കണ്ടു. വിശ്രവസ്സിന്റെ പുത്രനായതുകൊണ്ടാണ് വൈശ്രവണന്‍ ഇപ്രകാരം ആരാധിക്കപ്പെടുന്നത് എന്നു ധരിച്ച സുമാലി പുത്രിയായ കൈകസിയെ വിശ്രവസ്സിന്റെ അടുക്കല്‍ എത്തിച്ചു. അവളുടെ ശുശ്രൂഷകൊണ്ട് സന്തുഷ്ടനായ വിശ്രവസ്സ് അവളെ വിവാഹം കഴിച്ചു. സന്താനാര്‍ഥിനിയായ കൈകസിക്കു അദ്ദേഹത്തില്‍ നിന്നും രാവണന്‍, കുംഭകര്‍ണന്‍, വിഭീഷണന്‍ എന്നു മൂന്നു പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

കൃഷ്ണോപനിഷത്ത്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഉപനിഷത്തുക്കളില്‍ ഒന്നാണ് കൃഷ്ണോ പനിഷത്ത്. ഇതില്‍ 25 മന്ത്രങ്ങളടങ്ങിയിരിക്കുന്നു. ഗ്രന്ഥാരംഭത്തില്‍ പ്രശ്നോപനിഷത്തിലെ ശാന്തിപാഠവും ചേര്‍ത്തുകാണുന്നു.
ഒരിക്കല്‍ വനവാസികളായ മഹര്‍ഷിമാര്‍, മഹാവിഷ്ണുവും 'സച്ചിദാനന്ദലക്ഷണ'നുമായ ശ്രീരാമചന്ദ്രനെക്കണ്ടു വിസ്മയിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യവും അംഗസ്പര്‍ശവും ലഭിക്കാന്‍ അപേക്ഷിച്ചു. 'കൃഷ്ണാവതാരത്തില്‍ നിങ്ങള്‍ ഗോപികമാരായിത്തീര്‍ന്ന് എന്റെ അംഗസ്പര്‍ശവും സാന്നിധ്യവും നേടുമെന്നു ഭഗവാന്‍ അരുളിച്ചെയ്തു. രുദ്രാദികളായ ദേവന്മാരെയും അപ്രകാരം തന്നെ അനുഗ്രഹിക്കാമെന്ന് ഏറ്റു.
മനുഷ്യജന്മം കൈക്കൊണ്ട ദേവന്മാര്‍ മനുഷ്യനായി അവതരിച്ച ഭഗവാന്റെ കിങ്കരന്മാരായി. മുക്തി യശോദയായും വൈഷ്ണവീമായ ദേവകിയായും പരമാനന്ദം നന്ദനായും വേദം വസുദേവനായും രൂപംപൂണ്ടു. വേദാര്‍ഥമായ ബ്രഹ്മം തന്നെ രാമകൃഷ്ണന്മാര്‍. ഗോക്കളും ഗോപന്മാരും ഋക്കുകളാണ്. യഷ്ടിയായി ബ്രഹ്മാവും വേണുവായി രുദ്രനും ശൃംഗമായി ഇന്ദ്രനും അവതരിച്ചു. വൈകുണ്ഠം ഗോകുലമായി. താപസന്മാര്‍ വൃക്ഷങ്ങളും ലോഭക്രോധാദികള്‍ അസുരന്മാരുമത്രേ. കലികാലത്തില്‍ ഭഗവാന്റെ നാമോച്ചാരണം കൊണ്ടു തന്നെ ലോഭക്രോധാദികള്‍ നശിക്കുന്നു. സനാതനബ്രഹ്മം ശ്രീകൃഷ്ണനായും ശേഷന്‍ ബലരാമനായും ജനിച്ചു. ഭഗവാന്റെ 16,008 കാന്തമാര്‍ ഋക്കുകളും ഉപനിഷത്തുകളുമാകുന്നു. ബ്രഹ്മസ്വരൂപിണികളായ ഋക്കുകള്‍ തന്നെ ഗോപികമാര്‍. ചാണൂരന്‍ ദ്വേഷവും മുഷ്ടികന്‍ മത്സരവും കുവലയാപീഡം ദര്‍പ്പവും ബകാസുരന്‍ ഗര്‍വവുമത്രേ. ദയയാണ് രോഹിണീ മാതാവ്; മഹാവ്യാധി അഘാസുരന്‍; കലി കംസന്‍; ശമം സുദാമാവ്; സത്യം അക്രൂരന്‍; ദമം ഉദ്ധവര്‍; ശംഖം വിഷ്ണു തന്നെ; പാല്‍ക്കുടങ്ങള്‍ ക്ഷീരനിധി; ചക്രം ബ്രഹ്മതുല്യം. ഇതാണ് കൃഷ്ണോപനിഷത്തിലെ പ്രമേയത്തിന്റെ സ്വരൂപം. ഈ തത്ത്വം ഗ്രഹിക്കുന്ന ജ്ഞാനിക്ക് സര്‍വ തീര്‍ഥങ്ങളിലും സ്നാനം ചെയ്താലുണ്ടാകുന്ന ഫലവും ശരീരപാതത്തില്‍ മുക്തിയും ലഭിക്കുമെന്നുള്ള പ്രസ്താവത്തോടെ കൃഷ്ണോപനിഷത്തു സമാപിക്കുന്നു.
അര്‍വാചീനമെന്നു കരുതപ്പെടുന്ന ഈ ഉപനിഷത്തില്‍ കൃഷ്ണ ചരിതത്തെ അധ്യാത്മവിദ്യയുടെയും അതിലെ കഥാപാത്രങ്ങളെ ഈ വിദ്യയുടെ വിവിധ ഭാവങ്ങളുടെയും പ്രതീകങ്ങളായാണ് പ്രതിപാദിച്ചിരിക്കുന്നത്.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

