Sunday, October 7, 2018

ജരാസന്ധനും കംസനും

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മഗധാധിപതിയായിരുന്ന ബൃഹദ്രഥ മഹാരാജാവിനു  മക്കളില്ലാതെ വിഷമിക്കുന്ന അവസരത്തിൽ  ചണ്ഡ കൗശികൻ എന്ന മുനി ഒരു മാമ്പഴം സമ്മാനിക്കുകയും അദ്ദേഹം അത് തന്റെ രണ്ടു ഭാര്യമാർക്കുമായി തുല്യമായി വീതിച്ചു നൽകുകയും ചെയ്തു. രണ്ടു പേരും ഗർഭം ധരിക്കുകയും ഒരേ സമയം പ്രസവിക്കുകയും ചെയ്തു. പക്ഷേ രണ്ടു പേരും പ്രസവിച്ചത് പകുതി ശരീരം മാത്രമുള്ള ചത്ത കുഞ്ഞിനെയായിരുന്നു. മാമ്പഴം പാതി കഴിച്ചതിനാൽ പകുതി കുഞ്ഞിനെയായിരുന്നു ഭാര്യമാർ പ്രസവിച്ചത്. ഇതു കണ്ട് പേടിച്ച രാജാവും പത്നിമാരും പകുതി ശരീരങ്ങളെ അടുത്തുള്ള കാട്ടിൽ ഉപേക്ഷിച്ചു.
കാട്ടിലൂടെ സഞ്ചരിച്ച ജരയെന്നു പേരുള്ള രാക്ഷസി ഈ പകുതി ശരീര ഭാഗങ്ങളെ കാണുകയും കൗതുകം തോന്നി രണ്ടും കൂടി യോജിപ്പിക്കുകയും ചെയ്തു. പകുതി ശരീരഭാഗങ്ങൾ യോജിച്ചപ്പോൾ തന്നെ കുട്ടിക്ക് ജീവൻ വെക്കുകയും വളരെ ഉച്ചത്തിൽ കരയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ മാറ്റാൻ സാധിക്കാതെ ജര കുട്ടിയെ അവിടെ തന്നെ ഉപേക്ഷിക്കുകയും, തുടർന്ന് ഇത് അറിഞ്ഞ മഹാരാജാവ് അവനെ വീണ്ടും കൊട്ടാരത്തിൽ കൊണ്ടുവന്നു വളർത്തി. ജരയാൽ യോജിപ്പിക്കപ്പെട്ടവൻ (സന്ധിക്കപ്പെട്ടവൻ) എന്ന അർത്ഥത്തിൽ അവനു ജരാസന്ധൻ എന്ന് നാമകരണവും നടത്തി.
അസ്തി, പ്രാപ്തി എന്ന പേരിൽ രണ്ടു പുത്രിമാർ ജരാസന്ധനുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിച്ചത് കംസനെയാണ്. കംസവധത്തിനുശേഷം ശ്രീകൃഷ്ണനോട്  ജരാസന്ധനു വൈരാഗ്യം ഉണ്ടാവനുള്ള കാരണം ഇതായിരുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

ഖരൻ

  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിൽ ഒരംഗം ഉന്നയിച്ച സംശയത്തിന് ശേഖരിച്ച   ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വൈക്കം മഹാദേവ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഖരൻ തന്നെയാണ് രാമായണത്തിൽ വിവരിക്കുന്ന ഖരനും..
ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദമ്പരത്തു പോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ശിവലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രത്തിലും  പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.
വ്യാഘ്രപാദൻ ശിവലിംഗം പൂജിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ, ഒരു വ്യശ്ചികമാസത്തിൽ  കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തിൽ ഏഴരവെളുപ്പിന് ശിവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. ഈ ശിവലിംഗത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാൽ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. തുടർന്ന്, ദേവശില്പിയായ വിശ്വകർമ്മാവിനെ  വിളിച്ചുവരുത്തിയ പരശുരാമൻ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.
ഇനി ഖരന്റെ മുത്തച്ഛനായ മാല്യവാനെ കുറിച്ച്....
മാലി സുമാലി മാല്യവാൻ എന്നീ അസുരന്മാർ ഭൂമിയും പാതാളവും അടക്കി വാഴുന്നകാലം. സന്യാസികളേയും സ്ത്രീകളേയും എല്ലാം അവർ യഥേഷ്ടം ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ സംന്യാസിമാർ പരാതിയുമായി വൈകുണ്ഠത്തിൽ എത്തി വിഷ്ണുഭഗവാനെ കണ്ട് സങ്കടം ഉണർത്തിച്ചു. ഇവരിൽ നിന്നു എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം എന്നു ഇവർ ഭഗവാനോടു കേണപേക്ഷിച്ചു. അപ്പോൾ ഭഗവാൻ അവരുടെ മരണം അടുത്തു തന്നെ ഉണ്ടാവുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു.
തുടർന്ന് നാരദ മഹർഷി ഈ വിവരം അറിഞ്ഞു മാല്യവാന്റെ കൊട്ടാരത്തിൽ എത്തി വിഷ്ണു ഭഗവാൻ മാല്യവാനെ അടുത്തു തന്നെ കൊല്ലുന്നതായിരിക്കും എന്നു അറിയിച്ചു. ഇതിനു കാരണക്കാരൻ ദേവേന്ദ്രനാണെന്നും  നാരദൻ മാല്യവാനെ അറിയിക്കുന്നു. ക്രുദ്ധനായ മാല്യവാൻ സഹോദരന്മാരായ മാലി സുമാലി ഇവരുമായി ആലോചിച്ച് ദേവേന്ദ്രനുമായി യുദ്ധത്തിനു പുറപ്പെടുന്നു. ഇന്ദ്രലോകത്ത് പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. അവസാനം ഇന്ദ്രൻ തോല്പിക്കപ്പെടുമെന്നു തീർച്ചയായപ്പോൾ വിഷ്ണുഭഗവാൻ മാലിയുടെ കഴുത്തറുത്ത് കൊന്നു. ജീവനിൽ പേടിച്ച് സുമാലിയും മാല്യവാനും പാതാള ലോകത്തിലേക്കു ഒളിച്ചോടി.
കരിമുട്ടം ദേവി ക്ഷേത്രം

