Monday, July 23, 2018

കർക്കടക സംക്രാന്തി

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് കേരളീയര്‍. കേരളത്തിലെ പഴയ പല ആചാരങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു ണ്ടെന്ന് പറയാതെ വയ്യ. അങ്ങനെയുള്ള ആചാരങ്ങളിലൊന്നാണ് കര്‍ക്കടക സംക്രാന്തി ആഘോഷം. കേരളത്തില്‍, തെക്കെ മലബാറിലാണ് ഇത് കൂടുതല്‍ ആചരിച്ചുകാണുന്നത്. മിഥുനമാസത്തിന്റെ അവസാനത്തില്‍ കര്‍ക്കടക സംക്രമദിവസം സന്ധ്യാസമയത്താണ് ആഘോഷം നടക്കുക. സംക്രാന്തിക്ക് മുന്‍പായി വീടുകളിലെ മുറ്റത്തെ പുല്ലു ചെത്തി വൃത്തിയാക്കുന്നു. കട്ടിലകള്‍,ജനാലകള്‍ എന്നിവ കഴുകിവൃത്തിയാക്കുന്നു. പശുവിന്‍ ചാണകവെള്ളം തളിച്ച് വീടുകളും പരിസരങ്ങളും ശുദ്ധമാക്കുന്നു. അതിനുശേഷം പൊട്ടിയെ അടിച്ചു പുറത്താക്കുന്നു. ഒരു കീറിയ പഴയ മുറത്തില്‍ ചോറുകൊണ്ട് വെളുത്തതും കറുത്തതും മഞ്ഞയും നിറങ്ങളില്‍ മൂന്ന് ഉരുളകള്‍ ഉണ്ടാക്കിവയ്ക്കുന്നു. എരിഞ്ഞി ഇല, കൂവയില, മെച്ചിങ്ങ, കുറ്റിച്ചൂല്, മൈലാഞ്ചി എന്നിവയും വയ്ക്കുന്നു. ചോറ് ഉരുളകളുടെ മുകളിലായി മൂന്നുതീരികള്‍ കത്തിച്ചുവയ്ക്കുന്നു. അതിനുശേഷം വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അല്ലെങ്കില്‍ മറ്റാരെങ്കിലും ഈ മുറം കയ്യില്‍ വച്ച് എല്ലാ മുറികളിലും കയറിയിറങ്ങുന്നു. പൊട്ടി പോ, പോ, ശീപോതിയും മക്കളും വാ വാ എന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടാണ് എല്ലാ മുറികളിലും കയറിയി റങ്ങുന്നത്. അതിനുശേഷം വീടിന് ചുറ്റും മൂന്നു പ്രാവശ്യം വലംവയ്ക്കുന്നു. വാഴപ്പിണ്ടികള്‍കൊണ്ടും മടലുകള്‍കൊണ്ടും നിലത്ത് അടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളും ഇവരുടെ പിറകേ ഓടുന്നു. വീട് മൂന്ന് തവണ വലംവച്ചശേഷം മുറവും അതിലെ സാധനങ്ങളും മറ്റും ദൂരെ ഒഴിഞ്ഞ കോണില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ആ സ്ത്രീ ഒരു കുളത്തില്‍ പോയി നീന്തി, തുടിച്ച് കുളിക്കുന്നു. കുളിക്കുന്നതിന് മുന്‍പായി ദേഹത്തിലും തലയിലും നിറയെ എണ്ണതേയ്ക്കുന്നു. കുറച്ച് എണ്ണ ഭൂമീദേവിക്കും സമര്‍പ്പിക്കും. ചേട്ടയെ അടിച്ചുപുറത്താക്കി ശ്രീപാര്‍വതിയെ അഥവാ ശ്രീദേവിയെ കുടിയിരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. മനുഷ്യമനസ്സുകളിലെ ദുഷ്ചിന്തകളും ദുഷ്‌പ്രേരണകളും അകറ്റി മനസ്സില്‍ ദൈവവിശ്വാസം ഉണ്ടാക്കുവാനും, ആത്മാവ് ശുദ്ധീകരിക്കുവാനുമാണ് ഇത് നടത്തുന്നത്. ഇത് നടത്തുന്നത്. കര്‍ക്കടകമാസം ഒന്നിന് കാലത്ത് ഗൃഹനായിക കുളിച്ച് ശുദ്ധമായി പുതുവസ്ത്രങ്ങള്‍ ധരിച്ച് ദശപുഷ്പങ്ങള്‍ ചൂടി, വീട്ടിലെ മച്ചില്‍ അഥവാ പൂജാമുറിയില്‍ ഏഴുതിരിയിട്ട് നിലവിളക്ക് കൊളുത്തിവയ്ക്കുന്നു. ഒരു ഓട്ടുകിണ്ടിയില്‍ നിറയെ വെള്ളവും വയ്ക്കുന്നു. ഒരു താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വയ്ക്കുന്നു. കറുക, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ചെറൂള, മുയല്‍ചെവിയന്‍, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. വീട്ടില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകുവാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശ്വാസം. കര്‍ക്കടകമാസം പുണ്യമാസമായിട്ടാണ് ഹിന്ദുക്കള്‍ കാണുന്നത്. കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുവരുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇക്കാലത്ത് പ്രത്യേക പൂജകളും നടന്നുവരുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ (നാലമ്പലം) കര്‍ക്കടക മാസത്തില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതും പുണ്യമായി കരുതുന്നു. (കരിമുട്ടം ക്ഷേത്രത്തിൽ നിന്നുമുള്ള ഈ വർഷത്തെ നാലമ്പല യാത്ര *ആഗസ്റ്റ് 5* നാണെന്നുള്ളത് ഓർക്കുമല്ലോ) മിഥുനമാസത്തിലെ ദുരിതവും കര്‍ക്കടകമാസത്തിലെ ദുര്‍ഘടവും കഴിഞ്ഞ് പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ മുന്നോടിയായിട്ടാണ് കര്‍ക്കടകസംക്രാന്തിയെ നാം കാണുന്നത്. കേരളത്തില്‍ കര്‍ക്കടക സംക്രാന്തി ദിവസം മുതല്‍ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു തുടങ്ങുന്നു. 

കരിമുട്ടം ദേവി ക്ഷേത്രം

വേദവതി

ദക്ഷസാവർണ്ണിയുടെ വംശത്തിൽപ്പെട്ട വൃഷധ്വജന്റെ പൗത്രനായ കുശധ്വജൻ (രഥധ്വജന്റെ പുത്രൻ) സൂര്യദേവന്റെ ശാപത്താൽ ഐശ്വര്യം നഷ്‌ടപ്പെട്ട് , പത്നീസമേതനായി വേദമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു ഒരിക്കൽ പുത്രീജനനത്തിനായി ലക്ഷ്മീ ദേവിയേ പ്രാർത്ഥിച്ചുപോന്നു. അങ്ങനെയിരിക്കെ കുശധ്വജന്റെ വായിൽനിന്ന്‌ ഒരു ശിശു ജനിച്ചു. ശിശു ലക്ഷ്‌മീദേവിയുടെ അവതാരമായിരുന്നതിനാൽ, രാജാവിനു നഷ്‌ടമായ ഐശ്വര്യമെല്ലാം അതോടെ വീണ്ടുകിട്ടി.
കുശധ്വജൻ മകൾക്കു വേദവതി എന്നു നാമകരണം ചെയ്തു. വേദജപങ്ങൾക്കിടയിലായിരുന്നല്ലോ ജനനം.  അവൾ വളർന്നു സുന്ദരിയായ യുവതിയായി.

അക്കാലത്താണ്‌ ശംഭു എന്ന അസുരൻ അതുവഴി വന്നു. വേദവതിയെ കണ്ട അയാൾക്കു ആ അംഗനാരത്നത്തേ വിവാഹം കഴിച്ചേ പറ്റൂ. കുശധ്വജൻ സമ്മതിച്ചില്ല. കുപിതനായ അസുരൻ പിന്നീട്  രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുശധ്വജനെ വെട്ടിക്കൊന്നു.
ശബ്‌ദം കേട്ട്‌ ഓടിയെത്തിയ വേദവതി ആ ദാരുണമായ രംഗം കണ്ടു. അവൾ തീപാറുന്ന കണ്ണുകളാൽ ശംഭുവിനെ ശപിച്ചു. വേദവതി ഒന്നു നോക്കിയതേയുളളൂ. ആ അസുരൻ ഉടനെ ഭസ്‌മമായി.

വേദവതി പിന്നെ ഏകാന്ത തപസ്സ്‌ അനുഷ്‌ഠിച്ചു. വിഷ്‌ണുഭഗവാനെ ഭർത്താവായി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു തപസ്സ്‌. വേദവതിയുടെ തപോഭൂമിയിൽ ഒരുദിവസം, തന്റെ ജൈത്രയാത്രയ്‌ക്കിടയിൽ രാവണൻ എത്തിച്ചേർന്നു.

“അതിസുന്ദരമായ ഈ ശരീരം തപസ്സിനാൽ ഉണക്കുന്നതെന്തിന്‌? വിശ്വവിജയിയായ ഈ രാവണനെ ഭർത്താവായി സ്വീകരിക്കൂ.” വേദവതിയോടു രാവണൻ അപേക്ഷിച്ചു.