കുന്തി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാഭാരതത്തിലെ ഒരു പ്രധാന സ്‌ത്രീകഥാപാത്രമാണ് കുന്തി. പാണ്ഡുവിന്റെ ഭാര്യയും യാദവരാജാവായ ശൂരസേനന്റെ മകളും കുന്തീഭോജന്റെ ദത്തുപുത്രിയും ആണ്‌ കുന്തി. സാക്ഷാല്‍പേര്‌ പൃഥ എന്നായിരുന്നു. കുന്തീഭോജന്റെ കൊട്ടാരത്തില്‍വളര്‍ന്നതുകൊണ്ടാണ്‌ കുന്തി എന്ന പേര്‌ കിട്ടിയത്‌. കുന്തി, മാദ്രി, ഗാന്ധാരി എന്നിവര്‍ യഥാക്രമം സിദ്ധി, കൃതി, മതി എന്നീ ദേവസ്‌ത്രീകളുടെ അംശങ്ങളില്‍നിന്ന്‌ ജനിച്ചവരാണ്‌ (മഹാഭാരതം-ആദിപര്‍വം). വസുദേവരുടെ സഹോദരിയായ കുന്തിക്ക്‌ പരിചര്യകൊണ്ട്‌ സന്തുഷ്‌ടനായ ദുര്‍വാസാവ്‌ ഒരു മന്ത്രം ഉപദേശിച്ചു.
"ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ്‌വു നീ,
അതാതു ദേവപ്രീത്യാ തേ പുത്രനുണ്ടായി വന്നിടും
എന്നനുഗ്രഹിക്കുകയും ചെയ്‌തു (മഹാഭാരതം-ആദിപര്‍വം). കുന്തിക്ക്‌ വശീകരണമന്ത്രം ഉപദേശിച്ചുകൊടുത്തത്‌ നാരദനാണെന്നും ഒരു കഥയുണ്ട്‌. ദുര്‍വാസാവ്‌ ഉപദേശിച്ചുകൊടുത്ത അഞ്ചു മന്ത്രങ്ങളില്‍ഒന്നുപയോഗിച്ച്‌ കന്യകയായ കുന്തി നാരദന്റെ കൃത്രിമത്താല്‍സൂര്യനെ പ്രാപിച്ച്‌ "കവചകുണ്ഡലഭൂഷിത'നായ കര്‍ണനെ പ്രസവിച്ചു. കന്യകാത്വം നഷ്‌ടപ്പെടുകയില്ലെന്ന്‌ സൂര്യന്‍ കുന്തിയെ അനുഗ്രഹിച്ചുവെങ്കിലും ലോകാപവാദഭയത്താല്‍അവള്‍ കുഞ്ഞിനെ ഒരു പേടകത്തിലാക്കി അശ്വനദിയില്‍ഒഴുക്കി. അധിരഥനെന്ന സൂതന്‍ കണ്ടെത്തി എടുത്തുവളര്‍ത്തിയ ആ ശിശു വലുതായി ക്രമേണ ദുര്യോധനന്റെ വലംകൈയും പാണ്ഡവശത്രുവുമായിത്തീര്‍ന്നു.
കുന്തി സ്വയംവരത്തില്‍പാണ്ഡുവിനെ വരിച്ചു ഹസ്‌തിനപുരത്തിലെത്തി. പാണ്ഡു മാദ്രിയെക്കൂടി വിവാഹംചെയ്‌തു. കിന്ദമ മഹര്‍ഷിയുടെ ശാപം നിമിത്തം പാണ്ഡുവിനു ഭാര്യാസംഗമം പാടില്ലാതാകുകയും അവര്‍ ശതശൃംഗത്തില്‍ചെന്ന്‌ തപസ്സുചെയ്യുകയും ചെയ്‌തു. പാണ്ഡുവിന്റെ അനുജ്ഞയോടെ ശ്രഷ്‌ഠപുരുഷന്മാരില്‍നിന്നു കുന്തിയും മാദ്രിയും ഗര്‍ഭം ധരിച്ചു. മൂന്നു മന്ത്രംകൊണ്ടു കുന്തിക്കു യമനില്‍നിന്ന്‌ ധര്‍മപുത്രരും വായുവില്‍നിന്നു ഭീമനും ഇന്ദ്രനില്‍നിന്ന്‌ അര്‍ജുനനും മാദ്രിക്ക്‌ കുന്തി നല്‌കിയ ഒരു മന്ത്രംകൊണ്ട്‌ അശ്വനീദേവന്മാരില്‍നിന്നു നകുലസഹദേവന്മാരും ജനിച്ചു. പാണ്ഡുവിന്റെ മരണത്തെത്തുടര്‍ന്ന്‌ മാദ്രി ഭര്‍ത്താവിന്റെ ചിതയില്‍ചാടി മരിക്കുകയും കുന്തിയും അഞ്ചു കുമാരന്മാരും ഹസ്‌തിനപുരത്തിലേക്ക്‌ തിരിച്ചുപോരുകയും ചെയ്‌തു. കുന്തിയും പുത്രന്മാരും വാരണാവതത്തിലെ അരക്കില്ലത്തില്‍താമസിച്ചുവരവേ അത്‌ അഗ്നിക്കിരയായവേളയില്‍ഗുഹാമാര്‍ഗം രക്ഷപ്പെട്ടു. വിദുരര്‍ പാണ്ഡവരെയും കുന്തിയെയും ഹസ്‌തിനപുരത്തേക്ക്‌ വിളിച്ചുകൊണ്ടുപോയി. പാണ്ഡവര്‍ ചൂതില്‍തോറ്റു കാട്ടില്‍പോയപ്പോള്‍ കുന്തി വിദുരരുടെ വീട്ടില്‍താമസിച്ചു. ഭാരതയുദ്ധം ആരംഭിക്കുമ്പോള്‍ കുന്തി കര്‍ണനെ ദുര്യോധനനില്‍നിന്ന്‌ അകറ്റാന്‍ ശ്രമിച്ചു. യുദ്ധാനന്തരം കര്‍ണന്റെ ഉദകക്രിയ നടത്താന്‍ കുന്തി യുധിഷ്‌ഠിരനെ ഓര്‍മിപ്പിച്ചു; ദുഃഖിച്ചുകരഞ്ഞ സുഭദ്രയെയും ഉത്തരയെയും ആശ്വസിപ്പിച്ചു. ധൃതരാഷ്‌ട്രരോടും ഗാന്ധാരിയോടുമൊപ്പം കാട്ടിലേക്കു പുറപ്പെട്ട കുന്തി കാട്ടുതീയില്‍പ്പെട്ടു മരിച്ചു (മഹാഭാരതം-ആശ്രമവാസികാപര്‍വം, 37-ാം അധ്യായം 31-ാം പദ്യം).

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

⛲⛲⛲⛲⛲⛲⛲⛲⛲⛲
ക്ഷേത്ര കലകൾ (അനുഷ്ഠാന കലകള്‍)

ഐവർ‌കളി

പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് വള്ളുവനാടൻ‍ പ്രദേശങ്ങളിൽ അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ്ഐവർ‌കളി. പാണ്ഡവർകളി, ഐവർനാടകം, തട്ടിന്മേൽകളി, കണ്ണിൽകുത്തിക്കളി എന്നും പേരുകളുണ്ട്.ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്‌. ഇവർക്ക് വ്രതം നിർബന്ധമാണ്. രാമായണത്തിലേയോ ഭാരതത്തിലേയോ കഥകൾ പ്രമേയമാക്കിയാണ് ഈ കളി. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടിച്ചൊല്ലുന്നവയാണ്. ക്ഷേത്ര മതലിനു വെളിയിൽ മൂന്നോ നാലോ അടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി അരങ്ങേറുന്നത്. ഇതാണ് തട്ടിന്മേൽ കളി എന്ന പേരുവരാൻ കാരണം.

കാളീഭക്തനായ കർ‌ണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നശിപ്പിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ ശ്രീകൃഷ്ണൻ പാണ്ഡവർ‌ക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്‌തുതിച്ച്‌ പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിർദ്ദേശിച്ചു. ശ്രീകൃഷ്‌ണൻതന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട്‌ പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച്‌ പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ്‌ ഐതിഹ്യം. ഭദ്രകാളിസ്‌തുതിക്കു പുറമേ ശ്രീകൃഷ്‌ണചരിതവും രാമായണവും ഐവർകളിപ്പാട്ടിനു വിഷയമാകാറുണ്ട്‌. സീതാവിരഹത്താൽ ദുഃഖിതനായ രാമനെ സന്തോഷിപ്പിക്കാൻ സുഗ്രീവാദികൾ നടത്തിയ വിനോദമാണ് എന്നും കഥയുണ്ട്. വേല, താലപ്പൊലി ഇവയോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുക.

ആശാരി,മൂശാരി,കരുവാൻ‌,തട്ടാൻ,വേലക്കുറുപ്പ്(കല്ലാശാരി)എന്നീ 5 കൂട്ടർ‌ പാടിക്കളിയ്ക്കുന്നതുകൊണ്ടാണ് ഇപ്രകാരം പേർ‌വന്നത്. ഐങ്കുടിക്കമ്മാളർക്കു പുറമേ വേട്ടുവരും കണിയാന്മാരും ഇത് കളിക്കാറുണ്ട്. മധ്യതിരുവിതാംകൂറിൽ ഈഴവരും ഈ കളി നടത്താറുണ്ട്.

തറയിൽ മുളംപന്തലിട്ട് കുരുത്തോലകൊണ്ട് തോരണം തൂക്കുന്നു. എഴുതിരിയിട്ട വിളക്കിനുമുമ്പിൽ (ചിലപ്പോൾ ഐന്തിരി) നാക്കിലയിൽ അരി, പൂവ്, നാളീകേരം എന്നിവവച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകയ്യോടെ ചുവട്‌വെയ്ക്കുന്നു. അഞ്ചോ, ഏഴോ, ഒൻപതോ, പതിനൊന്നോ കളിക്കാരാണ് ഉണ്ടാവുക. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി, പരിചകളി, കോൽ‌ക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തരിച്ചിലമ്പു പിടിപ്പിച്ച ചെറുകോലുകൾ കുലുക്കിയുള്ള നൃത്തം പ്രധാനമാണ്.

ഐവർനാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമാണ്. ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്. 927-ൽ മംഗളോദയം പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ച പാട്ടുകൾ എന്ന പേരിലുള്ള ഗ്രന്ഥാവലിയിൽ ഐവർ കളിപ്പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്‌. രാമായണ ഭാരതേതിഹാസകഥകളെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള "ഒളരിക്കരപ്പാട്ട്" "നമ്പോർക്കാവിലെപ്പാട്ട്" തുടങ്ങിയ ഏറെ ജനപ്രീതിനേടിയ ഐവർകളിപ്പാട്ടുകളാണ്. ശേഖരിച്ച ഐവർകളിപ്പാട്ടുകളിൽ മിക്കവയുംതൃശൂർ ജില്ലയിൽ നിന്നായതിനാൽ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളിൽ പ്രകടമാണ്‌.