സർപ്പസത്ര യാഗ കാവൽക്കാർ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

തക്ഷശിലയിൽ സർപ്പസത്ര യാഗം ചെയ്യാൻ ജനമേജയൻ  ഉദ്ദഗമഹർഷിയുടെ അനുവാദത്തോടെ യാഗശാല പണിതീർത്തു. തക്ഷകന്റെ പേരിനോട് സാമ്യമുള്ളതിനാലാവാം തക്ഷശില യാഗത്തിനായി തിരഞ്ഞെടുത്തത്. യാഗശാലയുടെ പണിപൂർത്തിയായപ്പോൾ ശാല പണിത തച്ചൻ മുഹൂർത്ത ലക്ഷണത്താൽ യാഗം ഇടയ്ക്കുവെച്ച തടസ്സപെടുമെന്നു അഭിപ്രായപ്പെട്ടു. ഈ കാരണത്താൽ ജനമേജയൻ തന്റെ അനുജന്മാരായ ശ്രുത സേനൻ, ഉഗ്രസേനൻ, ഭീമസേനൻ  എന്നിവരെ യാഗശാലക്ക് ചുറ്റും കാവൽ ഏർപ്പെടുത്തി. യാഗം തുടങ്ങി കഴിഞ്ഞാൽ തീരുന്നതുവരെ പുറത്തു നിന്നു ആരെയും അകത്തേക്ക് പ്രവിശിപ്പിക്കരുത്. പ്രധാനഹോതാവായി ചണ്ഡഭാർഗവനേയും മറ്റു ഹോതാക്കളായി അദ്ധ്വര്യൻ, ഹോതാ, ഉത്ഗതൻ, ബ്രഹ്മ എന്നീ മഹർഷിമാരെയും നിയുക്തരാക്കി. ഉദ്ദഗമഹർഷിയായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തത്.

കരിമുട്ടം ദേവി ക്ഷേത്രം

അഗ്നി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിക്ക് ജലം, ഭൂമി, ആകാശം, വായു എന്നിവയെക്കാള്‍ എന്ത് കൊണ്ടും അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍ സോദാഹരണം വിവരിച്ചിട്ടുണ്ട്.  തെക്കുകിഴക്കേ ദിക്കിന്‍റെ അധിപനായ അഗ്നിയെ അഷ്ടദിക്ക്പാലകരിലെ പ്രധാനിയായും കല്‍പ്പിച്ചു പോരുന്നു.  ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്നിക്കാണ്.  യാഗത്തിന് അഗ്നി അപരിത്യാജ്യമാകയാല്‍ അഗ്നിശുശ്രൂഷ പ്രധാനമായി.  ദേവന്മാര്‍ക്ക് വേണ്ടി ഹോമത്തില്‍ ഹവിസ്സിനെ സ്വീകരിക്കുകയാണ് അഗ്നിയുടെ ദൗത്യം.
ഇങ്ങനെ നോക്കുമ്പോള്‍ അഗ്നിസാക്ഷിയായി നാം ഓരോരുത്തരും ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിപാവനത ആരാലും നിഷേധിക്കപ്പെടാവുന്നതല്ല എന്നു ചുരുക്കം.

സോമയാഗം നടക്കുമ്പോൾ യാഗാവസാന ദിവസം യാഗശാല കത്തിക്കുന്നതോടെയാണ് സോമയാഗം പരിസമാപ്തിയിലെത്തുക. അഗ്നയേ ഇദം ന മമ - എല്ലാം അഗ്നിക്കുള്ളതാണ്, എനിക്കുള്ളതല്ല എന്ന സന്ദേശമാണ് യാഗശാല കത്തിക്കുന്നതിലൂടെ വിളംബരം ചെയ്യുന്നത്. അങ്ങിനെ ത്യജ, ത്യജ (എല്ലാം ത്യജിക്കുക) എന്ന സന്ദേശമാണ് അഗ്നി സമർപ്പണത്തിലൂടെ അർത്ഥമാക്കുന്നത്.

കരിമുട്ടം ദേവി ക്ഷേത്രം

കുബേരന്റെ മാതാപിതാക്കൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മപുത്രനായ പുലസ്ത്യമഹർഷി ഹിമാലയത്തിൽ അളകനന്ദയുടെ തീരത്ത് തപസ്സുചെയ്യുന്നവസരത്തിൽ യക്ഷ-കിന്നര-ഗന്ധർവ വനിതകൾ നിത്യവും അളകനന്ദ നദിയിൽ വരികയും അവരുടെ ബഹളങ്ങളിൽ തനിക്ക് തപസ്സുചെയ്യുന്നതിനു ബുദ്ധിമുട്ടായപ്പോൾ അദ്ദേഹം, ഇനിമേലിൽ ഇവിടെ വരുന്ന സ്ത്രീകൾ ഗർഭിണികളാവട്ടെ എന്നു ശപിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ ഒരിക്കൽ തൃണവിന്ദുവെന്ന രാജാവിന്റെ പുത്രിയായ മാലിനി അവിടെ ആശ്രമപരിസരത്തുവരികയും അവൾ ഗർഭിണി ആകുകയും ചെയ്തു. ഇതറിഞ്ഞ് തൃണവിന്ദു മകളേയും കൂട്ടി പുലസ്ത്യനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നിഷ്കളങ്കയായ ആ പെൺകുട്ടിയെ പുലസ്ത്യ മഹർഷി വിവാഹം കഴിക്കുകയും ചെയ്തു. മാലിനിയിൽ പുലസ്ത്യനു ജനിച്ച ആ പുത്രനാണ് വിശ്രവസ്സ്. വിശ്രവസ്സും അച്ഛനെപ്പോലെ തപസ്സു ചെയ്ത് മഹർഷിയായി. വിശ്രവസ്സ്‌ മഹർഷി ആദ്യം വിവാഹം കഴിച്ചത്‌ ഭരദ്വാജ മഹർഷിയുടെ മകളായ ദേവവർണിനി എന്ന ഇളബിളയെ ആയിരുന്നു. അതിലുണ്ടായ മകനാണ്‌ വൈശ്രവണൻ അഥവാ കുബേരൻ.  ബ്രഹ്മാവിന്റെ  വരപ്രസാദത്താൽ പുഷ്പക വിമാനം ലഭിച്ചു. കൂടാതെ ധനാധിപതിയായി  അഷ്ടദിക് പാലക സ്ഥാനവും  ബ്രഹ്മദേവനാൽ ലഭിച്ചു. രാക്ഷസർ ഉപേക്ഷിച്ച ലങ്കാനഗരിയിൽ സർവ്വാഢംഭരത്തോടെ വസിക്കുവാൻ അച്ഛനായ വിശ്രവസ്സ് മഹർഷി അനുഗ്രഹിക്കുകയും ചെയ്തു.