തികഞ്ഞ പുച്ഛത്തോടെ വേദവതി ആ അപേക്ഷ നിരസിച്ചു. രാവണൻ അതു ക്ഷമിച്ചില്ല. അവളെ മുടിക്കു ചുറ്റിപ്പിടിച്ച് വലിച്ചു.പല്ലും നഖവും കൊണ്ട്‌ വേദവതി രാവണനെ എതിർത്തു. അവൾ മുടിമുറിച്ചു മാറ്റി. രാവണൻ കാൺകെ തപഃശക്തിയാൽ അഗ്നി ജ്വലിപ്പിച്ചു. ഒരു നീചാത്മാവിന്റെ കരസ്‌പർശത്താൽ അശുദ്ധമായ ഈ ശരിരം താൻ ഉപേക്ഷിക്കുകയാണെന്നു പറഞ്ഞുകൊണ്ട്‌ അവൾ അഗ്നിപ്രവേശം ചെയ്ത് മരിക്കുകയുണ്ടായി.

“മഹാദുഷ്‌ടനായ രാവണാ! അടുത്ത ജന്മത്തിൽ മഹാവിഷ്‌ണു എന്റെ ഭർത്താവായി വരും. നിന്നെ വധിക്കും; അതിനു ഞാൻ നിമിത്തമാകും.” എന്നു പറഞ്ഞുകൊണ്ടായിരുന്നു വേദവതിയുടെ അഗ്നിപ്രവേശം.

ആ ശാപവാക്കുകൾ രാവണന്റെ ഉളളു പൊളളിച്ചു. വേദവതി ഇതിനകം ചാരമായിക്കഴിഞ്ഞിരുന്നു. ചാരം അവിടെ കിടന്നു പുനർജനിച്ചാലോ എന്ന്‌ ആ മൂഢാത്മാവു ഭയപ്പെട്ടു. അതെടുത്തു പെട്ടിയിലാക്കിയാൽ മരണത്തെ ഒഴിവാക്കാമെന്നും ശാപം ഫലിക്കില്ലെന്നും രാവണൻ വ്യാമോഹിച്ചു.

വേദവതിയുടെ ചാരം മുഴുവൻ തുടച്ചെടുത്ത്‌ ഒരു സ്വർണ്ണ പേടകത്തിലാക്കിയാണു രാവണൻ ലങ്കയിൽ തിരിച്ചെത്തിയത്‌. അവിടെ ഒരു വിജനപ്രദേശത്തു പെട്ടി ഒളിപ്പിച്ചുവെച്ചു. ഇടയ്‌ക്കിടെ രാവണൻ രഹസ്യമായി ആ സ്ഥലം സന്ദർശിക്കും. വല്ല മാറ്റവും വരുന്നുണ്ടോ എന്ന്‌ അറിയണമല്ലോ.

മാറ്റം ഉണ്ടായത്‌ ലങ്കയ്‌ക്കു മുഴുവനുമാണ്‌! ഓരോരോ ദുർന്നിമിത്തങ്ങൾ; ദുരന്തങ്ങൾ ലങ്കയെ ഉലച്ചു. അക്കാലത്താണ്‌ നാരദമഹർഷിയുടെ ലങ്കാ സന്ദർശനം. രാവണൻ തന്റെ ഉൽക്കണ്‌ഠകൾ നാരദനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു

“അങ്ങു സൂക്ഷിക്കുന്ന ഒരു രഹസ്യപേടകമാണ്‌ എല്ലാ ദോഷങ്ങൾക്കും കാരണം. ആ പെട്ടി ഇവിടെ ഇരുന്നാലും നശിപ്പിച്ചാലും ലങ്ക രക്ഷപ്പെടുമെന്നു തോന്നുന്നില്ല. തൽക്കാലം ഒരു കാര്യം ചെയ്യാം അതെടുത്തു ദൂരെ കടലിൽ ഒഴുക്കിവിട്ടേയ്‌ക്കൂ.”
നാരദന്റെ ഉപദേശം കേട്ട രാവണൻ പെട്ടിയെടുത്തു സമുദ്രത്തിൽ ഒഴുക്കി. അലമാലകൾ അതിനെ ഭാരത തീരത്തിലാണ്‌ എത്തിച്ചത്‌.

ആദ്യം ആ സ്വർണ്ണപ്പെട്ടി കളളന്മാരുടെ കണ്ണിലാണു പെട്ടത്‌. അവർ അതുമായി വടക്കോട്ടു പോകവേ, രാജഭടന്മാരാൽ പിടിക്കപ്പെടുമോ എന്ന ഭയത്താൽ   അവർ സ്വർണ്ണപേടകം ഭൂമിയിൽ കുഴിച്ചുമൂടി.
പിന്നീടു സൗകര്യംപോലെ വന്ന്‌ എടുക്കാമെന്നായിരുന്നു കളളന്മാരുടെ വിചാരം. അതിനുളള അടയാളവും ഓർത്തുവെച്ചു. പക്ഷേ, കുറേക്കാലത്തേയ്‌ക്ക്‌ അങ്ങോട്ടു ചെല്ലാൻ അവർക്കു കഴിഞ്ഞില്ല. ചെന്നപ്പോഴോ? കുഴിച്ചിട്ട സ്ഥലം കൃത്യമായി അറിയാനും സാധിച്ചില്ല!

ജനകമഹാരാജാവിന്റെ മിഥിലാ രാജ്യമായിരുന്നു അത്‌. അദ്ദേഹം അക്കാലത്ത്‌ ഒരു യാഗം നടത്താൻ തീരുമാനിക്കുകയുണ്ടായി. അതിലേയ്‌ക്കു പ്രത്യേകതയുളള ഒരു യാഗത്തറ നിർമ്മിക്കണം. അതിന്നു തിരഞ്ഞെടുത്ത സ്ഥലം തെളിച്ചെടുത്ത്‌ ഉഴുതു മറിക്കുമ്പൊഴാണു മഹാത്ഭുതം!

ഒരു സ്വർണ്ണപേടകം! അതിനകത്തുണ്ടായിരുന്ന  വേദവതീദേഹഭസ്മത്തിൽ  വേദവതിയുടെ ആത്മാവും ജീവനും നേരത്തേ പ്രവേശിച്ചുകഴിഞ്ഞിരുന്നു. അത്‌ ഒരു ശിശുവിന്റെ രൂപം പ്രാപിച്ചും കഴിഞ്ഞിരുന്നു.

ജനകമഹാരാജാവ്‌ പെട്ടിയെടുത്തു തുറന്നു നോക്കിയപ്പോൾ കണ്ടത്‌ പൊൻപ്രഭ തൂകുന്ന ഒരു പെൺകുഞ്ഞ്‌! കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിനുണ്ടായ സന്തോഷത്തിന്‌ അതിരില്ല. അദ്ദേഹം അവളെ കൊട്ടാരത്തിൽ കൊണ്ടുപോയി സീത എന്നു പേർ നൽകി ഓമനയായി വളർത്തി.

അങ്ങനെ മഹാലക്ഷ്‌മിയുടെ അംശമായ വേദവതിയുടെ പുനർജ്ജന്മമായി, സീത മിഥിലയിലെ രാജകുമാരിയായി. ജനകാത്മജയെന്നും മൈഥിലിയെന്നും വൈദേഹിയെന്നുമൊക്കെ അവൾ പല പേരുകളിൽ അറിയപ്പെട്ടു. അവൾ അയോനിജയായ മഹാലക്ഷ്‌മിതന്നെയാണ്‌.

രാമാവതാരമെടുത്തു വരുന്ന വിഷ്‌ണുവിന്റെ ധർമ്മപത്‌നിയായി, രാവണനിഗ്രഹത്തിനു പ്രതിജ്ഞയെടുത്തു വന്ന സ്‌ത്രീരത്‌നം- സീത. വിശ്വസാഹിത്യത്തിലെ തിളക്കമാർന്ന ഈ കഥാപാത്രത്തിന്റെ ഒപ്പം നിൽക്കാൻ മറ്റൊരു കഥാപാത്രത്തിനും സാധിക്കും എന്നു തോന്നുന്നില്ല.

( ഭൂമി കീറുമ്പോളുണ്ടായ കന്യകയ്ക്ക് സീത എന്ന പേരിട്ടു. സീത എന്നു പേരു വരാൻ കാരണം സിതയിൽ നിന്നുണ്ടായവൾ എന്ന അർത്ഥത്തിലാണ്. സിത എന്നാൽ ഉഴവുചാൽ എന്നർത്ഥം. )

കരിമുട്ടം ദേവി ക്ഷേത്രം

സമ്പാതി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

കിഷ്കിന്ധാകാണ്ഡ'ത്തിൽ സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്മാർ മഹേന്ദ്രാചലത്തിലെ ഒരു ഗുഹയിൽ വെച്ച്‌ ജടായൂ സഹോദരനായ സമ്പാതി എന്ന പക്ഷിശ്രേഷ്ഠനെ കണ്ടുമുട്ടുന്നു.

തന്റെ കരുത്തിലുള്ള അമിതവിശ്വാസം മൂലം സൂര്യമണ്ഡലത്തിലേക്ക്  ചിറകുവിരുത്തി പറന്നുചെന്നപ്പോൾ സൂര്യതാപത്താൽ ചിറകുകൾ കരിഞ്ഞു ഭൂമിയിൽ വീണുപോയ ഹതഭാഗ്യനായ പക്ഷിയാണ്‌ സമ്പാതി.