കാളീചരിതങ്ങൾ‌ക്കു പുറമേ രാമായണം, മഹാഭാരതം, കല്യാണസൗഗന്ധികം, ശ്രീകൃഷ്ണകഥകൾ, നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു.
കാളിദാസൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹിഷപുരിയിലെ മഹേന്ദ്രരാജാവിന്‌ അതിരൂപവതിയും വിവിധശാസ്‌ത്രപാരംഗതയുമായ ഒരു പുത്രിയുണ്ടായിരുന്നു. രാജകുമാരിയുമായുള്ള വാദപ്രതിവാദത്തിൽ പല പണ്ഡിതന്മാരും പരാജയപ്പെട്ടതിനെത്തുടർന്ന്‌ തന്റെ മകളെ വാദത്തിൽ തോല്‌പിക്കുന്ന ആളിനു മാത്രമേ അവളെ വിവാഹം കഴിച്ചുകൊടുക്കുകയുള്ളു എന്ന്‌ രാജാവ്‌ നിശ്ചയിച്ചു. ഇതനുസരിച്ചെത്തിയ രാജകുമാരന്മാരും പണ്ഡിതന്മാരുമെല്ലാം പാണ്ഡിത്യപരീക്ഷയിൽ രാജകുമാരിയോടു തോറ്റുപോയി. പരാജിതരായ പണ്ഡിതന്മാർ മന്ത്രിമാരുടെ ഒത്താശയോടെ രാജകുമാരിയെ ഒരു പാഠംപഠിപ്പിക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച്‌ സുന്ദരനായ ഒരു യുവാവിനെ അവർ കണ്ടുപിടിച്ചു. മഹാമൂഢനായ ഈ യുവാവിന്റെ തൊഴിൽ ആടുമേയ്‌ക്കലായിരുന്നു. ഒരു മരത്തിന്റെ മുകളിലിരുന്നു താഴ്‌ഭാഗം വെട്ടുകയായിരുന്ന അവനെ നല്ല വസ്‌ത്രങ്ങള്‍ അണിയിച്ച്‌ കൊട്ടാരത്തിൽ ഹാജരാക്കി. രാജകുമാരി എന്തുചോദിച്ചാലും മൗനമാചരിക്കാന്‍ അവർ അയാളെ ഉപദേശിച്ചിരുന്നു. ഈ യുവാവ്‌ തങ്ങളുടെ ഗുരുവാണെന്നും മൗനവ്രതമനുഷ്‌ഠിക്കുന്ന ഇദ്ദേഹത്തിന്റെ വ്രതത്തിനു ഭംഗം വരുത്തുന്നതു ശരിയല്ലെന്നും അതിനാൽ ആംഗ്യത്തിലൂടെ മാത്രമേ വാദം നടത്താവൂ എന്നും പണ്ഡിതന്മാർ രാജാവിനെ ധരിപ്പിച്ചു. ഈ വ്യവസ്ഥ അംഗീകരിച്ച രാജകുമാരിയുടെ തത്ത്വജ്ഞാനപരങ്ങളായ ചോദ്യങ്ങള്‍ക്കു മറുപടിയായുള്ള അയാളുടെ ആംഗ്യങ്ങള്‍ ശ്രഷ്‌ഠമായ പാണ്ഡിത്യത്തിന്റെ പ്രസ്‌ഫുരണമാണെന്നു പണ്ഡിതന്മാർ സമർഥിച്ചു. പരാജയം സമ്മതിച്ച രാജകുമാരിയെ രാജാവ്‌ മൗനവ്രതക്കാരനായ യുവാവിനു വിവാഹം കഴിച്ചുകൊടുത്തു. തന്റെ ഭർത്താവ്‌ ഒരു മഠയനാണെന്ന സത്യം ആദ്യരാത്രി തന്നെ മനസ്സിലാക്കിയ രാജകുമാരിയുടെ ഉപദേശപ്രകാരം കാളീക്ഷേത്രത്തിൽ എത്തിയ ആ യുവാവ്‌ കാളിയുടെ പ്രസാദത്താൽ വിഖ്യാതനായ കവിയായിട്ടാണ്‌ മടങ്ങിയെത്തിയത്‌.
രാജകുമാരി എത്ര കേണപേക്ഷിച്ചിട്ടും അവരുമായുള്ള ദാമ്പത്യജീവിതത്തിനു കാളിദാസന്‍ തയ്യാറായില്ല. തന്റെ ഉന്നതിക്കു കാരണഭൂതയായ രാജകുമാരിയെ ഗുരുവും അമ്മയുമായേ തനിക്കു കാണാന്‍ പറ്റുകയുള്ളുവെന്നു പറഞ്ഞ്‌ കാളിദാസന്‍ കൊട്ടാരം വിട്ടിറങ്ങുകയാണുണ്ടായത്‌. അടുത്ത ദിവസം വിക്രമാദിത്യന്റെ രാജധാനിയിലെത്തിയ കാളിദാസന്‍ പിന്നീട്‌ അവിടത്തെ ആസ്ഥാനകവികളിൽ പ്രധാനിയായി. നൈരാശ്യം പൂണ്ട രാജകുമാരി തന്റെ അഭിലാഷത്തിനു വഴങ്ങാത്ത കാളിദാസനെ ശപിച്ചുവെന്നും തന്മൂലം ഒരു സ്‌ത്രീ കാരണമായി സിംഹളദേശത്തുവച്ച്‌ കാളിദാസന്‌ മരണം സംഭവിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്‌. ഈ കഥയ്‌ക്ക്‌ പല പാഠഭേദങ്ങളുമുണ്ട്‌.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
കിഷ്കിന്ധ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പുരാണേതിഹാസ പ്രസിദ്ധമായ വാനര രാജധാനിയാണ് കിഷ്കിന്ധ. കിം കിമപി വാനരസൈന്യം ധത്തേ ഇതി കിഷ്‌കിന്ധ (കിം+കിം+ധാ) എന്നു നിഷ്‌പത്തി. ഇതു ബാലി എന്ന വാനര രാജാവിന്റെ ആസ്ഥാനമായിരുന്നു. മൈസൂരിനു സമീപമുള്ള ഒരു മലമ്പ്രദേശമാണ്‌ കിഷ്‌കിന്ധ എന്നു ചിലരും, പമ്പയുടെ ഉദ്‌ഭവ സ്ഥാനത്തിനടുത്തു ഋശ്യമൂകം (ബാലികേറാമല) കാണുന്നതുകൊണ്ട്‌ തിരുവിതാംകൂര്‍ ഭാഗത്തെ സഹ്യപര്‍വത പ്രദേശമെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലും ഭാഗവതത്തിലും കിഷ്‌കിന്ധയെപ്പറ്റി പരാമര്‍ശമുണ്ട്‌.

പണ്ട്‌ ഋക്ഷരജസ്സ്‌ എന്ന വാനരനായകന്‍ കിഷ്‌കിന്ധ ഭരിച്ചിരുന്നു. അരുണീദേവിയില്‍ ഇന്ദ്രന്റെയും സൂര്യന്റെയും പുത്രന്മാരായി യഥാക്രമം ബാലിയും സുഗ്രീവനും ജനിച്ചു. ഗൗതമന്റെ ആശ്രമത്തില്‍ വളര്‍ന്ന ഈ കുമാരന്മാരെ ഇന്ദ്രന്‍ അനപത്യനായ ഋക്ഷരജസ്സിനു കൊടുത്തു. ഋക്ഷരജസ്സിനുശേഷം ബാലി രാജാവായി. ബാലി ദുന്ദുഭിയെന്ന അസുരനെ കൊന്നു ശവം വലിച്ചെറിഞ്ഞപ്പോള്‍ തെറിച്ച ചോര ഋശ്യമൂകത്തില്‍ തപസ്സുചെയ്‌തിരുന്ന മതംഗമുനിയുടെ ദേഹത്തുവീണു. മുനി ബാലിയെ ഋശ്യമൂകത്തില്‍ കയറാതിരിക്കത്തക്കവണ്ണം ശപിച്ചു. ബാലിയും മായാവിയുമായുള്ള ഗുഹായുദ്ധത്തില്‍ അസുരന്റെ മായകൊണ്ടു തെറ്റിദ്ധരിപ്പിക്കപ്പെട്ട സുഗ്രീവന്‍ ഗുഹാമുഖം അടച്ചു തിരിച്ചുപോയി കിഷ്‌കിന്ധയിലെ രാജാവായി. ഗുഹയില്‍ നിന്നു തിരിച്ചെത്തിയ ബാലി സുഗ്രീവനെ ഓടിച്ച്‌ കിഷ്‌കിന്ധാധിപതിയായിത്തീര്‍ന്നു (വാല്‌മീകി രാമായണം, കിഷ്‌കിന്ധാകാണ്‌ഡം; മഹാഭാരതം, വനപര്‍വം 280-ാം അധ്യായം). പാണ്ഡവരുടെ ദിഗ്‌വിജയ സമയത്തു മൈന്ദനും ദ്വിവിദനുമായിരുന്നു കിഷ്‌കിന്ധ ഭരിച്ചിരുന്നത്‌ (മഹാഭാരതം, സഭാപര്‍വം 31-ാം അധ്യായം).