കരിമുട്ടം ദേവി ക്ഷേത്രം

കൈകസി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാവണന്റെ അമ്മയാണ് ദൈത്യ രാജകുമാരിയായ കൈകസി. വിശ്രവസിന്റെ രണ്ടാമത്തെ പത്നിയാണ് കൈകസി. വിശ്രവസ്സിനു കൈകസിയിൽ ജനിച്ചവരാണ് രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, ശൂർപ്പണഖ എന്നിവർ.
രാക്ഷസരാജാവായ വു സു മാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ഏറ്റവും ഇളയവളയായിരുന്നു കൈകസി. താടകയായിരുന്നു കൈകസിയുടെ അമ്മ. സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു.

കരിമുട്ടം ദേവി ക്ഷേത്രം

ഗാന്ധാരിയുടെ പിതാവ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഗാന്ധാരദേശത്തെ പ്രശസ്ത രാജാവായ സുബലൻ കൌരവരുടെ മാതാവായ ഗാന്ധാരിയുടെ പിതാവാണ്. ഇദ്ദേഹത്തിന്റെ പുത്രനാണ് കുപ്രസിദ്ധനായ ശകുനി. ഗാന്ധാരിയുടെ ഭർത്താവ് അന്ധനാണെന്നത് സുബലനെ വേദനിപ്പിച്ചിരുന്നു. എന്നാലും കുലമഹിമ യോർത്താണ് അദ്ദേഹം ഗാന്ധാരിയെ ധൃതരാഷ്ട്രർക്ക് നല്കിയത്. ഇദ്ദേഹത്തിനു ഗാന്ധാരിയെയും ശകുനിയെയും കൂടാതെ അചലൻ, വൃഷകൻ എന്നീ പുത്രന്മാർ കൂടിയുണ്ടായിരുന്നു . ഇദ്ദേഹം പുത്രന്മാരോടോത്തു യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചു.
ഇദ്ദേഹത്തിന്റെ പുത്രനായത് കൊണ്ടാണ് ശകുനിക്ക് " സൗബലൻ" എന്ന് പേരുണ്ടായത് .

കരിമുട്ടം ദേവി ക്ഷേത്രം

ജൈമിനീ ഭാരതം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാനും  വേദവ്യാസ ശിഷ്യനും വിഷ്ണുഭക്തനുമായ ജൈമിനി  മഹർഷി വ്യാസഭാരതത്തിനു അനുബന്ധമായി രചിച്ച അശ്വമേധപർവ്വം മാത്രമടങ്ങിയ ഗ്രന്ഥമാണ് ജൈമിനീ ഭാരതം .
അശ്വമേധപർവ്വം മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത് .ഇതിലെ അശ്വമേധപർവ്വം വളരെ വ്യത്യസ്തവും, ആസ്വാദ്യവും ഹൃദ്യവും , വ്യാസഭാരതത്തിലെ അശ്വമേധപർവ്വത്തിൽ ഇല്ലാത്ത പല വിചിത്രകഥകളും അടങ്ങിയതുമാകുന്നു . അതിനാൽ  ജൈമിനീ അശ്വമേധം എന്നും ഈ കൃതി പ്രസിദ്ധമാണ് . കർണ്ണപുത്രനായ വൃഷകേതുവിന്റെ കഥയും ഇതിലാണുള്ളത്. കൂടാതെ പ്രമീള എന്ന അർജുന വധുവിന്റെ കഥയും, (ഈ കഥ കരിമുട്ടം ഗ്രൂപ്പിൽ മുമ്പ് പോസ്റ്റ് ചെയ്തത് ഓർക്കുമല്ലോ) വ്യാസഭാരതത്തിൽ ഇല്ലാത്ത അനേകം മറ്റു പല കഥാപാത്രങ്ങളെയും ഇതിൽ കാണാം.
ജൈമിനി മുനി , നൈമിശാരണ്യത്തിൽ വച്ച് ജനമേജയ രാജാവിനോട് പറയുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം. കലിയുഗത്തിന്റെ ആരംഭ കാലഘട്ടത്തിലാണ് ഇതിന്റെ ആഖ്യാനം നടക്കുന്നത്. കലിയുഗത്തിൽ ലോകത്തിന്റെ സ്ഥിതിയെപ്പറ്റിയും , ലോകത്തിനു സംഭവിക്കുന്ന കെടുതികളും ഇതിൽ അവസാനഭാഗത്ത് പറയുന്നുണ്ട് .
പതിനെട്ടു മഹാപുരാണങ്ങളിലും, പതിനെട്ടു ഉപപുരാണങ്ങളിലും ഈ കൃതിയെപ്പറ്റി പരാമർശമില്ല .
പേര് പറയപ്പെടാത്ത ഉപപുരാണങ്ങളും പലതും ഉണ്ട്. അതുകൊണ്ട് ആ പുരാണങ്ങളുടെ കൂട്ടത്തിൽ ഇതിനെ പെടുത്താവുന്നതാണ് .