തന്റെ സഹോദരൻ ജടായു ശ്രീരാമചന്ദ്ര ദർശനം കൊണ്ടു മോക്ഷ പ്രാപ്തനായതറിഞ്ഞ സമ്പാതി അത്യന്തം സന്തോഷവാനായിത്തീർന്ന്‌ താനറിഞ്ഞ സീതാവൃത്താന്തം പറയുന്നു. സമ്പാതിയാണ്‌ സീത എവിടെയാണു ള്ളതെന്ന കൃത്യമായ വിവരം വാനരപ്രവരർക്കു നൽകുന്നുത്‌:

ദുർഘടവും സങ്കീർണവുമായിരുന്ന സീതാന്വേഷണ യാത്രയ്ക്ക്‌ കൃത്യമായി നേർവഴി കാണിച്ചു നൽകുന്നത്‌ സമ്പാതിയാണ്‌. പക്ഷിയായതുകൊണ്ട്‌ നൂറുയോജന ദൂരേയിരിക്കുന്ന സീതയെ നേരേ തനിക്കു കാണാൻ കഴിയുന്നുണ്ടെന്ന്‌ സമ്പാതി സാക്ഷ്യപ്പെടുത്തുന്നു. അതിനുശേഷമാണ്‌ വാനരസംഘത്തിന്‌ സമുദ്രലംഘന ചിന്തയുണ്ടാകുന്നത്‌.

കരിമുട്ടം ദേവി ക്ഷേത്രം

ജയദ്രഥനും സുരഥനും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

കൌരവരുടെ ഒരേയൊരു സഹോദരിയായിരുന്നു ദുശ്ശള. നൂറു സഹോദര ന്മാരുടെ ഒരേ ഒരു പെങ്ങൾ. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയുംമകൾ. ദുശ്ശളയെ വിവാഹം കഴിച്ചത് സിന്ധു രാജാവായ ജയദ്രഥനാണ്. ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരി ക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതുകൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271-ാം അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചുകാണുന്നുണ്ട്.

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായിഅർജുനൻ അശ്വത്തെ നയിച്ച് വിദർഭ ദേശത്തെത്തിയപ്പോൾ, ദുശ്ശളയുടെ പുത്രനായ സുരഥനും മറ്റു ചില യോദ്ധാക്കളും അശ്വത്തെ തടഞ്ഞു. അർജുനൻ അവരെ വധിച്ചു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞുമായി അർജുനന്റെ അടുത്തെത്തി. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിക്കുകയും സുരഥന്റെ പുത്രനെ സിന്ധു രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു എന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം  

Friday, July 13, 2018

ചാക്ഷുഷി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ചാക്ഷുഷി മന്ത്രം ഒരു ദിവ്യമന്ത്രമാണ്. കാണാൻ ആഗ്രഹിക്കുന്ന ഏതിനേയും കാണുവാൻ സഹായകമവുന്ന മന്ത്രമാണ് ചാക്ഷുഷി. മഹാ ഭാരതത്തിൽ ചക്ഷുഷി വിദ്യയെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഗന്ധർവനായിരുന്ന അംഗാരവർണ്ണനു ഈ ദിവ്യമന്ത്രം അറിയാമായി രുന്നതായി മഹാഭാരതത്തിലെ ആരണ്യ പർവ്വത്തിൽ പറയുന്നുണ്ട്. ഈ മന്ത്രം അദ്ദേഹം പാണ്ഡവരിലെ അർജ്ജുനനു ഉപദേശിച്ചു കൊടുത്തിരുന്നു.

അരക്കില്ല ദഹനത്തിനുശേഷം അവിടെ നിന്നും രക്ഷപെടുന്ന പാണ്ഡവർ വ്യാസോപദേശത്താൽ പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ രാത്രിയിൽ പാഞ്ചാലത്തേക്ക് യാത്രതിരിക്കുന്നു. പാണ്ഡവർ ഗംഗാനദി കടന്നു പോകുമ്പോൾ സോമശ്രവായം എന്നസ്ഥലത്ത് എത്തിയപ്പോൾ അംഗാരവർണ്ണനെന്ന ഗന്ധർവ്വൻ പരിവാരസമേതം (പത്നിമാരായ യക്ഷികളോടൊപ്പം) അവിടെ ഗംഗയിൽ കുളിക്കുന്നതു കാണാനിടയായി. യാത്രയിൽ അർജ്ജുനൻ ഒരു പന്തവും കൊളുത്തി മുൻപിലായിരുന്നു യാത്ര. മനുഷരെ രാത്രിയിൽ അവിടെ കാണാനിടയായതിനാൽ ഗന്ധർവനായഅംഗാരവർണ്ണൻ കുപിതനായി അർജ്ജുനനോട് യുദ്ധം ചെയ്തു. അംഗാരവർണ്ണനും അർജ്ജുനനും തമ്മിൽ നടത്തിയ യുദ്ധത്തിൽ അർജ്ജുനൻ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവർണ്ണന്റെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ദിവ്യരഥം കത്തിച്ചു കളയുകയും, അസ്ത്രപ്രഭയിൽ അംഗാരവർണ്ണൻ മോഹലാസ്യപ്പെട്ടു ഗംഗയിൽ വീണു. അംഗാരവർണ്ണനെ കൊല്ലാതെ വിടാൻ അംഗാരവർണ്ണന്റെ ഭാര്യ കുംഭിനസി മാപ്പ് അപേക്ഷിച്ചു. മാപ്പ് അപേക്ഷിക്കുന്നവനേയും, സ്ത്രീ ക്രീഢ നടത്തുന്നവനേയും, ബലഹീനനേയും, കൊല്ലരുത് എന്നുള്ള ആപ്ത വാക്യം ഓർമ്മപ്പെടുത്തുന്ന കുംഭീനസിയുടെ ആഗ്രഹപ്രകാരം അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാതെ വിട്ടു. അംഗാരവർണ്ണൻ അർജ്ജുനന് പ്രത്യുപകാരമായി ഈ വിദ്യ ഉപദേശിച്ചു കൊടുക്കുന്നുണ്ട്. അർജ്ജുനൻ ഗന്ധർവ്വനു പ്രത്യുപകാരമായി ‘ആഗ്നേയാസ്ത്രവും' പറഞ്ഞു കൊടുത്ത്, ഗന്ധർവനുമായി ഉറ്റമിത്രങ്ങളാവുന്നു. 

ചാക്ഷുഷി ബ്രഹ്മാവിൽ നിന്നും സൂര്യപുതനായ വൈവസ്വതമനുവും, മനുവിൽനിന്നും, അത്രിപുത്രനായ സോമനും (ചന്ദ്രൻ), സോമനിൽ നിന്നും ഗന്ധർവ്വ രാജാവായ വിശ്വവസുവും, വിശ്വവസുവിൽ നിന്നും അംഗാര വർണ്ണനും, അംഗാരവർണ്ണനിൽ നിന്നും അർജ്ജുനനും ഹൃദിസ്ഥമാക്കി. 

കരിമുട്ടം ദേവി ക്ഷേത്രം

ശരഭേശ്വരൻ

കരിമുട്ടം ക്ഷേത്രം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ആവശ്യപ്പെട്ട തനുസരിച്ച് ശരഭേശ്വരനെ കുറിച്ച് ശേഖരിച്ച വിവരങ്ങൾ ചേർക്കുന്നു .....

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,' കാഞ്ചി പുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാ വതാരമെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ - അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.

ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.
ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതി സ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നി നേത്രങ്ങളും, മാൻ, മഴു, സർപ്പം തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി .

ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌.  
ഭദ്രകാളി പ്രത്യംഗരെയും, ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹ മൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് മഹാവിഷ്ണുവിന് ബോധമുണ്ടായി. ഉഗ്ര നരസിംഹൻ 
ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത - പ്രേത - പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.

ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ

തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം  പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.

കരിമുട്ടം ദേവി ക്ഷേത്രം

ഗുളികൻ

കരിമുട്ടം ക്ഷേത്രം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ആവശ്യപ്പെട്ടതനുസരിച്ച് ഗുളികനെ കുറിച്ച് ശേഖരിച്ച വിവരങ്ങൾ ചേർക്കുന്നു ..... (മുമ്പ് ഒന്നാം ഗ്രൂപ്പിൽ ഗുളികനെ കുറിച്ച് നമ്മൾ ചർച്ച ചെയ്തിരുന്നു. എങ്കിലും കുറച്ചു കൂടി വിവരങ്ങൾ ഇവിടെ ചേർക്കുകയാണ് )

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.

അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്.  കാലൻ , അന്തകൻ, യമൻ,  എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

ജ്യോതിഷ പ്രകാരം ഗുളിക നെ കുറിച്ചുള്ള അറിവുകൾ ചെറുതായി സംഗ്രഹിക്കാം. ഉപഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പാപിയും മറ്റ് ഉപഗ്രഹങ്ങളെ നയിപ്പിക്കുവനുമാകുന്നു ഗുളികന്‍.  ഗുളികന്‍ പാപത്തിന്റെയും, ക്രൂരതയുടെയും മൂര്‍ത്തീഭാവമാകുന്നു. സ്വാഭാവികമായും ഗുളികന്‍ നാശത്തെയും, മരണത്തെയും പ്രതിനിധീകരിക്കുന്നു. അദൃശ്യനാണെങ്കിലും ഗുളികന്‍ ഒരു ദിവസം രണ്ട് പ്രാവശ്യം അതായത് പകലും, രാത്രിയിലും ഉദിക്കുന്നതായി പറയപ്പെടുന്നു. ഗുളികന്‍ ലഗ്ന ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി, അമിതാഹാരം, സന്താന അഭാവം, അല്പായുസ്സ് എന്നിവയാണ് ഫലമെന്ന് പറയപ്പെടുന്നു.