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ...

എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്താം.

അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.

തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.

ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.

യക്ഷികൾ

സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി(ആകാശയക്ഷി), മായയക്ഷി, അരക്കി, അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കര മധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.

പക്ഷി(പുള്ള്) ദേവതകൾ

ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.

ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)

ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ, ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ, കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം

വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.

മാടൻ

ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.

ഭൈരവൻ

അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.

പോട്ടൻ

പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.

കുട്ടിച്ചാത്തൻ

കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.

ഗുളികൻ

കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.

കുറത്തി

കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.

മറുത

കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.

രക്ഷസ്സ്

ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.

വീരൻ

കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.

മല്ലൻ

മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.

പിശാച്

കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.

കാളി

ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.

ചാവ്

പുലിചാവ്,ആനചാവ്,പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).

ഈശ്വരി

രക്തേശ്വരി,ഭുവനേശ്വരി, പരമേശ്വരി...തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.

ചാമുണ്ഡി

രക്തചാമുണ്ഡി,മാടച്ചാമുണ്ഡി,മുട്ടിയറച്ചാമുണ്ഡി,നീലംകൈച്ചാമുണ്ഡി,പെരിയാട്ടുചാമുണ്ഡി,മലച്ചാമുണ്ഡി,എടപ്പാറച്ചാമുണ്ഡി,ആനമടച്ചാമുണ്ഡി,ചാലയിൽ ചാമുണ്ഡി.....ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.

നാഗദേവതകൾ

നാഗകണ്ഠൻ,നാഗകന്നി,നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി,എരിനാഗം,കരിനാഗം,മണിനാഗം,കുഴിനാഗം,നാഗക്കാളി,നാഗഭഗവതി,നാഗേനീശ്വരി....ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.

വനദേവതകൾ

ആയിരവില്ലി,കരിവില്ലി,പൂവല്ലി,ഇളവില്ലി,കരീമലദൈവം,തലച്ചിറവൻ,താന്നിയോടൻ,മലക്കാരി,പുളിപ്പൂളോൻ...ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.

മൂർത്തികൾ

കണ്ടകമൂർത്തി,കടുവാ മൂർത്തി, മാരണമൂർത്തി,വനമൂർത്തി,പാഷാണമൂർത്തി,കാട്ടുമൂർത്തി....ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.

രോഗദേവതകൾ

ചീറുമ്പമാർ,ദണ്ഡദേവൻ,വസൂരിമാല,ഭദ്രകാളി, മാരിയമ്മൻ,മാരിമടക്കിത്തമ്പുരാട്ടി,തൂവക്കാളി,അപസ്മാരമൂർത്തി ...ഇവ രോഗദേവതകളാണ്.

ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് കരിങ്കുഴി ശാസ്താവ്,കൊട്ടിയൂർ പെരുമാൾ,ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി,തൃക്കരിപ്പൂർ ചക്രപാണി....എന്നിവ.

കാട്ടുമടന്ത,പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി,ചെറുകുന്നത്തമ്മ..തുടങ്ങിയ നാമങ്ങൾ മല,പാറ,കുന്ന് ,കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.

കിന്നരന്മാര്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദേവന്മാരുടെ ഒരുപവിഭാഗമാണ് കിന്നരന്മാർ. വീണാപാണികളായി സഞ്ചരിക്കുന്ന ഇവര്‍ പുരാണേതിഹാസാദികളനുസരിച്ച്‌ പത്തു ദേവയോനികളില്‍ ഒരു വിഭാഗമാണ്‌.

"വിദ്യാധരാപ്‌സരോ യക്ഷരക്ഷോ ഗന്ധര്‍വ കിന്നരാഃ
പിശാചോ ഗുഹ്യകഃ സിദ്ധോ ഭൂതോങ്കമീദേവയോ നയഃ (അമരകോശം)

എന്ന്‌ ദേവയോനികളെ പരിഗണിച്ചിട്ടുണ്ട്‌. ഇവര്‍ പുലസ്‌ത്യ മഹര്‍ഷിയുടെ സന്തതികളും കുബേരന്റെ അനുചരരുമാണ്‌. കുത്സിതനായ നരന്‍, ഇവന്‍ നരനോ എന്നൊക്കെയാണ്‌ കിന്നരശബ്‌ദത്തിനര്‍ഥം. അശ്വമുഖര്‍ (കുതിരയുടെ മുഖവും മനുഷ്യശരീരവും ഉള്ളവര്‍), മനുഷ്യമുഖര്‍ (മനുഷ്യരുടെ മുഖവും കുതിരയുടെ ഉടലുമുള്ളവര്‍) എന്ന്‌ ഇവര്‍ക്ക്‌ രണ്ടുവിഭാഗം കല്‌പിച്ചിട്ടുണ്ട്‌. അമരാവതി, സാഞ്ചി എന്നീ സ്ഥലങ്ങളിലെ സ്‌തൂപങ്ങളില്‍ ചിറകുകളോടുകൂടിയും ഇവരെ ചിത്രീകരിച്ചുകാണുന്നുണ്ട്‌. കിന്നരന്മാര്‍, കിംപുരുഷന്മാര്‍, ഗന്ധര്‍വന്മാര്‍ എന്നിവര്‍ സമാനവര്‍ഗത്തില്‍ പ്പെട്ടവരാണ്‌. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഇടയിലാണ്‌ ഇവരുടെ സ്ഥാനം.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
🔥🔥🔥🔥🔥🔥🔥🔥🔥

ദീപവും അഗ്നിയും.

🔅🔅🔅🔅🔅🔅🔅


കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ഭഗവതി സേവ കണ്ടപ്പോൾ എഴുതണമെന്നു വിചാരിച്ചതാണ്.. അഞ്ചു തിരിയിട്ട നിലവിളക്ക് പൂജ കഴിഞ്ഞപ്പോൾ  നിലവിളക്കിന്റെ മുകൾ ഭാഗം മുഴുവനായി കരിയായിരിക്കുന്നു.  പ്രത്യേകിച്ച് പല പൂജകളിലും നാം  വീട്ടിലാണെങ്കിലും നിലവിളക്കു കത്തിക്കാറുണ്ടല്ലോ.. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്ന്  ചിന്തിച്ചിട്ടുണ്ടോ. എങ്ങിനെയാണ് ദീപത്തിൽ നിന്ന് കരി വരുന്നത്..

 അന്നു ഭഗവതിസേവ ചെയ്തു കഴിഞ്ഞ വന്ന  തിരുമേനിയോട്  ചോദിച്ചു, എന്താണ്   ദീപവും അഗ്നിയും തമ്മിലുള്ള വ്യത്യാസം..  അദ്ദേഹത്തിന് അത് വിശദീകരിക്കുവാൻ കുറച്ചു നേരം വേണ്ടി വന്നു.. ദീപത്തിന് വര്ത്തിസ്ഥമായതും ജ്വലിക്കുന്നതുമായ അഗ്നിശിഖയെന്നാണ് സാമാന്യമായി അര്ഥം പറയുന്നത്. എന്നാൽ ഇതിന് കുറെ വ്യത്യസ്തതകളുണ്ട്  അഗ്നിയെ അപേക്ഷിച്ച്.  അതുകൊണ്ടാണ് അതിന് ദീപം എന്നു പറയുന്നത്. അഗ്നി എല്ലായിപ്പോഴും ഊര്ധ്വഗാമിയായി സ്ഥിതിചെയ്യുക മാത്രമല്ല ഇളകി കൊണ്ടേയിരിക്കും അതിൽ നിന്ന് കരിയുണ്ടാകും. ദീപം തെളിച്ചാൽ അതിൽ ധൂമം ഉണ്ടാകില്ല എന്നു മാത്രമല്ല അത് സ്ഥിരപ്രകൃതിയാണ്. വായുവിന്റെ ഗതി കൊണ്ട്  ചലനം ഉണ്ടെങ്കിലും അത് അഗ്നിയെ പോലെയല്ല സ്ഥിതിചെയ്യുക. ദീപത്തിന് നയനോത്സവം എന്ന പേരു പറയുന്നത് അതുകൊണ്ടാണ്.