കരിമുട്ടം ദേവി ക്ഷേത്രം

നാരിപുരത്തിലെ റാണിയായ പ്രമീള


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

യുധിഷ്ഠിരന്റെ അശ്വമേധ യാഗത്തിൽ അശ്വത്തെ അനുഗമിച്ചു ദിഗ്വിജയം നടത്തിയ  അർജ്ജുനൻ എത്തിച്ചേർന്നത് സ്ത്രീരാജ്യമായ നാരീ പുരത്താണ്.
 അവിടെയുള്ളവരെല്ലാം സ്ത്രീകളായിരുന്നു .  ഈ നാരീപുരത്തിന്റെ രാജ്ഞിയായിരുന്നു പ്രമീളാ റാണി.
ഇത്തരത്തിൽ നാരീപുരത്തിൽ എത്തിച്ചേർന്ന യുധിഷ്ടിരന്റെ അശ്വത്തെ രാജ്ഞി പിടിച്ചു കെട്ടുകയും , അതിനെത്തുടർന്നു അർജുനനും സൈന്യവും പ്രമീളയോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലു, ഒരു ലക്ഷം പേർ കുതിരകളിലും, ഒരു ലക്ഷം പേർ തേരുകളിലും വന്നെത്തി. അവരും അർജുനന്റെ സൈന്യവും തമ്മിൽ യുദ്ധമുണ്ടായി.  എന്നാൽ അർജ്ജുനൻ പ്രമീളയോട് ഏറ്റുമുട്ടി പരാജിതനാകുകയായിരുന്നു .
ഒടുവിൽ പ്രമീളയെ വധിക്കാനായി ദിവ്യാസ്ത്രം പ്രയോഗിക്കാനൊരുങ്ങിയ അർജുനനെ, ഒരു അശരീരി അതിൽ നിന്നും പിന്തിരിപ്പിക്കുകയും , പ്രമീളയെ വിവാഹം കഴിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. ആ അശരീരി വാക്യം അനുസരിച്ച് അർജുനൻ പ്രമീളയെ വിവാഹം ചെയ്തു യുദ്ധം അവസാനിപ്പിച്ചു. തുടർന്ന് വീണ്ടും ദിഗ്വിജയം ചെയ്തു.

പ്രമീള അതിശക്തയായ ഒരു യുവതിയായിരുന്നു . തന്റെ മന്ത്രിണിയായിരുന്ന മന്മഥമഞ്ജരി എന്ന സ്ത്രീരത്നത്തിന്റെ സഹായത്തോടെ യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിൽ ദിഗ്‌വിജയത്തിനു ഇറങ്ങിത്തിരിച്ച അർജ്ജുനന്റെ സേനയെ യുദ്ധത്തിലേർപ്പെട്ട് തോൽപ്പിക്കുകയും അർജ്ജുനനെ നിസ്സഹായനാക്കുകയും ചെയ്തുവത്രേ. ആയുധപ്രയോഗത്തിൽ സമർത്ഥയായ പ്രമീള നല്ലൊരു അശ്വസവാരിക്കാരിയും അസ്ത്രജ്ഞയുമായിരുന്നു. തനിക്കേർപ്പെട്ട തോൽവിയുടെ മാനക്കേട് മറയ്ക്കാനാണ്  അർജ്ജുനൻ ഇവരെ വിവാഹം ചെയ്തത് .

കരിമുട്ടം ദേവി ക്ഷേത്രം

ഗംഗ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെ പുത്രനാണ് ഭഗീരഥൻ. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ നിരവധി ത്യാഗങ്ങൾ അനുഭവിച്ച സൂര്യവംശരാജാവായിരുന്നു അദ്ദേഹം. ഭഗീരഥന്റെ ബഹുമാനാർത്ഥമാണ് ഗംഗാനദിയ്ക്ക് ഭാഗീരഥി എന്നപേർ ലഭിച്ചത്. ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിക്കാനായി അദ്ദേഹം നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി. പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി.  ഗംഗ അത്യുഗ്രശക്തിയായി ഭൂമിയിലേക്കു നദിയായി പതിച്ചു. ഭഗവാൻ ഗംഗയെ തന്റെ ശിരസ്സിൽ താങ്ങിനിർത്തി. പക്ഷേ ഗംഗാനദി ശിവന്റെ ജടയിൽ നാലുവശത്തും തട്ടിതകർത്തൊഴുകാൻ ആരംഭിച്ചു. ഗംഗയുടെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ ഗംഗയെ തന്റെ ശിരസ്സിനുള്ളിൽ ബന്ധിച്ചു. (ശിവൻ അങ്ങനെ ഗംഗാധരനായി). ഗംഗാനദി ഭൂമിയിലൂടെ പ്രവഹിക്കുവാനായി ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്ത് പ്രീതിപെടുത്തി.  ഭഗീരഥനിൽ അനുഗൃഹീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു. ശിവനിൽ നിന്നും മോചിതയായ ഗംഗ ശക്തിയായി ഹിമാലയത്തിലൂടെ താഴോട്ട് ഒഴുകി. ഹിമവത്സാനുവിൽ തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമത്തിലൂടെ ഒഴുകിയ ഗംഗാനദിയിലെ വെള്ളത്തിൽ ആശ്രമം മുങ്ങി പോയി. കുപിതനായ ജഹ്നു മഹർഷി ഗംഗയെ മുഴുവനായും തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു പാനം ചെയ്തു. ഭഗീരഥൻ ജഹ്നുമഹർഷിയെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആദ്യം മഹർഷി ഭഗീരഥന്റെ അപേക്ഷ നിരസിച്ചെങ്കിലും, ഒടുവിൽ മറ്റു മുനീന്ദ്രന്മാരുടെ അഭ്യർത്ഥനയിൽ ജഹ്നു മഹർഷി ഭഗീരഥന്റെ അപേക്ഷ അംഗീകരിക്കുകയും ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേക്ക് ഒഴുക്കി. (ഗംഗ അങ്ങനെ ജാഹ്നവിയായി )