രണ്ടില്‍ നിന്നാൽ കലഹങ്ങളില്‍ താല്‍പ്പര്യം, നിഷ്ഫലമായ വാക്കുകള്‍ , ദുരദേശവാസം എന്നിവയും

മൂന്നില്‍, നിര്‍ഭയത്വം, അഹങ്കാരം, ദേഷ്യം, ദീനത, സഹോദര നാശം, സഞ്ചാര ശീലം എന്നിവയും

നാലില്‍, സ്വജനങ്ങളില്‍ നി്ന്നു സ്‌നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ എന്നിങ്ങനെയും

അഞ്ചില്‍,  അല്പായുസ്സ്, ചഞ്ചമനസ്സ്, സന്താന അഭാവം, ദൂര്‍വിചാരം എന്നിവയും

ആറില്‍, ധൈര്യം, എല്ലാ കാര്യങ്ങള്‍ക്കും സാമര്‍ത്ഥ്യം, ശത്രുനാശം, മാജിക് പഠിക്കുവാന്‍ താല്‍പ്പര്യം, സല്‍സന്താനം എന്നിങ്ങനെയും

ഏഴില്‍, വിദ്യാഹീനത, നന്ദി ഇല്ലായ്മ, പരസ്ത്രീ സംഗമം, കലഹസ്വഭാവം, സമൂഹത്തിന് ദോഷം ചെയ്യുന്ന ആള്‍ എന്നതും 

എട്ടിൽ, കുറിയ ദേഹം, വൈരൂപ്യം, വികലനേത്രം, ജന്മനാ അംഗഹീനന്‍ എന്നും

ഒമ്പതില്‍, ഗുരുക്കന്‍മ്മാരില്‍ നിന്നും, പണ്ഡിതന്‍മ്മാരില്‍ നിന്നും അനുഗ്രഹം ഇല്ലായ്മ, തത്ത്വജ്ഞാനി, സര്‍പ്പദോഷം, ബാധകള്‍ , വിദേശവാസി എന്നും

പത്തില്‍, സ്വാര്‍ത്ഥത, ദുഃഖപര്യവസായിയായ കര്‍മ്മങ്ങളില്‍ താല്‍പ്പര്യം എന്നിങ്ങനെയും 

പതിനൊന്നില്‍, ബുദ്ധഗുണം, സുഖം, ആകര്‍ണീയമായ ശരീരം, സല്‍സന്താന ലാഭം ഇവയും

പന്ത്രണ്ടില്‍, ചഞ്ചലത, അതിവ്യയം, ഭൗതീക കാര്യങ്ങളില്‍ അശ്രദ്ധ എന്നും സാമാന്യ ഫലമെന്നാണ് പറയപ്പെടുന്നത്.

ഗുളികന്‍ സൂര്യനോട് ചേര്‍ന്നാല്‍ പിതാവിന് ദോഷം, ചന്ദ്രനോട് ചേര്‍ന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ട്, ചൊവ്വയോട് ചേര്‍ന്നാല്‍ സഹോദരങ്ങളില്‍ നി്ന്നു വേര്‍പാട്, ബുധനുമായി ചേര്‍ന്നാല്‍ മാനസിക അസുഖം, ശുക്രനോട് ചേര്‍ന്നാല്‍ വിഷങ്ങളില്‍ നിന്നുളള പീഡനം, കേതുവുമായി ചേര്‍ന്നാല്‍ അംഗഹീനത്വം എന്നും പറയപ്പെടുന്നുണ്ട്.

ഗുളികന്‍ എല്ലാ തരത്തിലുളള അസുഖത്തേയും, കഷ്ടതയേയും ഉണ്ടാക്കുകയും അത് നില്‍ക്കുന്ന ഭാവത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഗ്രഹങ്ങളോട് ചേരുമ്പോള്‍ ഗുളികന്‍ ഗുണങ്ങളെ നശിപ്പിക്കുകയും, നാശങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചില ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ഒരു പാപിയായിത്തീരുന്നു.

ജനനം ഉണ്ടാകുന്നത് ഗുളികന്‍ നില്‍ക്കുന്ന ത്രികോണ രാശികളില്‍ ഒന്നിലോ ഗുളിക നവാംശക രാശിയിലോ ആയിരിക്കും.

എന്നാൽ സര്‍വ്വ ദുഃഖങ്ങളുടെയും, പാപങ്ങളുടെയും ഉറവിടമായിത്തീരുന്ന ഗുളികകാലം ധാന്യശേഖരം, കച്ചവടം, കടം തീര്‍ക്കല്‍, നൂതന ഗൃഹപ്രവേശം, ഔഷധസേവ, ആഭരണ ധാരണം, വേദപഠനം മുതലായ ചില പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശുഭകരമാണെന്നും പറയപ്പെടുന്നു.

 കരിമുട്ടം ദേവി ക്ഷേത്രം

Thursday, July 12, 2018

ശബരിമലയിലെ 18 പടികൾ

 കരിമുട്ടം ക്ഷേത്ര ഗ്രൂപ്പ് രണ്ടിൽ ശബരിമലയിലെ പതിനെട്ടു പടികൾ എന്തിനെ കുറിക്കുന്നു എന്ന ഒരു സംശയം ഒരു അംഗം ചോദിച്ചിരുന്നു. ശേഖരിച്ച അറിവുകൾ പങ്ക് വെക്കുകയാണ്.
       മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തള മഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍ കാണാം. ശബരിമല ശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. പൊന്നമ്പലമേട്, ഗരുഡമല, നാഗമല, ഇഞ്ചിപ്പാറമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, കാളകെട്ടിമല, ശബരിമല എന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നും കരുതാം. ഓരോ മലയുടേയും ദേവത ഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നു ചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശിക്കുന്നു എന്നു സാരം. ചുരിക മുതല്‍ അസ്ത്രം വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി പരിണമിച്ചുവെന്നും ഒരു സങ്കല്പവുമുണ്ട്. കൂടാതെ നാലു വേദങ്ങള്‍, ആറ് ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമ ദാന ഭേദ ദണ്ഡങ്ങള്‍), നാലുവര്‍ണ്ണങ്ങള്‍ (ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര) എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ് എന്നും പറയാറുണ്ട്.

       അതല്ല, മോക്ഷ പ്രാപ്തിക്കു മുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളായ സത്വഗുണം, രജോഗുണം, തമോഗുണം എന്നിവയെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യപാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില്‍ നിന്ന് മോചനം നേടാനാവൂ.

18 എന്ന അക്കത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങള്‍ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളും അഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും 18 എന്ന സംഖ്യ ലഭിക്കുന്നു. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്‍.

കരിമുട്ടം ദേവി ക്ഷേത്രം

മൈത്രാ വരുണന്മാർ

കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
       ഉത്തര രാമായണ പ്രകാരം സൂര്യവംശ രാജാവായ ഇഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം കൈയ്യേറ്റ ഉടനെ ഒരു ദീര്‍ഘയാഗം നടത്തി. യാഗത്തിനായി വസിഷ്ഠനെയാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയെ പരിഗണിച്ചില്ല. അതില്‍ കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ സഹായത്താല്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമിയുടെ ശരീരത്തില്‍നിന്ന് പ്രാണന്‍ വേറിട്ട് പോകട്ടെയെന്ന് ശപിച്ചു. എന്നാല്‍ അതേ ശാപം തന്നെ നിമിയും തിരിച്ച് വസിഷ്ഠന് നേര്‍ക്ക് പ്രയോഗിച്ചു. ശാപഫലമായി ആത്മരൂപിയായി ആകാശത്ത് അലഞ്ഞ വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഏക ശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നു വിളിയ്ക്കപ്പെട്ടു. (ഈ കഥ മഹാഭാരതം ശാന്തിപര്‍വ്വം 343-‍ാം അദ്ധ്യായം 88-‍ാം പദ്യത്തിലും ഭാഗികമായി സൂചിപ്പിച്ചിട്ടുണ്ട്.)

കരിമുട്ടം ദേവി ക്ഷേത്രം 

Wednesday, July 11, 2018

ശംഖ് പൂരണം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ഒരു പൂജ ഉപകരണമാണ്‌ ശംഖ്‌. പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌. വിശ്വപ്രപഞ്ചത്തിന്റെ ആദികാരണമായ പ്രണവശബ്ദം ശംഖിലൂടെയാണ്‌ പ്രവഹിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം ശബ്ദരൂപമായ പ്രപഞ്ചത്തെ ശംഖ്‌ പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌.
ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. ശംഖില്‍ നിറയ്ക്കുന്ന ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ ജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌.

 കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ് കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌. പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹന മന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തു വച്ച കിണ്ടിയിലേക്ക്‌ പകരുന്നു. കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പാജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌. ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളി ലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌.

പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌. ഈ സങ്കല്‍പത്തോടെ വേണം ക്രിയചെയ്യാന്‍.

 ‘കുഴിക്കാട്ടുപച്ച’യില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തീര്‍ത്ഥവാഹനമന്ത്രമായ

 ‘ഗംഗേചയമുനേ ചൈവ
ഗോദാവരി സരസ്വതി നിര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു’
എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആ വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌ മൂലമന്ത്രം കൊണ്ട്‌ പൂജിക്കണം. അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം.

കരിമുട്ടം ദേവി ക്ഷേത്രം

Tuesday, July 10, 2018

മോഹിനി പ്രതിഷ്ഠ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

മഹാവിഷ്ണുവിന്റെ മോഹിനി രൂപമുള്ള ഹരികന്യക ‌പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ് ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയായി അരിയന്നൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. പറയി‌പ്പെറ്റ പന്തീരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചൻ ഒറ്റ രാത്രികൊണ്ട് നിർമ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം.  പണി തീ‌ർന്ന് കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന് ഒരു കോട്ടമുള്ളതായി പെരുന്തച്ചൻ കണ്ടത്രേ . തുടർന്ന് അദ്ദേഹം ഉളിവ‌ച്ച് ക്ഷേത്രത്തിന്റെ കോട്ടം പരിഹരിച്ചെന്നാണ് കഥ. പെരുന്ത‌ച്ചന്റേതെന്ന് പറയ‌പ്പെടുന്ന ഉളി ക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ കാണാം.

ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളതാണ് ഈ ക്ഷേ‌ത്രം എന്നാണ് പറയ‌പ്പെടുന്നത്.  ഹരികന്യകപുരം എന്നായിരുന്നു ‌പണ്ടുകാലത്ത് അരിയന്നൂർ അറിയ‌പ്പെട്ടിരുന്നത്. ഹരികന്യകാപുരം ലോപിച്ചാണ് അരിയന്നൂർ എന്ന സ്ഥല‌പ്പേരുണ്ടായത്. വിഷ്ണുവിനെ കന്യകയായി പ്രതിഷ്ഠി‌ച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് കിഴക്കോട്ടാണ് ദർശനം.

ഉത്സവത്തിന്  തലയെടുപ്പോടെ എഴുന്നെള്ളിക്കുന്ന കൊമ്പൻമാരേക്കുറിച്ച് മാത്രമെ നമ്മൾ കേ‌ട്ടിട്ടുണ്ടാകു. എന്നാൾ ഉത്സവ‌ത്തിന് പിടിയാനകളെ എഴുന്നള്ളിക്കുന്ന പതിവാണ് ഈ ക്ഷേത്രത്തിൽ.   ഇതുമാത്രമല്ല ഹരികന്യക ക്ഷേത്രത്തിന്റെ പ്രത്യേകതകൾ.  മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കലിൽ വിളക്ക് പിടിക്കുന്നത് പുരുക്ഷന്മാരാണ് എന്നാൽ ഈ ക്ഷേത്രത്തിൽ സ്ത്രീകളാണ് വിളക്ക് പിടിക്കുന്നത്.

കരിമുട്ടം ദേവി ക്ഷേത്രം

ബാണനും അനിരുദ്ധനും 

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന് മായാവതിയിലുണ്ടായ പുത്രനാണ് അനിരുദ്ധൻ. അര്‍ജുനനില്‍ നിന്ന് ശസ്ത്രവിദ്യ അഭ്യസിച്ചു. ബാണാസുരന്റെ മകള്‍ ഉഷ, അനിരുദ്ധനില്‍ അനുരക്തയായി. ഉഷയുടെ തോഴിയായ ചിത്രലേഖ യോഗശക്തി ഉപയോഗിച്ച് അനിരുദ്ധനെ ബാണന്റെ രാജധാനിയായ ശോണിതപുര ത്തിലെത്തിച്ചു. ബാണനിയോഗ പ്രകാരം ഏറ്റുമുട്ടിയ ഭടന്‍മാരെ അനിരുദ്ധന്‍ ഇരുമ്പുഗദകൊണ്ട് അടിച്ചുകൊന്നു. എന്നാൽ അനിരുദ്ധൻ ബാണന്റെ മായാപ്രയോഗത്താല്‍ ബന്ധനസ്ഥനായി. ഇതറിഞ്ഞ് കൃഷ്ണനും ബലരാമനും പ്രദ്യുമ്നനും ശോണിതപുരത്തിലെത്തി ബാണനോടു യുദ്ധം ചെയ്തു. യുദ്ധദേവനായ സ്കന്ദനും ബാണന്റെ ദ്വാരപാലകനായ ശിവനും അസുരപക്ഷത്തെ സഹായിച്ചു. (ബാണൻ അപ്രകാരം ഒരു വരം നേടിയിരുന്നു) ഗരുഡനും പ്രദ്യുമ്നനും സ്കന്ദനെ തോല്പിച്ചു; കൃഷ്ണന്‍ ശിവനെയും. അങ്ങനെ ബാണന്‍ പരാജിതനായപ്പോള്‍ അനിരുദ്ധന്‍ ഉഷയെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് ദ്വാരകയിലേക്കുപോയി.

(ഈ ഇതിവൃത്തത്തെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ് വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ ബന്ധനസ്ഥനായ അനിരുദ്ധന്‍.)
വജ്രന്‍ എന്നൊരു പുത്രനുണ്ടായശേഷം അനിരുദ്ധന്‍ വിദര്‍ഭരാജാവായ രുക്മിയുടെ പൌത്രി രോചനയേയും പരിഗ്രഹിച്ചു.

 കരിമുട്ടം ദേവി ക്ഷേത്രം

Saturday, July 7, 2018

കുവലയ പീഡമായി ജനിച്ച മന്ദഗതി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
മഹാബലിക്ക് മന്ദഗതി എന്നൊരു പുത്രനുണ്ടായിരുന്നു. അയാള്‍ മഹാകായനും ലക്ഷം ആനകളുടെ ബലമുള്ളവനും സര്‍വാസ്ത്ര പാരംഗതനുമായിരുന്നു. ജനങ്ങള്‍ക്കിടയിലൂടെ കൈയും വീശി സാധുക്കള്‍ക്കുപോലും തടസ്സമുണ്ടാക്കിക്കൊണ്ട് ആനയെപ്പോലെ, അവന്‍ നടക്കാറുണ്ടായിരുന്നു. ഒരിക്കല്‍, മദോന്മത്തനായ മന്ദഗതിയുടെ നീട്ടിവീശിയ കൈകള്‍, ത്രിതന്‍ എന്ന മഹാമുനിയുടെ ശരീരത്തിലേറ്റു! ക്രുദ്ധനായ മുനി, മദോന്മത്തനായി ആനയെപ്പോലെ നടക്കുന്ന നീ ഒരാനയായിത്തീരട്ടെ എന്നു ശപിച്ചു. അപകടമറിഞ്ഞ മന്ദഗതി ത്രിതമുനിയെ വണങ്ങി, മാപ്പിരന്നു. സന്തുഷ്ടനായ മഹാമുനി, ദ്വാപരാന്തത്തില്‍ മഥുരാപുരിയില്‍ വച്ച് ശ്രീകൃഷ്ണ ഭഗവാനില്‍ മുക്തി ലഭിക്കുമെന്നറിയിച്ചു. ആ മന്ദഗതിയാണ് പതിനായിരം ആനകളുടെ ബലത്തോടുകൂടി വിന്ധ്യാചല പ്രദേശങ്ങളില്‍ ജനിച്ച കുവലയാപീഡം.

 കരിമുട്ടം ദേവി ക്ഷേത്രം*  

Friday, July 6, 2018

ഉത്തങ്കൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
  ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തുടർന്ന് ഇത്തങ്കൻ യാഗാഗ്നിയിലേക്ക് തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്.  ( ആസ്തികനെ കുറിച്ച് ഈ ഗ്രൂപ്പിൽ മുമ്പ് പോസ്റ്റ് ചെയ്തിരുന്നത് ഓർക്കുമല്ലോ)

കരിമുട്ടം ദേവി ക്ഷേത്രം

Wednesday, July 4, 2018

ദശരഥന്റെ പുത്രി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ദശരഥന്റേയും കൗസല്യയുടേയും സീമന്തപുത്രി; ഋഷ്യശൃംഗന്റെ പത്നി, ലോമപാദന്റെയും വർഷിണിയുടേയും ദത്തുപുത്രി: ഇവക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു : അതാണ് ശാന്ത.

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശാന്ത. അയോദ്ധ്യയിലെ രാജാവും രാമന്റെപിതാവുമായ ദശരഥന് കൗസല്യയിൽ ജനിച്ച പുത്രിയാണിത്. കൗസല്യയുടെ പുത്രനായ രാമൻ, കൈകേയീ പുത്രനായ ഭരതൻ, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ജ്യേഷ്ഠത്തിയാണ് ശാന്ത.