നോക്കിയിട്ടുണ്ടോ  വീട്ടിലെ നിലവിളക്കിൽ മുഴുവനായി മുകൾ ഭാഗം കരിയായിരിക്കുന്നത്. അത്  ദീപമായി നിൽക്കാത്തതുകൊണ്ടാണ്.. അധികം ഉയര്ത്തി കത്തിക്കുന്നതാണ് ഉത്തമമെന്നാണ് നാം കരുതി പോരുന്നത്. അതുകൊണ്ട്  ദീപം അഗ്നി നാമ്പുകളെ  ജ്വലിക്കുകയും കരി വരുകയു ചെയ്യും.

നിലവിളക്കിൽ ആരും അഗ്നിയെ അല്ല ജ്വലിപ്പിക്കേണ്ടത്.നയനോദ്വീപകമായ ദീപത്തെയാണ് വരുത്തേണ്ടത്.   

അധികദൂരത്തേക്ക് താപത്തെയുണ്ടാക്കുന്നത്  കൃത്യമായി പറഞ്ഞാൽ ദീപത്തിൽ നിന്ന് നാലംഗുലത്തിലധികം ചൂടു നിലവിളക്കിൽ നിന്നു വരുന്നു എങ്കിൽ അത്  ദീപം അല്ല അത് വഹ്നിയാണ്.

"ലഭ്യതേ യസ്യ താപസ്തു ദീപസ്യ ചതുരംഗുലാത്
ന സ ദീപ ഇതി ഖ്യാതോ ഹ്യോഘവഹ്നിസ്തു സ സ്മൃതഃ."

നേത്രാഹ്ലാദകരവും ദൂരത്തേക്ക് താപം ഉണ്ടാക്കാത്തതും, നല്ല  ശിഖയെ പോലെ നിന്നു കത്തുന്നതും, ശബ്ദരഹിതവും, ധൂമമില്ലാത്തതും അതായത് പുകയില്ലാത്തതുമാണ് ദീപം. തെളിച്ചാൽ കൊച്ചു ബൾബു നിന്നു കത്തുന്നതുപോലെ നിൽക്കുന്നതാണ് ദീപം.

 ഭദ്രദീപം കത്തിക്കുമ്പോൾ   നമുക്ക് മനോഹരമായി തോന്നുന്നതിന് കാരണം അതു ഈ രീതിയിൽ കത്തുന്നതുകൊണ്ടാണ്. നേരേ മറച്ച് അഗ്നിയെ പോലെ ഇളകി കത്തുമ്പോൾ ഈ ആനന്ദം തോന്നുകയുമില്ല.

എണ്ണയിൽ ഉയർത്തി നിർത്തി അഗ്നിനാമ്പുകളു വരുന്നതു പോലെ കത്തിക്കുന്നതല്ല ദീപം..അതുകൊണ്ട് ദീപം തെളിക്കുമ്പോൾ  അഗ്നിയായി  ജ്വലിപ്പിക്കാതെ ദീപമായി നിലനിര്ത്താൻ ശ്രമിക്കുക.

ദീപേന ലോകാൻ ജയതി
ദീപസ്തേജോമയഃ സ്മൃതഃ
ചതുർവർഗ്ഗപ്രദോ ദീപസ്തസ്മാദ്ദീപൈർയജേത് ശ്രിയേ
 ഇപ്രകാരമുള്ള ദീപം  എല്ലാവർക്കും ചതുർവർഗ്ഗപ്രാപ്തി പ്രദാനം ചെയ്യട്ടെ..

🔥🔥🔥🔥🔥🔥🔥🔥
ശനീശ്വരൻ

കരിമുട്ടം ക്ഷേത്രത്തിൽ ശ്രീകോവിലിനു തൊട്ടു മുൻവശമുള്ള നമസ്കാര മണ്ഡപത്തിന്റെ അകത്തെ മേൽക്കൂരയിലേക്ക് ഒരു നിമിഷം ശ്രദ്ധിച്ചാൽ നവഗ്രഹങ്ങളെ കൊത്തിവെച്ചിരിക്കുന്നത് കാണാമല്ലോ. നവഗ്രഹങ്ങളിൽ ശനീശ്വരനെ കുറിച്ച് അല്പ വിവരങ്ങൾ ചേർക്കുന്നു .....
     നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും  ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

'    ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല..
എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ്.

    ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര-പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ആ ഈശ്വരന് എന്നും മനപാoമായിരിക്കുമത്രെ.
 'ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

    മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല.

     ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന്  ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.

     അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ് 
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

      ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
 ആണ്.
 ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

        അതായത് നവഗ്രഹങ്ങളിൽ
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ ഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.  അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണം.

     ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.
അതിന് പിന്നിലുമുണ്ടൊരു കഥ . 

    ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ

ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ തന്നെ പ്രസവിക്കണമെന്നും പ്രസവമയത്ത്  എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു..

    ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ ,ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുത്തു.
ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ കിടത്തി.
അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.' 
രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് അപ്പോൾ ഒന്നും ചെയ്യാനായില്ല

.    എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തന്റെ ദേഹത്തു ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

    ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .

    ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.?

   എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു.അതിന് കാരണമായതോ ശനിയും.
    അതിനാലണത്രെ  വലിയ പരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.

   .ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ. 

      ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച മറ്റൊരു കഥയുമുണ്ട്.

      ഒരിക്കൽ ദേവലോകത്ത് എത്തിയ ശനിയോട് ദേവേന്ദ്രൻ കുറച്ച് അഹന്തയോടെ ഇങ്ങനെ പറഞ്ഞു.

    "നീ എല്ലാവരെയും പരീക്ഷിക്കുന്ന വലിയ നീതിമാനെല്ലെ.
എന്നാൽ ദേവന്മാരുടെ രാജാവായ എന്റടുത്ത് നിന്റെ ബാധയൊന്നും ഏൽപ്പിക്കാൻ നോക്കണ്ട എന്നെ ശനി ബാധിക്കില്ല.
എന്റെ ജാതകത്തിൽ അങ്ങിനെയൊരു ദശ നീയായിട്ടു വരുത്തിവക്കുകയും വേണ്ട"

  . ഇതെല്ലാം കേട്ട ശനി പറഞ്ഞു.

   " രാജാവായാലും കൊള്ളാം,
പ്രജയായാലും കൊള്ളാം.
 അനുഭവിക്കേണ്ടത്
അനുഭവിച്ചു തീർക്കുക തന്നെ വേണം
ഞാനായിട്ടു ഒന്നും ചെയ്തില്ലെങ്കിലും
വരും ഓരോ ദശ വന്ന പോൽ പോകും.
അതെല്ലാം ഓരോരുത്തരുടെ കർമ്മഫലമാണ്

.    ഉടൻ ദേവേന്ദ്രൻ പ്രതികരിച്ചു.

" ഹേ,ശനീ,
നീ വലിയ കണിശക്കാരനല്ലെ
എങ്കിൽ പറയൂ
എന്റെ ജാതകത്തിൽ ശനിദശ എപ്പോഴാണ്?

     ദേവരാജന്റെ ജാതകം നോക്കി ശനിദശക്കാലം കൃത്യമായി ശനി പറഞ്ഞു കൊടുക്കുകയും ചെയ്തു.

     കാലം കടന്നു പോയി ശനി പറഞ്ഞ സമയം വന്നപ്പോൾ ദേവേന്ദ്രൻ ഒരു കാര്യം ഉറപ്പിച്ചു.
എന്തു വന്നാലും ശനിക്ക് പിടികൊടുക്കാൻ അവസരമുണ്ടാക്കരുത്. എന്തെങ്കിലും ഉപായം കണ്ടു പിടിച്ചേ പറ്റു.പിന്നെ ഒട്ടും താമസിച്ചില്ല.

     ദേവേന്ദ്രൻ തന്റെ തനതു രൂപം ഉപേക്ഷിച്ച് ഒരു മുഷിക രൂപം സ്വീകരിക്കുകയും ആരെയും അറിയിക്കാതെ രഹസ്യമായി ഒരു കുപ്പയിൽ'ഒളിക്കുകയും ചെയ്തു..
ഈ രൂപത്തിൽ ശനി എന്നെ ബാധിക്കുന്നത് ഒന്ന് കാണട്ടെ എന്ന അഹംഭാവത്തിൽ  കുപ്പത്തൊട്ടിയിൽ ശനി പറഞ്ഞ കാലമത്രയും കഴിഞ്ഞപ്പോൾ പെരുച്ചാഴി വേഷം ഉപേക്ഷിച്ച് ദേവലോകത്ത് ഇന്ദ്രനായി തന്നെ വന്നു ചേർന്നു.