കരിമുട്ടം ദേവി ക്ഷേത്രം

വില്വമംഗലത്ത് സ്വാമിയാർ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തിനു ശ്രീകൃഷ്ണ ലീലാശുകൻ എന്നു കൂടി നാമമുണ്ട്. ശ്രീ വില്വമംഗലം സ്വാമിയാർ 14-ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്നു എന്നും കരുതുന്നു. വലിയ ഗുരുവായൂരപ്പ ഭക്തനായിരുന്ന അദ്ദേഹത്തിന്‌ ആവശ്യമുള്ളപ്പോഴൊക്കെ കൃഷ്ണദർശനം കിട്ടിയിരുന്നുവത്രേ. കേരളത്തിലാണു ജനിച്ചതെങ്കിലും ഭാരതം മുഴുവൻ അദ്ദേഹം പ്രസിദ്ധനായിരുന്നു. അതുകൊണ്ടാവണം സ്വാമിയാരുടെ ജനനം ബംഗാളിലാണെന്ന് ബംഗാളികളും ഒറീസ്സയിലാണെന്നു ഒറീസ്സക്കാരും കരുതുന്നു. കേരളത്തിലെ പന്നിയൂർ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചതെന്നു പൊതുവെ കരുതിപ്പോരുന്നു. കൃഷ്ണന്റെ ലീലകൾ ശുകമഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്‌. ലീലാശുകൻ എന്ന നാമത്തിൽ അദ്ദേഹം എഴുതിയ ശ്രീകൃഷ്ണകർണ്ണാമൃതമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി.

കരിമുട്ടം ദേവി ക്ഷേത്രം

അഘോരമൂർത്തിയായ ശിവൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്ത ഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.
ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോര ശിവന്റേതാണ്. ഖരപ്രകാശ മഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതു കൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.

അഘോര ശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവ യഥാക്രമം അഘോരനും ത്രിഷ്ടുപ്പും അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രത്തിന്റെ സ്വരൂപം:
'ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്'
ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകവും അതിന്റെ സാരവും താഴെ കൊടുക്കുന്നു.
'കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ'.
(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).
ഓം ഹ്രീം എന്ന ബീജാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് മന്ത്രം ഉച്ചരിക്കേണ്ടതാണ്. ലക്ഷം ആവൃത്തികൊണ്ട് മന്ത്രസിദ്ധി വരുത്തണം. മോക്ഷം ആഗ്രഹിക്കുന്നവന്‍ അഘോരമൂര്‍ത്തിയെ ധവളവര്‍ണത്തിലും കാവ്യഫലം ആഗ്രഹിക്കുന്നവന്‍ രക്തവര്‍ണത്തിലും ദുഷ്ടഗ്രഹനിവൃത്തി, ആഭിചാരം എന്നിവ ഉദ്ദേശിക്കുന്നവന്‍ കറുത്തവര്‍ണത്തിലും ധ്യാനിക്കുന്നു. അഘോരമന്ത്രംകൊണ്ട് ഹോമം നടത്താറുണ്ട്. ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; നിഖിലപ്രേയഃ പ്രാപ്തിയുണ്ടാകും എന്നെല്ലാം വിശ്വസിക്കപ്പെടുന്നു.
( മന്ത്രം അറിവിലേക്കായി മാത്രം ചേർത്തിരിക്കുന്നതാണ്. വിധിപ്രകാരമല്ലാതെ ഒരു കാരണവശാലും മന്ത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല )

കരിമുട്ടം ദേവി ക്ഷേത്രം

അപ്സരസുകൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പൌരാണിക ഭാരതീയ സങ്കല്‍പമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നര്‍ത്തകികളാണ് അപ്സരസുകൾ. 'അപ്'-ല്‍ (ജലത്തില്‍) നിന്നുണ്ടായവര്‍, ജലത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നാണ് വാക്കിനര്‍ഥം. പാലാഴി മഥനത്തില്‍ ഉയര്‍ന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. അതിസുന്ദരിയായ രംഭയുള്‍പ്പെടെയുള്ള അപ്സരസ്സുകളെ ഇന്ദ്രന്‍ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവര്‍ നിവസിക്കുന്നു. നൃത്തനൃത്യസംഗീതാദി കലാവിദ്യകളില്‍ പ്രഗല്ഭരായ ഇവര്‍ക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താന്‍ ഇവരെയാണ് ദേവേന്ദ്രന്‍ നിയോഗിക്കുന്നത്. ദ്രുപദര്‍, ദ്രോണര്‍, പൃഥു, ശകുന്തള എന്നിങ്ങനെ പുരാണ പ്രസിദ്ധരായ അനവധിപേര്‍ അപ്സരസ്സുകളില്‍ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമര്‍ശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം പറയുന്നു. ഇതില്‍ 1,060 പേര്‍ക്കേ പ്രാധാന്യമുള്ളു. ഉര്‍വശി, പൂര്‍വചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകള്‍. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു

കരിമുട്ടം ദേവി ക്ഷേത്രം

കൂർമ്മാസനം

  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിൽ കുമളിയിൽ നിന്നുമുള്ള ഒരു അംഗം ഉന്നയിച്ച സംശയത്തിന് ശേഖരിച്ച പരിമിതമായ അറിവുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