ശാന്ത ജനിച്ചതിനുശേഷം വളരെക്കാലത്തേക്കു് ദശരഥനും പത്നിക്കും കുട്ടികൾ ജനിച്ചില്ല. അക്കാലത്തൊരിക്കൽ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗ രാജ്യത്തെ രാജാവുമായിരുന്ന ലോമപാദൻ അയോദ്ധ്യയിൽ വന്നു. അംഗരാജാവിനു് സന്താനങ്ങളില്ലായിരുന്നു. ശാന്തയെ അദ്ദേഹം ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടുപോയി. തുടർന്നു് ലോമപാദൻ ശാന്തയെ ഋഷ്യശൃംഗൻ എന്ന മഹർഷിയ്ക്കു് വിവാഹം കഴിച്ചുകൊടുത്തു.
ഋഷ്യശൃംഗൻ എന്ന ഈ മുനികുമാരനായിരുന്നു മുമ്പൊരിക്കൽ ലോമപാദനുവേണ്ടി അംഗരാജ്യത്ത് മഴപെയ്യിച്ചതും, പിന്നീട് ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാകുവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും. (എന്നാൽ വാല്മീകി രാമായണത്തിൽ ദശരഥ പുത്രി എന്ന സ്ഥാനത്ത് ശാന്തയെ കുറിച്ച് പ്രതിപാദ്യമില്ല)

കരിമുട്ടം ദേവി ക്ഷേത്രം

പൂതന


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
ഭാഗവതത്തിൽ പരാമർശിക്കപ്പെടുന്ന ഒരു രാക്ഷസിയാണ് പൂതന. മഥുര രാജാവാ യിരുന്ന കംസന്റെ പത്നിയായ അസ്തിയുടെ ദാസിയായിരുന്നു പൂതന (കംസന്റെ സഹോദരിയാണു പൂതനയെന്നും പുരാണങ്ങളിൽ പറയുന്നുണ്ട്). കംസന്റെ ആജ്ഞാനുസരണം ശിശുവായിരുന്ന ശ്രീകൃഷ്ണനെ കൊല്ലുക എന്ന ദൗത്യവുമായി വശ്യമനോഹര രൂപം പൂണ്ട് അമ്പാടിയിൽ എത്തുന്ന പൂതന മാതാവായ യശോദ അടുത്തില്ലാതിരുന്ന തക്കത്തിൽ നന്ദഗോപഗൃഹത്തിൽ പ്രവേശിച്ച് കൃഷ്ണനു വിഷം ചേർത്ത മുലപ്പാൽ കൊടുത്തു. കൃഷ്ണൻ പാൽ കുടിച്ചുതീർന്നിട്ടും മതിയാകാതെ പൂതനയുടെ രക്തവും കൂടി ഊറ്റിക്കുടിച്ചു. കുഞ്ഞ് തന്റെ രക്തവും കുടിക്കുന്നത് മനസ്സിലാക്കിയ പൂതന കുഞ്ഞായ കൃഷ്ണനേയും എടുത്തുകൊണ്ട് പോകുവാൻ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു വീണു. പൂർവ്വ ജന്മത്തിൽ അസുര ചക്രവർത്തിയായിരുന്ന മഹാബലിയുടെ പുത്രിയായ രത്‌നമാലയായിരുന്നു പൂതന. അവതാരോദ്ദേശം നിർവ്വഹിക്കുവാനായി വാമനൻ മഹാബലിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ ബലിക്കൊപ്പം രത്നമാലയും എത്തിയിരുന്നു. സുന്ദരനായ ബാലനെ കണ്ടപ്പോൾ അവൾക്ക് ഇങ്ങനെയൊരു പുത്രന് മുലയൂട്ടുവാൻ ആഗ്രഹം തോന്നി. രത്നമാലയുടെ മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അവളെ അനുഗ്രഹിക്കുന്നു. അതാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം പൂതനാമോക്ഷം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നു കരുതുന്നു.

കരിമുട്ടം ദേവി ക്ഷേത്രം
 

Tuesday, July 3, 2018

വിഗ്രഹങ്ങൾ


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

ശൈലീ ദാരു മയീ ലൌഹി
ലേപ്യാ ലേഖ്യാ ച സൈകതാ
മനോമയീ മണിമയീ

എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം

 ശൈലി – സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. നമ്മുടെ കരിമുട്ടം ക്ഷേത്രത്തിലെ വിഗ്രഹം ഉദാഹരണമാണ്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കടുശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കര ദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.
 ദാരുമയി - പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.
 ലൌഹി - ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്. ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്. *ലേപ്യ* -ദിവ്യൌ ഷധങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്.
ലേഖ്യ -ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം. സൈകതം - മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി (ദുർഗ) യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ).
 മണിമയി - വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി - മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

കരിമുട്ടം ദേവി ക്ഷേത്രം* 

Monday, July 2, 2018

യമധർമ്മൻ


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു, യമൻ,യമി എന്നീ 3 കുട്ടികൾ ജനിച്ചു. അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു. യമന്റെ ആസ്ഥാനമാണ് കാലപുരി.
കാലപുരിക്ക് ആയിരം യോജനവിസ്താ‍രമുണ്ട്. നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് ചിത്രഗുപ്തന്റെ മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കാലപുരിയിൽ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ശോഭിക്കുന്നു. ചിത്രഗുപ്തമന്ദിരത്തിൽ ഒരു സംഘം ആൾക്കാരുണ്ട്. മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാണ് അവരുടെ തൊഴിൽ. മനുഷ്യർ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവർ പരിഗണിക്കുന്നു. ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി ജ്വരമന്ദിരം ഉണ്ട്. അതിനോടു ചേർന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങൾ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു. ചിത്രഗുപ്താലയത്തിൽ നിന്ന് ഇരുപത് യോജന അകലെയാണ് കാലന്റെ ഭവനം. ആ ഭവനത്തിൻ ഇരുനൂറ് യോജന വിസ്താരവും അൻപത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാൽ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തിൽ പുണ്യം ചെയ്തവർ വസിക്കുന്നത് ഈ സഭയിലാണ്. അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു. 

      യമസഭ യാണ് കാലന്റെ സദസ്സ്.
വിശ്വകർമ്മാവ് ആണ് യമസഭ തീർത്തത്. സൂര്യപ്രഭകൊണ്ട് ഇത് പ്രശോഭിതമാണെങ്കിലും സമശീതോഷ്ണമാണ്. ശോകമോ, ജരയോ, പൈദാഹമോ ഇവിടില്ല. കല്പവൃക്ഷങ്ങൾ എല്ലായിടത്തും തിങ്ങി നിൽക്കുന്നു.
കാലന്റെ ഭാര്യയുടെ പേർ ധൂമോർണ്ണ എന്നാണ്. ഇന്ദ്രൻ കാലനെ പിതൃക്കളുടെ രാജാവാക്കി. കൂടാതെ കാലൻ ബ്രഹ്മസഭയിലെ ഒരു അംഗവും കൂടിയാണ്.
 (ഈ വിവരങ്ങൾ ഗരുഡപുരാണം,   മഹാഭാരതം  തുടങ്ങിയവയിൽ വിവരിക്കുന്നുണ്ട് )


കരിമുട്ടം ദേവി ക്ഷേത്രം

യാഗാധികാരമുള്ള ഗ്രാമങ്ങൾ 


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.
കേരളത്തിൽ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങളിലെ നമ്പൂതിരിമാർക്കാണ്‌ യാഗ കർമ്മങ്ങൾ ചെയ്യാനുള്ള യോഗ്യത. ഗ്രന്ഥവിധിപ്രകാരം ചടങ്ങുകൾ നടത്തിക്കൊടുക്കാനും സംശയനിവൃത്തി വരുത്താനും പിഴപറ്റിയാൽ പ്രായശ്ചിത്തങ്ങൾ വിധിക്കുന്നതിനും യോഗ്യതയുള്ള കുടുംബങ്ങൾ ഒരോ ഗ്രാമത്തിലുമുണ്ട്‌. ഇവരെ വൈദികന്മാർ എന്നാണ്‌ പറയുന്നത്‌. തൈക്കാട്‌, ചെറുമുക്ക്‌, പന്തൽ, കൈമുക്ക്‌, കപ്ലിങ്ങാട്‌ തൂടങ്ങിയ കുടുംബക്കാർ വൈദികന്മാരാണ്‌.

ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാൾ സ്വഭാര്യയോടു കൂടിയാണ്‌ യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തിൽ നിന്നുമായിരിക്കണം യജമാനൻ.

സോമയയാഗം ചെയ്യും മുൻപ്‌ ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കിൽ അതിനു മുൻപ്‌ സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്തവരെ അഗ്നിഹോത്രി (ഉത്തരദേശത്ത്‌) എന്നോ അക്കിത്തിരി എന്നോ (കേരളത്തിൽ) വിളിക്കുന്നു.