    പിന്നീട് ഒരു ദിവസം ശനിയെ കണ്ടപ്പോൾ പുച്ഛത്തോടെയും എന്നാൽ വിജയ ഭാവത്തോടെയും ശനിയെ പറ്റിച്ച കാര്യം ദേവേന്ദ്രൻ ശനിയെ ഓർമ്മിപ്പിച്ചു .

അപ്പോൾ ശനി ശാന്തഭാവത്തിൽ പറഞ്ഞു..

    "സ്വർഗ്ഗ ലോകത്ത് സർവ്വരാലും ആരാധ്യനായി കഴിയേണ്ട അങ്ങ് ശനിദശക്കാലം എവിടെയായിരുന്നുവെന്ന് അങ്ങ് തന്നെ ഓർത്താൽ മതി.
അങ്ങയെ ഈ വേഷം കെട്ടിച്ചതും അങ്ങിനെ തോന്നാൻ ഇടയാക്കിയതും ആരായിരിക്കുമെന്നു കൂടി ചിന്തിച്ചോളു. "

    അതെ എവിടെ പോയി ഒളിച്ചാലും ആർക്കും ശനി ബാധയെ തടുക്കാനാവില്ല
 ആൾ എത്ര സമർത്ഥനായാലും ഏത് അധികാരി ആയാലും ശനി പിടിക്കേണ്ട സമയത്ത് ശനി പിടികൂടും തീർച്ചയാണ്.

    പിടികിട്ടാപ്പുള്ളികളും പിടിയിലാകും അധികാരികൾ ചിലപ്പോൾ ജയിലിലും ആകും.

     അതാണ് ശനി .സാക്ഷാൽ ശനീശ്വരൻ.

   ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ്
സൂര്യന്റെ മകനാണ്.
ശനി രഹസ്യ സ്വഭാവസവിശേഷതയുള്ള ദേവനാണ്.
ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.
അത് 19 കൊല്ലം വരും'

     ശനിദോഷപരിഹാരത്തിന് ശനിമന്ത്രം,
ശനിഗായത്രി എന്നിവ ജപിക്കാം '
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.
കാക്കയ്ക്ക് ചോറു കൊടുക്കുക
നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം'

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട് ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.
ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്.

   എത്രയെത്ര വിശ്വാസങ്ങൾ എത്രയെത്ര കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല തന്നെ

കിം പുരുഷ ദേശം 

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പ്രിയവ്രതപുത്രനായ ആഗ്നീധ്രന്റെ ഒന്‍പതു പുത്രന്മാരില്‍ ഒരുവനാണ്‌ കിംപുരുഷന്‍. ആഗ്നീധ്രന്‍ തപസ്സിലേര്‍പ്പെട്ടിരിക്കവേ ആദിദേവന്‍ നിയോഗിച്ച പൂര്‍വചിത്തി എന്ന അപ്‌സരസിനെ സ്വീകരിച്ചുവെന്നും അദ്ദേഹം അവളില്‍ ഇളാവൃതന്‍, ഭദ്രാശ്വന്‍, ഹരി തുടങ്ങിയ ഒന്‍പതു പുത്രന്മാരെ ജനിപ്പിച്ചുവെന്നും ഒടുവില്‍ പൂര്‍വചിത്തി ദേവലോകത്തിലേക്കു മടങ്ങവേ ശോകാര്‍ത്തനായി പുത്രന്മാര്‍ക്കു രാജ്യം പങ്കിട്ടുകൊടുത്ത്‌ വനത്തിലേക്കു പോയിയെന്നും ഭാഗവതം അഞ്ചാം സ്‌കന്ധത്തില്‍ പ്രസ്‌താവിച്ചുകാണുന്നു. കിംപുരുഷനു പിതാവില്‍ നിന്നു ലഭിച്ച ദേശം പില്‌ക്കാലത്തു കിംപുരുഷവര്‍ഷമെന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു. ഹേമകൂടത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദേശം പരമഭാഗവതനായ ഹനുമാന്റെ വാസസ്ഥാനമാണെന്നും ലക്ഷ്‌മണാഗ്രജനായ രാമനെ ഗന്ധര്‍വന്മാരോടൊപ്പം ആരാധിച്ചുകൊണ്ട്‌ ആ ഭക്തന്‍ അവിടെ വസിച്ചുവരുന്നുവെന്നും പൗരാണികന്മാര്‍ വിശ്വസിക്കുന്നു.

 ""കിംപുരുഷേ ങ്കപിവര്‍ഷേ ഭഗവന്തമാദിപുരുഷം ലക്ഷ്‌മണാഗ്രജം സീതാഭിരാമം രാമം തച്ചരണ സങ്കര്‍ഷാഭിരതഃ പരമഭാഗവതോ ഹനുമാന്‍ സഹ കിം പുരുഷൈരവിരത ഭക്തിരുപാസ്‌തേ.

 (ഭാഗവതം പഞ്ചമസ്‌കന്ധം)

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
ക്ഷേത്ര കലാരൂപങ്ങൾ

കൃഷ്ണനാട്ടം
°°°°°°°°°°°°°°°
കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.

കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658 കൃ.വ.) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം. 12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്‌.

ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌.

കൂട്ടിയാട്ടത്തിൽ നിന്ന്‌ അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ശംഖ്‌, ഇലത്താളം എന്നിവ. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ്‌ (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി).

കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്.

ഗുരുവായൂരിലെ ഉത്സവത്തോടനുബന്ധിച്ച് പുറത്തുള്ള വേദിയിൽ കൃഷ്ണനാട്ടം അരങ്ങേറിയപ്പോൾ
കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.

കൊച്ചിരാജാവും സാമൂതിരിയും തമ്മിൽ പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൗഹാർദ്ദത്തിൽ കഴിഞ്ഞകാലത്ത് അന്നത്തെ കൊച്ചിരാജാവ് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം ‘കുവലയാപീഡം’ രംഗത്ത് യഥാർത്ഥമായി ഒരു കൊമ്പനാനയെ നിർത്താൻ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയകൊണ്ടും കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തിൽ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോൾ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി. ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണൻ കംസവധത്തിനായി രാജാവിന്റെ നേരേ അടുത്തപ്പോൾ കളിയാശാൻ കൃഷ്ണന്റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല.

കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തെയും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനെയും അനുസ്മരിച്ചുകൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളി സംഗീതമാണ്. കൂടുതൽ ജനപ്രീതി നേടാൻ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായമുള്ളവർക്ക് വിയോജിപ്പാണുള്ളത്. കേരളത്തിലെ സോപാന സംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിന്റെതെന്ന് അവർ അഭിപ്രായപ്പെടുന്നു. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുകൂട്ടുന്നു. കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല. പദംപ്രതിയുള്ള അഭിനയം കൃഷ്ണനാട്ടത്തിൽ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകാമിത്. കൃഷ്ണനാട്ടത്തിൽ പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാൻ കൂടുതൽ സന്ദർഭവും സൗകര്യവും കൊടുക്കാൻ കൂടിയാകാം.

കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം. കിരീടത്തിനും മെയ്യാഭരണങ്ങൾക്കും കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട്. ഗുരുവായൂരിൽ കൃഷ്ണനാട്ടവേഷങ്ങളെ കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്. പ്രധാന സ്ത്രീവേഷങ്ങളായ ദേവകിക്കും രുക്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട്.