നമ്മുടെ ക്ഷേത്രങ്ങളിൽ ആമയുടെ (കൂർമ്മത്തിന്റെ ) ആകൃതിയിലുള്ള പല വസ്തുക്കളും കാണുവാൻ സാധിക്കും. കൂർമ്മാസനമായി വിവക്ഷിക്കുന്ന ആവണപ്പലകയും ശംഖ് കാലുകളും ദീപസ്തംഭങ്ങളും എല്ലാം അതിൽ പ്പെട്ടതാണ്. ആവണപ്പലകയുടെ കൂർമ്മാക്യതിയെ കുറിച്ച് ചിന്തിച്ചാൽ ഇത് മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനമാണെന്ന് പറഞ്ഞാല്‍ ഇന്ന് അധികമാര്‍ക്കും മനസിലാകണമെന്നില്ല. പഴയ ഗൃഹങ്ങളിലുള്ള ആവണപലകയെടുത്തു നോക്കിയാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമെല്ലാം സുവ്യക്തമായി കാണുവാന്‍ കഴിയും. ഭൂസ്പര്‍ശം ഇല്ലാതെ ഇരിക്കുക എന്നതാണ് ആസനത്തിന്റെ പ്രധാന തത്വം. അതുകൊണ്ട് ഇരിപ്പിടമാകുന്ന ആ ആസനം അത്രക്കും വലിയതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇന്നുള്ള ആവണപലകകളിലിരുന്നാല്‍ ഭൂസ്പര്‍ശം അനിവാര്യമായതുകൊണ്ട് പൂജക്ക് അവ ഉപയോഗിക്കുന്ന കാര്യം ശരിയാണോ എന്ന് ചിന്തിക്കേണ്ടതാണ്. ക്ഷേത്രശില്‍പത്തിന്റെ വിവരണത്തില്‍ ഷഡാധാര പ്രതിഷ്ഠയില്‍ ദേവന്റെ താഴെ ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. മന്ത്രസാധന ചെയ്യുന്നത് പ്രാണശക്തിയിലാണ് എന്ന് മനസ്സിലാക്കിയാല്‍ ഭൂസ്പര്‍ശം കൂടാതെ അതായത് സ്ഥൂലശരീര ഭാഗത്തില്‍നിന്നും പ്രാണശരീരതലത്തിലേക്കുയര്‍ന്നു, സ്ഥിതി ചെയ്യുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കുന്നത് എന്നു വ്യക്തമാകും. മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനം കൂര്‍മ്മാകൃതിയിലുള്ളതും (കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം വ്യക്തമായുള്ള ഒരു മരപ്പലകയാണ്) അതില്‍ ഒരു പ്രത്യേക തരത്തില്‍ 'അ' മുതല്‍ 'ക്ഷ' വരെയുള്ള അക്ഷരങ്ങള്‍ കൊത്തിയിരിക്കണമെന്നുമാണ് നിയമം. ആ അക്ഷരമാലാസനത്തിന്റെ ലോപമാണ് കേരളത്തില്‍ ഇന്നു കാണുന്ന ആവണ പലക. ഈ കൂര്‍മ്മാസനത്തിന്റെ തല ശരിക്കും സാധകന്റെ മുന്‍ഭാഗത്ത് വരേണ്ടതാണ്. പക്ഷേ, താഴെനിന്നും മുകളിലേക്കുള്ള പ്രതീകം തന്നെയാണ് വലത്തുനിന്നും ഇടത്തോട്ടുള്ള രേഖയുടെ പ്രതീകം കുറിക്കുന്നതെന്ന് ക്ഷേത്രശില്‍പത്തില്‍ പ്രതിപാദിച്ചിട്ടുള്ളതോര്‍ക്കുമ്പോള്‍ കേരളത്തിലെ പൂജകന്മാര്‍ ആവണപലകയുടെ ശിരോഭാഗം ഇടത്തോട്ടിട്ട് ഇരിക്കുന്നത് ശരിയല്ലെന്ന് പറയുവാന്‍ നിവൃത്തിയില്ല. അതില്‍ യോഗാസനവിധി അനുസരിച്ച് പത്മാസനത്തിലോ സ്വസ്തികാസനത്തിലോ (ചമ്രം പടിഞ്ഞോ) മറ്റോ ഇരുന്നാണ് പൂജ ചെയ്യേണ്ടത്. 'സ്ഥിരം സുഖമാസനം' എന്ന പതഞ്ജല യോഗസൂത്രം ഇവിടെ സ്മരണീയമാണ്.

കരിമുട്ടം ദേവി ക്ഷേത്രം

ദുര്യോധനന്‍റെ വൈഷ്ണവയാഗം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു. യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം
നടത്തുവാനാണ് തീരുമാനിച്ചത്. എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെ യിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു. എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗംഎന്നൊരു യജ്ഞമുണ്ട്. അത് ദുര്യോധനന് നടത്താവുന്നതാണ്. അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും, ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ്. അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട്. അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ. അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു . വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടു കൂടി പാണ്ഡവ ബന്ധുവായ ദ്രുപദ രാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രംഎന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി . കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര, വത്സഭൂമി, മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു. പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു . " അല്ലയോ രാജേന്ദ്രനായ കർണ്ണാ, ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ". തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാല പുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു .(മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം) പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി . " ഹേ കർണ്ണാ, രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻഎന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " (മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം)