 കരിമുട്ടം ദേവി ക്ഷേത്രം 

ബ്രഹ്മാണ്ഡപുരാണം 

കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

സാക്ഷാൽ ബ്രഹ്‌മാവ്‌ തന്നെ ബ്രഹ്മാണ്ഡത്തെപ്പറ്റി പന്തീരായിരം ശ്ളോകങ്ങളിൽ വിവരിച്ചതാണ് മാഹാത്മ്യമേറിയ ബ്രഹ്‌മാണ്ഡ പുരാണം . ശ്ളോകസംഖ്യ കൃത്യമായി പറഞ്ഞാൽ 12200 ആണ് . സൂതപൗരാണികൻ നൈമിഷാരണ്യത്തിലെ മുനിമാർക്കു പറഞ്ഞു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം. എന്നാൽ ഈ പുരാണം ആദ്യം ബ്രഹ്‌മാവ്‌ വായുവിനും , വായു ഉശനസ്സിനും , ഉശനസ്സു സൂര്യനും , സൂര്യൻ യമനും , യമൻ ഇന്ദ്രനും , ഇന്ദ്രൻ വസിഷ്ഠനും ഉപദേശിച്ചു. തുടർന്ന് 21 ഓളം കാതോട് കാതു വായ്മൊഴികൾ കഴിഞ്ഞാണ് ഒടുവിൽ വ്യാസനും പിന്നീട് സൂതനും ലഭിച്ചത്. സൂതനിൽ നിന്നും മുനിമാർക്കു ലഭിച്ചു.
        ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൗരാണിക ശാക്തേയ സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'". ഇതിലെ ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്. ബ്രഹ്മാണ്ഡ പുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ഇതുള്ളത്. "വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ശ്രീ വിദ്യാ ഭഗവതിയുടെ" തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. "ശ്രീ മാതാ" എന്നു തുടങ്ങി "ലളിതാംബിക" എന്ന പേരിൽ പൂർണ്ണമാവുന്നു. സാത്വികമായ ഏതൊരു ദേവീപൂജക്കും ഇത് ജപിക്കാറുണ്ട്. ഇത് നിത്യവും ജപിക്കുന്നത് ഐശ്വര്യം, മോക്ഷം എന്നിവ സിദ്ധിക്കുവാൻ ഉത്തമമാണെന്ന് വിശ്വാസമുണ്ട്.

 കരിമുട്ടം ദേവി ക്ഷേത്രം

യാഗങ്ങൾ

കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

സോമരസം മുഖ്യ ഹവിസ്സായി അഗ്നിയിൽ ഹോമിക്കുന്ന യജ്ഞങ്ങളാണ്‌ സോമയഗങ്ങൾ.
യജ്ഞങ്ങൾ വൈദികം താന്ത്രികം എന്നിങ്ങനെ രണ്ട്‌ തരം ഉണ്ട്‌.

വൈദിക യജ്ഞത്തിൽ സോമയാഗമാണ്‌ മുഖ്യം. സോമാഹുതിയുടെ എണ്ണമനുസ്സരിച്ച്‌ ഏഴുതരം സോമയാഗങ്ങൾ ഉണ്ട്‌. അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്നിവയാണവ.

കേരളത്തിലെ നമ്പൂതിരിമാർ മൂന്നു തരം യജ്ഞങ്ങളേ നടത്തി വന്നിട്ടുള്ളൂ. ആധാനവും അഗ്നിഷ്ടോമവും അതിരാത്രവും.

ഹവിർ യജ്ഞങ്ങളിൽ ആദ്യത്തേതാണ്‌ ആധാനം, സോമയാഗങ്ങളിൽ ആദ്യത്തേതാണ്‌ അഗ്നിഷ്ടോമം, എറ്റവും വലിയ സോമയാഗമാണ്‌ അതിരാത്രം. ത്രേതാഗ്നിസാധ്യങ്ങളാണ്‌ മൂന്നും. ആദ്യത്തേതിന്‌ ഒന്നും രണ്ടാമത്തേത്‌ ആറും അതിരാത്രം 12 ദിവസവും കൊണ്ടുമാണ്‌ പൂർത്തിയാവുക.
ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതൽ ആയിരം വർഷങ്ങൾ വരെ നടത്തേണ്ടുന്ന യാഗങ്ങൾ ഉണ്ട്‌.
ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകർമ്മങ്ങൾ ഉണ്ട്‌.

ഏകാഹം

ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗമാണ്‌ ഏകാഹം

അഹീനം

രണ്ട്‌ ദിവസം മുതൽ പന്ത്രണ്ട്‌ നാൾ വരെ വേണ്ടി വരുന്നവയാണ്‌ അഹീനം. സോമയാഗം അഹീനഗണത്തിൽ പെടുന്നു.

സത്രം

പന്ത്രണ്ട്‌ നാൾ മുതൽ എത്ര വേണമെങ്കിലും നീണ്ട്‌ നിൽകാവുന്നവയാണ്‌ സത്രങ്ങൾ. അശ്വമേധയാഗം സത്രത്തിൽ പെടുന്നു
വേദങ്ങളിൽ യജുർവേദം ആണ്‌ യാഗങ്ങളുടെ നടത്തിപ്പിനെ കുറിച്ച്‌ വിവരിച്ചിരിക്കുന്നത്‌. മന്ത്രങ്ങൾ പ്രധാനമായും ഋഗ്‌വേദത്തിലാണ്‌ കൊടുത്തിരിക്കുന്നത്‌. യാഗത്തിൽ ഋൿയജുസ്സാമവേദങ്ങൾ ഒന്നായി സമ്മേളിച്ചിരിക്കുന്നു.

കരിമുട്ടം ദേവി ക്ഷേത്രം 

Sunday, July 1, 2018

കുങ്കുമം

കുങ്കുമം ചെറിയ ഒരു അറിവ് .....
ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്താകൃതിയില്‍ തൊടുന്നു. ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന് ശാക്തമതം.
ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനകുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്‍ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു.
ശാന്തശീലരായ സ്ത്രീകള്‍ക്ക് പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭ്രുമദ്ധ്യത്തില്‍ യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്‍ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ഈ ശക്തി മുഖശ്രീ വളര്‍ത്തുന്നതിന് സഹായകകരമാകും.
മറ്റുള്ളവരുടെ നോട്ടത്തില്‍ നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള്‍ ബാധിക്കാതിരിക്കാന്‍ കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല്‍ രശ്മികള്‍ പ്രയോജനപ്പെടും.

കരിമുട്ടം ദേവി ക്ഷേത്രം

രുദ്രാക്ഷം

കരിമുട്ടം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ഉന്നയിച്ച സംശയത്തിന് സമാഹരിച്ച മറുപടി.
രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ .രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് ." ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷങ്ങളായി മാറുകയാണുണ്ടായത്. അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല" . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു. രുദ്രാക്ഷത്തിൽ നാലു ജാതികളുണ്ട് . ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെയാണ് അവ. കറുത്തത് ശൂദ്രനും, മഞ്ഞ വൈശ്യനും , ചെമപ്പ് ക്ഷത്രിയനും , വെളുപ്പ് ബ്രാഹ്മണനുമായ രുദ്രാക്ഷങ്ങളാണ് .

രുദ്രാക്ഷം ധരിക്കേണ്ട രീതിയെക്കുറിച്ചും രുദ്രാക്ഷങ്ങളുടെ ഇനങ്ങളെക്കുറിച്ചും വ്യക്തമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. രുദ്രാക്ഷം ധരിക്കുന്നയാൾ മദ്യം , മാംസം , ചുവന്നുള്ളി , വെളുത്തുള്ളി , മുരിങ്ങയ്ക്ക , കുമിള് തുടങ്ങിയവ ഉപേക്ഷിക്കണമെന്നും ഇതിൽ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം


ഭൈരവൻ

കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.
മഹാദേവന്റെ ഭയാനകമായ ക്രോധഭാവമാണ് കാല ഭൈരവൻ...കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ..മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്.
അഘോരി എന്നത് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമവുമാണ്.

ശ്രീ പരമേശ്വന്റെ ഏറ്റവും ഭയം ജനിപ്പിക്കുന്ന ഭാവമാണ് ഭൈരവ മൂർത്തി ഭീഷണം 'ഭയാജനകം' എന്നൊക്കെയാണ്  ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം.'ഭ' കാരം ഭരണം , നിലനിറുത്തൽ എന്നിവയെയും  'ര'കാരം പിൻവലിയലിനെയും  'വ ' കാരം പ്രപഞ്ചസൃഷ്ടിയെയും പ്രതിനിധീകരിക്കുന്നു...

  ഹൈന്ദവർക്കും ബൗദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി വ്യാഘ്രചർമ്മ- ധാരിയായി അസ്ഥികളുടെ മേലങ്കി അണിഞ്ഞ് ശ്വാന വാഹനനായാണ് ഭൈരവ സങ്കല്പം . സഹസ്ര സൂര്യ സമപ്രഭനാണ് ഭൈരവൻ...
   പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്ന വനാണ് ഭൈരവൻ.

  കാലഭൈരവൻ,  അസിതാംഗ - ഭൈരവൻ, സംഹാരഭൈരവൻ, രുരു- ഭൈരവൻ, ക്രോധഭൈരവൻ , കപാല- ഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്ത- ഭൈരവൻ എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്. അമ്പലങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും .യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥി- ക്കണമെന്ന് സിദ്ധൻമാർ പറയുന്നു...

 ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി.