ഏകദേശം ആറ് വയസ്സിലാണ് ആൺകുട്ടികളെ കൃഷ്ണനാട്ടം അഭ്യസിപ്പിച്ചു തുടങ്ങുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം വേണം. കർക്കിടകമാസനാളുകളിൽ നാല്പത് ദിവസത്തെ ഉഴിച്ചിൽ, വെളുപ്പാൻ കാലത്ത് നാലുമണിക്ക് കണ്ണു സാധകവും മെയ് സാധകവും, ഒന്നര മണിക്കൂർ നേരം ചുവടുസാധകം, കാലത്ത് എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസം, വീണ്ടും കണ്ണുസാധകം, താളം, വായ്ത്താരി എന്നിവ. തുടർന്ന് മൂന്ന് മണിമുതൽ ചൊല്ലിയാട്ടം, വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിൽ ചെന്ന് നാമജപം ചെയ്ത് തൊഴുത ശേഷം വീണ്ടും കളരിയിൽ പോയി അഭ്യസനം. ഇതാണ് അഭ്യാസ മുറ.
🙏🙏🙏🙏🙏🙏🙏🙏🍃🍃🍃🍃🍃🍃🍃🍃
🍃🍃🍃🍃🍃🍃🍃

ക്ഷേത്ര കലകൾ  (അനുഷ്ഠാന കലകള്‍)


⛲⛲⛲⛲⛲⛲⛲⛲

കളമെഴുത്തും പാട്ടുകളും

സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം. കേരളീയ ആചാരങ്ങളില്‍ സുപ്രധാനമായ സ്ഥാനം കളങ്ങള്‍ക്കുണ്ട്. കര്‍മ്മങ്ങളോടുകൂടി ഇഷ്ടദേവതയുടെ രൂപം വരക്കും.  പാട്ട് അടക്കമുള്ള ചടങ്ങുകള്‍ നടത്തി, മൂർത്തിയെ സ്തുതിച്ച് നന്തുണി മീട്ടി ദേവതാസ്തുതി പാടി, കളത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ചൈതന്യത്തെ ഉദ്വസിക്കുന്നു അഥവാ പ്രീതിപ്പെടുത്തുന്നു. വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരക്കും.  പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് കളം ഇടുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലുളള അനുഷ്ഠാനങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമാണ്.
നാടന്‍ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാര്‍ തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദര്‍ശനങ്ങളാണ്. പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാഗക്കളത്തില്‍ വാകയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്. വാകയില വിഷഹാരിയാണ് എന്നതാണ് ഇതിനുകാരണം.

ഓരോ പ്രദേശത്തും കളം വരക്കുന്നത് വ്യത്യസ്ത സമുദായക്കാരാണ്.  തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍,  പുള്ളുവന്‍, വണ്ണാന്‍, കണിശന്‍ തുടങ്ങിയ സമുദായക്കാര്‍ പരമ്പരാഗതമായി കളം വരക്കുന്നവരാണ്. കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍, കോപ്പാളന്‍ തുടങ്ങിയവരും കളം വരക്കാറുണ്ട്. അനുഷ്ഠാനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വരക്കുന്ന രൂപങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും. യക്ഷി, സര്‍പ്പം, ഭദ്രകാളി, ഗന്ധര്‍വന്‍, ഗുളികന്‍ എന്നിങ്ങനെ നിരവധി കളങ്ങള്‍ വിവിധ അനുഷ്ഠാനങ്ങളിലായി വരക്കാറുണ്ട്. കളമെഴുത്തും പാട്ട്, മുടിയേറ്റു്, പാന, തീയാട്ട്, പുള്ളുവന്‍പാട്ട്, കെന്ത്രോന്‍പാട്ട്, ഗന്ധര്‍വന്‍ തുള്ളല്‍, മലയന്‍ കെട്ട്, ബലിക്കള, ഭഗവതിപ്പാട്ട്, കളത്തിലരിപ്പാട്ട് തുടങ്ങിയ നിരവധി അനുഷ്ഠാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള കളങ്ങള്‍ എഴുതുന്നു. ചിത്രരചനയില്‍ പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ അറിവുകളും സങ്കേതങ്ങളും കളമെഴുത്തില്‍ പ്രകടമാക്കപ്പെടുന്നു. കളം വരക്കുന്നതിനോടനുബന്ധിച്ച് പാട്ടുകളും പാടും. ഓരോ അനുഷ്ഠാനത്തിനും പ്രത്യേകം പാട്ടുകളാണ്.

*ഭദ്രകാളിക്കളവും പാട്ടും:*

ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്.  ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും  സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്.  സംഹാരരൂപിണിയായ കാളിയെയാണ് വരക്കുന്നത്.  കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് കളത്തിന്റെ വലുപ്പം.  പതിനാറു മുതല്‍ അറുപത്തിനാലു വരെ കൈകളുള്ള കളങ്ങള്‍ വരക്കാറുണ്ട്. കളം പൂര്‍ത്തിയാകുന്നതോടെ നെല്ലും നാളികേരവും പൂക്കുലയും വെക്കും. അതോടെ പാട്ട് ആരംഭിക്കുകയായി.

ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള കളം പാട്ടുകളാണ് ഭദ്രകാളിപാട്ടുകൾ. ഇതിന് വടക്കൻ, തെക്കൻ എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്. തെക്കൻ ദിക്കിൽ കോവലൻചരിതം അഥവാ കണ്ണകീചരിതം പാടുമ്പോൾ, വടക്കൻ ദിക്കിൽ ദാരികവധമാണ് പ്രമേയമാക്കുന്നത്. ഇവയ്ക്ക് ആയിരത്തിലധികം വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഭദ്രകാളിപാട്ടുകൾ എഴുതിപഠിക്കരുത് എന്നാണ് വിശ്വാസം.

പാട്ട് കഴിഞ്ഞാല്‍ പിണിയാള്‍ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം.  വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉറഞ്ഞു തുള്ളാറുമുണ്ട്.  തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കു ശേഷം കളം മായ്ക്കും.  കേരളത്തിന്റെ തനത് സംഗീതത്തിന്റെ വര്‍ണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

കുറുപ്പന്മാരാണ് കളം വര, പാട്ട് എന്നിവ കൈകാര്യം ചെയ്യുന്നത്. വെളിച്ചപ്പാട് കളപ്രദക്ഷിണം നാളീകേരമേറ് തുടങ്ങിയവ നടത്തുന്നു. വേട്ടക്കരന്റെ കളത്തിൽ മാത്രം കല്ലാറ്റക്കുറുപ്പ് ( പാട്ടുകുറുപ്പ്) കളം വരക്കുകയും പാറ്റുകയും കാരോലനായർ വെളിപ്പെട്ട് കളപ്രദക്ഷിണം , അനുഗ്രഹം കളം മായ്ക്കൽ മുതലായവ നടത്തുകയും ചെയ്യുന്നു. വിശേഷാവസരങ്ങളിൽ വേട്ടക്കരനുള്ള കളം പാട്ടിൽ പന്ത്രണ്ടായിരം നാളികേരം കാ‍രോലനായർ എറിയുന്നു. ദക്ഷിണകേരളത്തിലെ കുറുപ്പന്മാർ വാദ്യം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.


*നാഗക്കളവും പുള്ളുവന്‍പാട്ടും:*

നാഗങ്ങള്‍ അഥവാ പാമ്പുകള്‍ മണ്ണിന്റെ അധിദേവതകളാണ് എന്ന ഒരു സങ്കല്‍പ്പമുണ്ട്.  ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ വീടുകളിലും ക്ഷേത്രങ്ങളിലും സര്‍പ്പങ്ങള്‍ക്കു പ്രത്യേക സ്ഥാനം നല്‍കി അനുഷ്ഠാനങ്ങളും മറ്റും നടത്തിപ്പോരുന്നത്.  അത്യുത്തരകേരളത്തില്‍ നാഗത്തെയ്യങ്ങളും ഉണ്ട്. സര്‍പ്പങ്ങളെ സന്തോഷിപ്പിക്കാനും അതിലൂടെ സമാധാനവും ഐശ്വര്യവും നിലനിര്‍ത്താനും ഒട്ടേറെ അനുഷ്ഠാനങ്ങളുണ്ട്.  അതില്‍ പ്രധാനമാണ് നാഗക്കളവും പാട്ടും.  കേരളത്തിലെ പല പ്രദേശങ്ങളിലും നാഗാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെ കാര്‍മ്മികര്‍ പുള്ളുവരാണ്.

നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാല്‍ ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായാല്‍ പഞ്ചാര്‍ച്ചന നടത്തും. ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയല്‍' എന്ന ചടങ്ങാണ്.  ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടര്‍ന്നു നടക്കും.   അതോടെ വ്രതം അനുഷ്ഠിച്ച പെണ്‍കുട്ടികള്‍ കളത്തില്‍ പ്രവേശിച്ച് തുളളല്‍ നടത്തും. കൈയില്‍ കവുങ്ങിന്‍ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികള്‍ ധരിച്ചിരിക്കും. ഈ  സന്ദര്‍ഭത്തില്‍ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടര്‍ന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക.  അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖുപാലന്‍, മഹാപത്മന്‍, പത്മന്‍, കാളിയന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍. കന്യകമാര്‍ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും. 