കരിമുട്ടം ദേവി ക്ഷേത്രം

സ്വർഗ്ഗാരോഹണ ദൂതൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ദ്വാരകയിൽ വസിക്കവേ , ശ്രീകൃഷ്ണൻ ഒരിക്കൽ യാദവരോട് അവരുടെ കുലനാശം ഉടൻ സംഭവിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. യാദവർ അത് അത്ര കാര്യമായെടുത്തില്ല. ലോകനാഥനായ കൃഷ്ണൻ തങ്ങളുടെ രക്ഷയ്ക്കുള്ളപ്പോൾ തങ്ങൾക്കു ഒന്നും സംഭവിക്കില്ലെന്ന് യാദവർ ധരിച്ചു. അഹന്ത നിറഞ്ഞ സ്വന്തം വംശത്തെ സംഹരിക്കുവാൻ കൃഷ്ണൻ ഉള്ളാലെ നിനച്ചു . വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 37 ലായി ഇങ്ങനെയൊരു വിവരണം കാണുന്നുണ്ട്.
ഒരു ദിവസം ദേവന്മാർ ദൂതനായി അയച്ച വായുദേവൻ കൃഷ്ണനെ വന്നു കണ്ടു. അദ്ദേഹം പറഞ്ഞു . " ദേവാ ,ഞാൻ ദേവദൂതനായ വായുവാണ്. അങ്ങ് ഭൂമിയിൽ ജനിച്ചിട്ട് നൂറിലേറെ വർഷം കഴിഞ്ഞു. ഇനി അങ്ങ് സ്വർഗത്തിലേക്ക് എഴുന്നെള്ളിയാലും. ദേവന്മാർ അതാഗ്രഹിക്കുന്നു . സ്വർഗ്ഗത്തെ സനാഥമാക്കി അനുഗ്രഹിക്കേണമേ. എങ്കിലും അങ്ങയുടെ ഇഷ്ടംപോലെ തന്നെയാകട്ടെ. "
തുടർന്ന് കൃഷ്ണൻ ഇങ്ങനെ പറയുന്നു. " ഹേ ദേവദൂതാ, താങ്കൾ പറഞ്ഞതെല്ലാം എനിക്കറിയാം. യാദവന്മാരുടെ നാശത്തെ ഞാൻ തുടങ്ങി വച്ചിട്ടുണ്ട്. യാദവന്മാർ ജീവിച്ചിരിക്കെ ഭൂഭാരം കുറയ്ക്കുക സാധ്യമല്ല . ഏഴു രാത്രികൾ കൊണ്ട് ഭൂഭാരം കുറയ്ക്കപ്പെടും. ഈ ദ്വാരക ഞാൻ സമുദ്രത്തോട്‌ വാങ്ങിയതാണ്. അതിനെ അതുപോലെ തന്നെ തിരികെ കൊടുത്തിട്ട് ഞാനും ബലരാമ ജ്യേഷ്ഠനും ഉടനെ സ്വർഗ്ഗത്തിലെത്തുന്നതാണ്. ഭൂമി ഭാരത്തിനു കാരണക്കാരായിരുന്ന ജരാസന്ധനും മറ്റുള്ള അസുരന്മാരും കൊല്ലപ്പെട്ടു. ഇപ്പോഴുള്ള യാദവ കുമാരന്മാർ അവരിലൊട്ടും കുറഞ്ഞവരല്ല. അതിനാൽ ഭൂമിയുടെ ഈ അന്തിമഭാരവും കുറിച്ചിട്ടു ഞാൻ സ്വർഗ്ഗത്തിലെത്തുന്നുണ്ടെന്നു ദേവന്മാരെ അറിയിച്ചാലും".
ഇതുകേട്ട് വായു തിരികെപ്പോയി. ഭഗവാൻ ഇത് പറഞ്ഞതിന് പിന്നാലെ ദിവ്യവും ഭൗമികവും അന്തരീക്ഷ ജന്യങ്ങളുമായ ദുർന്നിമിത്തങ്ങൾ ദ്വാരകയിൽ ഒന്നിന് പുറകെ മറ്റൊന്നായി കാണപ്പെട്ടു തുടങ്ങി . അതിനെ തുടർന്നാണ് മഹർഷിമാർ ദ്വാരകയിലെത്തിയതും , അവർ കൃഷ്‌ണപുത്രനായ സാംബനെയും മറ്റുള്ള യാദവരെയും ശപിക്കുന്നതും . ഇതിനൊക്കെ മുൻപ് തന്നെ ഗാന്ധാരീ ദേവി കൃഷ്ണനെ ശപിച്ചിട്ടുണ്ടായിരുന്നു . എന്നാൽ അപ്പോഴും ഭഗവാൻ കൃഷ്ണൻ അത് തന്റെ തന്നെ നിശ്ചയമാണെന്നാണ് ഗാന്ധാരിയെ അറിയിച്ചത് . ഇതിൽ നിന്നും യദുവംശം നശിച്ചത് ഭഗവാന്റെ തന്നെ തീരുമാനമായിരുന്നുവെന്നും അതിൽ ഗാന്ധാരിയുടെ ശാപത്തിനോ , മുനിശാപത്തിനോ യാതൊരു കയ്യുമില്ലെന്നും നമുക്ക് കാണാം . തുടർന്നുള്ള വിഷ്ണു പുരാണം അംശം 5 അദ്ധ്യായം 38 ലായി വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .
"അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു . അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി . അതിനു ശേഷം വൃഷ്ണി - അന്ധക കുലങ്ങളേയും ഉപസംഹരിച്ചു . ശേഷം തന്റെ ഇച്ഛയാൽ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു . അതിനാൽ നീ ദുഃഖിക്കരുത് . "
ഇത്തരത്തിൽ സ്വയം കാലസ്വരൂപനായ ഈശ്വരൻ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ ലീലയെ ഉപസംഹരിക്കുന്നു .