"  ഓം കാലകാലായ വിദ്മഹേ
   കാലാതീതായ ധീമഹി തന്നോ
   കാലഭൈരവ പ്രചോദയാത്  "

കാല ഭൈരവ ജയന്തി

മാർഗ ശീർഷ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സം ശിവ ഭഗവാൻ ഭൈരവ ഭഗവാ ൻറെ രൂപത്തിൽ അവതാരമെടുത്ത ദിവസ്സമാണ്‌ കാല ഭൈരവ ജയന്തി, അല്ലെ ങ്കിൽ കാല അഷ്ടമിയായി ആചരിക്കുന്നത്. എല്ലാ മാസ്സങ്ങളിലുമുള്ള കൃഷ്ണ പക്ഷ അഷ്ട മി ദിവസ്സങ്ങളിലും ഭൈരവ ജയന്തി പൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവ ജ യന്തി ദിവസ്സം നടക്കുന്ന പൂജകൾക്കും, ചടങ്ങുകൾക്കും വളരെയധി കം പ്രാധാ ന്യമുണ്ട്. പരമ ശിവ ഭഗവാൻ ഭൈരവ രൂപത്തിൽ അവതാരമെടു ത്തതിനു ശേഷമാണ് ഈ  ദിവസ്സം ഭൈരവ ജയന്തിയായി ആചരിക്കുവാൻ തുട ങ്ങിയത്.

പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതി ഹ്യം ഇങ്ങിനെ, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയി ൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുക യും, മഹാ മുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരു മായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബ ന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവ രും അംഗീകരിച്ചു..

എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെ ങ്കിലും ബ്രഹ്മാവ്‌ മാ ത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ്‌ ശിവനെ അപ മാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളി ൽ ഒരെണ്ണം വെട്ടി മാറ്റുന്നു. കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂ പത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറ ക്കാനും തുടങ്ങി.  ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെ ന്ന സംശയം തീരുകയും, ബ്ര ഹ്മാവ്‌ ഭയന്ന് പോകുകയും തന്റെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പ രിഭ്രാന്തിയിലായ മറ്റു ദേവതകളും  പരമ ശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷ യോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറു ക്കുവാൻ ആപേക്ഷിക്കുക യും ചെയ്യുന്നു.

ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ  ബ്രഹ്മാവിനോട് പൊറുക്കുകയും ചെ യ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.

കരിമുട്ടം ദേവി ക്ഷേത്രം

ഗവി ജാതൻ


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോൾ ഒരു ദിവസം നായാട്ടിനായി കാട്ടിലേക്ക് പുറപ്പെട്ടു. നായാട്ടിനുശേഷം തളർന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തിൽ ചെന്നു. അപ്പോൾ ധ്യാനനിരതനായിരിക്കുന്ന ശമീകൻ എന്ന മുനി, രാജാവ് എഴുന്നെള്ളിയത് ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോൾ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു. ആ ചത്ത പാമ്പിനെ തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില് മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇത്രയും ചെയ്തു കഴിഞ്ഞപ്പോൾ രാജാവിന് പശ്ചാത്താപമുണ്ടായി; അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലേക്കു മടങ്ങി പോവുകയും ചെയ്തു. അല്പസമയം കഴിഞ്ഞു  കുശൻ എന്ന് പേരായ ഒരു മുനികുമാരൻ ആശ്രമത്തിൽ എത്തിയപ്പോൾ ഇത് കാണുകയും, മുനിയുടെ മകനായ ഗവി ജാതൻ (ശൃംഗി) യോട് ഈ വിവരം പരിഹാസരൂപത്തിൽ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി “ഇന്നേക്ക് ഏഴാം നാൾ തക്ഷകൻ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ” എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസർപ്പത്തെ കഴുത്തിൽ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണർന്നു നോക്കിയപ്പോൾ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകൻ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവൻ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു.ഗൌരമുഖൻ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണർത്തിച്ചു. രാജാവാകട്ടെ , “മുന്നമേ മരിച്ചിരിപ്പോരു ഞാൽ ജഗന്നാഥൻ താൻ അനുഗ്രഹത്താൽ ജീവിച്ചേനിത്രനാളും ” എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങൾ നല്കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തിൽ നിന്നും മുന്നമേ മരിക്കാതെ രക്ഷപ്പെട്ടത്)

കരിമുട്ടം ദേവി ക്ഷേത്രം 


  ആസ്തികൻ


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

മഹാഭാരതത്തിൽ ജരത്കാരു എന്ന മഹർഷി ബ്രഹ്മചര്യവും തപസ്സുമായി സഞ്ചരിക്കുന്നതിനിടയിൽ തന്റെ പിതൃക്കൾ തലകീഴായി ഒരു ചരടിൽ തൂങ്ങിക്കിടക്കുന്നതു കണ്ടു. ചരട് എലികൾ കരണ്ട് മുറിയാറായിട്ടുണ്ട്. ആ ദുഃസ്ഥിതിക്ക് കാരണം അന്വേഷിച്ചപ്പോൾ തനിക്ക് സന്തതി ഇല്ലാത്തതാണെന്ന് ഇദ്ദേഹത്തിന് ഗ്രഹിക്കുവാൻ കഴിഞ്ഞു. തന്റെ തന്നെ പേരോടുകൂടിയ ഒരു കന്യകയെ ലഭിക്കുന്ന പക്ഷം താൻ വിവാഹം ചെയ്യാമെന്ന് ഒടുവിൽ ജരത്കാരു പിതൃക്കളോട് പ്രതിജ്ഞ ചെയ്തു. അനന്തരം സർപ്പ രാജാവായ വാസുകിയുടെ സഹോദരിയായ ജരത്കാരുവിനെ ജരത്കാരു മഹർഷി വേൾക്കുകയുണ്ടായി. അവളിൽ ജനിച്ച വംശപ്രതിഷ്ഠാപകനായ പുത്രനാണ് ആസ്തികൻ. അതോടെ ദുർഗതിയിൽനിന്ന് പിതൃക്കൾ മുക്തരായിത്തീർന്നു. ഇപ്രകാരം പിതൃക്കളോടുള്ള കടമ നിർവഹിക്കുന്നവനെയാണ് അപത്യം എന്നു വിവക്ഷിക്കുന്നത്. സത്യവാദിയും മൊത്തം നാഗങ്ങളുടേയും തന്ത്രപ്രധാനിയായ പരിപാലകനാണ് വാസുകി....സ൪പ്പസത്രമൊഴിവാക്കാന് തന്റെ ഭാഗിനേയനായ ആസ്തികനെ സത്രം നടത്തുന്ന സഭയിലേക്കയച്ച് സത്രം മതിയാക്കിച്ച് നാഗരക്ഷ ചെയ്തതിനാല്‍ എല്ലാ നാഗങ്ങളും കൂടി വാസുകിയെ നാഗരാജാവായി അഭിഷേകം ചെയ്തു...

കരിമുട്ടം ദേവി ക്ഷേത്രം

ബ്രഹ്മാണ്ഡപുരാണം


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

സാക്ഷാൽ ബ്രഹ്‌മാവ്‌ തന്നെ ബ്രഹ്മാണ്ഡത്തെപ്പറ്റി പന്തീരായിരം ശ്ളോകങ്ങളിൽ വിവരിച്ചതാണ് മാഹാത്മ്യമേറിയ ബ്രഹ്‌മാണ്ഡ പുരാണം . ശ്ളോകസംഖ്യ കൃത്യമായി പറഞ്ഞാൽ 12200 ആണ് . സൂതപൗരാണികൻ നൈമിഷാരണ്യത്തിലെ മുനിമാർക്കു പറഞ്ഞു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം. എന്നാൽ ഈ പുരാണം ആദ്യം ബ്രഹ്‌മാവ്‌ വായുവിനും , വായു ഉശനസ്സിനും , ഉശനസ്സു സൂര്യനും , സൂര്യൻ യമനും , യമൻ ഇന്ദ്രനും , ഇന്ദ്രൻ വസിഷ്ഠനും ഉപദേശിച്ചു. തുടർന്ന് 21 ഓളം കാതോട് കാതു വായ്മൊഴികൾ കഴിഞ്ഞാണ് ഒടുവിൽ വ്യാസനും പിന്നീട് സൂതനും ലഭിച്ചത്. സൂതനിൽ നിന്നും മുനിമാർക്കു ലഭിച്ചു.
        ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൗരാണിക ശാക്തേയ സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'". ഇതിലെ ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്. ബ്രഹ്മാണ്ഡ പുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ഇതുള്ളത്. "വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ശ്രീ വിദ്യാ ഭഗവതിയുടെ" തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. "ശ്രീ മാതാ" എന്നു തുടങ്ങി "ലളിതാംബിക" എന്ന പേരിൽ പൂർണ്ണമാവുന്നു. സാ,ത്വികമായ ഏതൊരു ദേവീപൂജക്കും ഇത് ജപിക്കാറുണ്ട്. ഇത് നിത്യവും ജപിക്കുന്ന
ത് ഐശ്വര്യം, മോക്ഷം എന്നിവ സിദ്ധിക്കുവാൻ ഉത്തമമാണെന്ന് വിശ്വാസമുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം



ഭരദ്വാജൻ 

കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.

ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ദ്രോണർ. ദ്രോണത്തിൽനിന്ന് (കുടം) ജനിച്ചവനാകയാലാണ് ദ്രോണർ എന്നു പേര് ലഭിച്ചത്. ഭരദ്വാജൻ ഒരിക്കൽ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോൾ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയിൽ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊർന്നു വീണുപോയി. പൂർണരൂപത്തിൽ ആ കോമളരൂപം കണ്ട മഹർഷിക്ക് ഇന്ദ്രിയ സ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തിൽ സൂക്ഷിച്ചു. അതിൽനിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം.

അഗ്നിവേശ മുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്.

 കരിമുട്ടം ദേവി ക്ഷേത്രം 

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...