*കളം പാട്ട് അഥവാ കളമ്പാട്ട്:*

കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കന്‍ കേരളത്തില്‍ നടപ്പുള്ളതില്‍ നിന്നും വിഭിന്നമാണ് വടക്കന്‍ കേരളത്തിലെ അനുഷ്ഠാനങ്ങള്‍.  കണിയാന്‍ അഥവാ കണിശാരാണ് കാര്‍മ്മികര്‍. വണ്ണാന്‍ സമുദായക്കാരും കളം പാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്.  ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങളാണ് വരക്കുന്നത്. കളത്തിലെ രൂപത്തിന് മുന്നില്‍ പിണിയാളെ നിര്‍ത്തിയാണ് പാട്ട് പാടുന്നത്. ഇലത്താളം മുട്ടികൊണ്ടാണ് പാട്ട് പാടുന്നത്. കല്ല്യാണ സൗഗന്ധികം, ബാലിവിജയം, കുചേലവൃത്തം, കൃഷ്ണലീല, മാരമ്പാട്ട് തുടങ്ങിയ പാട്ടുകളാണ് പാടാറുള്ളത്. പാട്ടും താളവും മുറുകുമ്പോള്‍ പിണിയാള്‍ ഉറഞ്ഞു തുള്ളുകയും കളം മായ്ക്കുകയും ചെയ്യും.

*ചീര്‍മ്പക്കാവുകളിലെ കളം:*

അത്യുത്തര കേരളത്തിലെ തീയ്യരുടെ ചീര്‍മ്പക്കാവുകളില്‍ കളം വരച്ച് പാട്ടുപാടുന്ന രീതിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് മൂന്നുദിവസങ്ങളിലായാണ് ചടങ്ങുകള്‍. തീയ്യ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ് കാര്‍മ്മികര്‍.  നാഗക്കളമാണ് കുറിക്കുന്നത്. ചീര്‍മ്പക്ക് കാല്‍ചിലങ്കയില്‍ അണിയാന്‍ രത്നക്കല്ല് കൊടുത്തത് കാര്‍ക്കോടകനെന്ന സര്‍പ്പമാണത്രെ. കാര്‍ക്കോടകനെ ചിത്രീകരിക്കുന്നതാണ് നാഗക്കളം. മൂന്നാം ദിവസം തെയ്യക്കോലങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ താലപ്പൊലി നിരക്കുന്നതിനു മുമ്പായി ചീര്‍മ്പയുടെ പ്രതിരൂപമായ ആയത്താനും വെളിച്ചപ്പാടും കളം 'കയ്യേല്‍ക്കല്‍'ചടങ്ങു നടത്തി കളം മായ്ക്കും. ചീര്‍മ്പ ദാരികനെ വധിച്ച സന്ദര്‍ഭം വിവരിക്കുന്ന കഥാഗാനമാണ് ഈ അവസരത്തില്‍ ആലപിക്കുന്നത്. ലളിതമായ ശൈലിയും അകൃത്രിമമായ ഈണവും ഈ പാട്ടിന്റെ പ്രത്യേകതകളാണ്. കാവിന്റെ നടുമുറ്റത്ത് ഒരുക്കിയ പന്തലില്‍ പ്രത്യേകം തയാറാക്കിയ സ്ഥാനത്താണ് കളം എഴുതുന്നത്. കര്‍മ്മങ്ങള്‍ക്കിടയില്‍ കളം എഴുതിയ സ്ഥാനം സര്‍പ്പങ്ങളുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കറുപ്പും വെളുപ്പും ചുവപ്പും നിറമുള്ള തുണി കൊണ്ട് മറക്കും. താലപ്പൊലിയുടെ ഭാഗമായുള്ള മറ്റു ചടങ്ങുകള്‍ക്കിടയിലാണ് പാട്ട് പാടുന്നത്. പാട്ടിന്റെ താളത്തിന് കൈമണി ഉപയോഗിക്കും. പാട്ടുകാര്‍ വ്രതം നോറ്റിരിക്കണമെന്നത് നിര്‍ബന്ധമാണ്.

അത്യുത്തര കേരളത്തില്‍ തന്നെ പുലയര്‍, മുന്നൂറ്റാന്‍, വേലന്‍ തുടങ്ങിയ സമുദായക്കാരും കളം എഴുതി പാട്ടു പാടുന്ന അനുഷ്ഠാനം നടത്താറുണ്ട്.  പൂമാലക്കാവുകളിലും ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്.

⛲⛲⛲⛲⛲⛲⛲⛲⛲⛲
ക്ഷേത്ര കലകൾ
💥💥💥💥💥💥💥💥


തിടമ്പു നൃത്തം
================


കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,കോഴിക്കോട്തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം. ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശൻ, വാരിയർ, ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു ക്ഷേത്രനൃത്തകല. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയിൽ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. നമ്പൂതിരി സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അപൂർവമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്മണരും തിടമ്പുനൃത്തം ചെയ്യുന്നവരാണ്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാർ, പൊതുവാൾ എന്നീ സമുദായക്കാരാണ് വാദ്യക്കാർ. ക്ഷേത്രത്തിൽ പൂവും മാലയും ഒരുക്കുന്ന നമ്പീശൻ, പുഷ്പകൻ, വാര്യർ, ഷാരടി, ഉണ്ണിത്തിരി എന്നീ സമുദായക്കാർക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. 'കൊട്ടിയുറച്ചിൽ' എന്ന ചടങ്ങോടുകൂടിയാണ് നൃത്തം ആരംഭിക്കുന്നത്. നൃത്തം ചെയ്യുമ്പോൾ നർത്തകൻ ഒരു കൈകൊണ്ട് തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയിൽ ഉടക്കി നെഞ്ചിനോട് ചേർത്തുപിടിക്കുകയും ചെയ്യും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കൊട്ടിന്റെ താളത്തിനനുസരിച്ചാണ് നൃത്തം. താളം മുറുകുന്നതിനനുസരിച്ച് കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങൾക്കുപുറമേ 'തകിലടി' എന്നൊരു താളവും തിടമ്പുനൃത്തത്തിലുണ്ട്. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവും ധരിക്കുന്നു. തലയിൽ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കിൽ സ്വർണം കൊണ്ടുള്ള നെറ്റിപ്പട്ടവും ഉണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, കൈകളിൽ വള തുടങ്ങിയവ നർത്തകന്റെ വേഷവിധാനമാണ്. ചെണ്ട, വീക്കൻചെണ്ട, ഇലത്താളം, കുറുംകുഴൽ, ശംഖ് എന്നിവയാണ് തിടമ്പുനൃത്തത്തിലെ വാദ്യോപകരണങ്ങൾ.

വാദ്യോപകരണങ്ങളിലെ താളം ആണ്‌ പൂർണ്ണമായും ഈ കലാരൂപത്തെ‌ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ് ഇത്. തിടമ്പു നൃത്തം പൂർണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തിൽ വരുന്നില്ല. ആരാധനാമൂർത്തിയുടെ അലങ്കരിച്ച രൂപത്തെ തിടമ്പ് എന്ന് പറയുന്നു. തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു. ശിരസ്സിൽ തിടമ്പ് സംതുലനം ചെയ്തു നിർത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകിൽ കൂർത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും. ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നർത്തകൻ നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരിൽ നിന്നും നേർച്ചപ്പണം ഇവർ സ്വീകരിക്കും.ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്. നർത്തകൻ ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളിൽ പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങൾ ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു. പ്രകടനം വിവിധ നിലകളിലായി പുരോഗമിക്കുന്നു, ഉറയൽ, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നർത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേർ വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വർഷം പഴക്കമുള്ള ഈ കല നാട്യശാസ്ത്രത്തിലെ നിയമങ്ങളെല്ലാം അനുസരിക്കുന്നുണ്ട്. കലാപരമായും ശ്രമകരമായും ഏറെ സമയമെടുത്താണ് തിടമ്പുനൃത്തത്തിനുള്ള മാലകൾ തയ്യാറാക്കുന്നത്.ഇതിന് മിന്നി, മുഖം ,വെളുമ്പ്, മടി, പച്ച എന്നിങ്ങനെ പേരുകളുമുണ്ട്. തിടമ്പ് നൃത്തത്തിൽ ഒഴിച്ച നിർത്താൻ കഴിയാത്തതും ഭക്തജനങ്ങൾക്കു ദൃശ്വവിരുന്നാവുന്നതും ഈ കഴകകലാകാരൻമാരുടെ ഏറെ നേരത്തെ പ്രവൃത്തി കൂടി ആണ്

💥💥💥💥💥💥💥💥💥

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...