കരിമുട്ടം ദേവി ക്ഷേത്രം

Saturday, October 6, 2018

കൃപർ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ഗൗതമപുത്രനായ ശരദ്വാന മഹർഷിയുടെ പുത്രിയാണ് കൃപി. ഭരദ്വാജപുത്രനായ ദ്രോണരാണ് കൃപിയെ വിവാഹം കഴിച്ചത്. ദ്രോണർക്ക് കൃപിയിൽ ജനിച്ച പുത്രനായിരുന്നു അശ്വത്ഥാമാവ്. ഗൗതമ മുനിക്ക് അഹല്യയിൽ രണ്ടു പുത്രന്മാർ ജനിച്ചു. (ശതാനന്ദൻ, ശരദ്വാനൻ). മൂത്ത പുത്രനായ ശതാനന്ദൻ മിഥിലാപുരിയിലെ രാജാവായിരുന്ന ജനകന്റെ കുലഗുരുവായി. രണ്ടാമത്തെ പുത്രനായ ശരദ്വാനൻ വേദശാത്രങ്ങളിൽ തീരെ താല്പര്യം കാണിക്കാഞ്ഞതിനാൽ പിതാവായ ഗൗതമൻ അദ്ദേഹത്തെ വേദവിദ്യക്കു പകരം ആയുധവിദ്യ ആഭ്യസിഭിച്ചു. ആയുധവിദ്യയിൽ (പ്രത്യേകിച്ച് ധനുർവിദ്യ) അപാരപാണ്ഡിത്യം നേടിയ അദ്ദേഹത്തെ ജയിക്കാൻ മൂന്നു ലോകത്തും ആരുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസ പൂർത്തീകരണത്തെ തുടർന്ന് ഗുരുപദേശമനുസരിച്ച് അദ്ദേഹം തപസ്സ് ചെയ്യാൻ ആരംഭിച്ചു.
ആയുധവിദ്യയിൽ അഗ്രഗണ്യനായ ശർദ്വാനനു തപഃശക്തികൂടി കൈവന്നാൽ ഉണ്ടായേക്കാവുന്ന ഭവിഷക്തു മുൻകൂട്ടി മനസ്സിലാക്കി ദേവേന്ദ്രൻ ജ്വാലാവതി എന്ന അപ്സരസ്സിനെ മഹർഷിയുടെ അടുത്തേക്ക് അയച്ചു. സുന്ദരിയായ ജ്വാലാവതിയുടെ സൗന്ദര്യത്തിൽ അല്പനേരം ഭ്രമിച്ചുപോയ അദ്ദേഹത്തിൽ നിന്നും രണ്ടു ഇരട്ട സന്താനങ്ങൾ ഉണ്ടായി. ഒരു ആൺ കുട്ടിയും (കൃപർ) രണ്ടാമത് ഒരു പെൺകുട്ടിയും (കൃപി). കുട്ടികൾ ഉണ്ടായങ്കിലും ശർദ്വാൻ തന്റെ തപസ്സ് തുടർന്നു പോന്നു. കാട്ടിൽ ഉപേക്ഷിച്ച ഈ ഇരട്ട കുട്ടികളെ കണ്ട് ചന്ദ്രവംശ രാജാവായിരുന്ന ശന്തനു എടുത്തു വളർത്തി. ഗംഗാദേവിയുടെവിരഹദുഃഖത്തിൽ കഴിഞ്ഞിരുന്ന ശന്തനു മഹാരാജാവിനു ഇത് വളരെ സാന്ത്വനം ലഭിച്ചിരുന്നു. മഹാരാജാവിനുണ്ടായ മാറ്റത്തിൽ ഹസ്തിനപുരി ആകെ സന്തോഷിച്ചു. ശന്തനുവിന്റെ കൃപാകടാക്ഷത്താൽ വളർന്ന പൈതങ്ങളെ കൃപർ എന്നും കൃപി എന്നും പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം തന്റെ തപസ്സ് മതിയാക്കി ശരദ്വാൻ ഹസ്തിനപുരിയിൽ വന്ന് ശന്തനുവിൽ നിന്നും രണ്ടു മക്കളേയും തന്റെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടു പോയി വളർത്തി.

കരിമുട്ടം ദേവി ക്ഷേത്രം

രാധ

  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിലെ ഒരംഗം ഉന്നയിച്ച ഒരു സംശയമാണ് ആരാണ് രാധ എന്നുള്ളത്. ശേഖരിച്ച വിവരങ്ങൾ രണ്ട് ഭാഗങ്ങളായി ചേർക്കുന്നു.

 ഒന്നാം ഭാഗം

 രാധയും കൃഷ്ണനും രാധോപനിഷത്തും._

ഭഗവാന്‍ കൃഷ്ണനെ ഓര്‍ക്കുന്നവര്‍, ആരാധിക്കുന്നവര്‍ രാധയും ഓര്‍ക്കുവാനും ആരാധിക്കുവാനും മറക്കരുത്, കാരണം രാധയില്ലാതെ കൃഷ്ണനില്ല. മാത്രമല്ല, കൃഷ്ണന്‍ പോലും ആരാധിക്കുന്ന രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ മാത്രം ആരാധിക്കുന്നവരെ മൂഡന്‍മാരെന്ന് വിളിക്കണമെന്ന് പറയുന്നു, ഋഷീശ്വരന്മാര്‍. അത് കൊണ്ട്, ഇന്ന് ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുമ്പോള്‍, രാധയെ മറക്കണ്ട. (രാധോപനിഷത്ത് എന്ന ഉപനിഷത്തില്‍ രാധാ-കൃഷ്ണന്മാരെ കുറിച്ച്പറഞ്ഞിട്ടുള്ളത് എന്താണെന്ന് കൂടി ഇത്തരുണത്തില്‍ അറിയുന്നത് ഉത്തമമാണ്.

ഒരിക്കല്‍ സനകാദി മുനിമാര്‍ ബ്രഹ്മാവിന് അടുത്തെത്തി അദ്ദേഹത്തെ സ്തുതിച്ച ശേഷം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.

ആരാണ് പരമദേവന്‍? ആ പരമദേവന്റെ ശക്തികള്‍ എന്തൊക്കെ ആണ്? ആ ശക്തികളില്‍ ശ്രേഷ്ടമായിരിക്കുന്നതും സൃഷ്ടിക്കു കാരണമായ ഏത് ശക്തിയാണ് കുടി കൊള്ളുന്നത്‌?

അതിനു ബ്രഹ്മാവ്‌ മറുപടി നല്‍കി.

സാക്ഷാല്‍ കൃഷ്ണനാണ് പരമദേവന്‍. ആറ് വിധത്തിലുള്ള ഐശ്വര്യത്താലാണ് അദ്ദേഹം പരിപൂര്‍ണന്‍ ആയിര്‍ക്കുന്നത്. ഗോപികാ ഗോപന്മാര്‍ ആ കൃഷ്ണനെ സേവിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, വൃന്ദാവനത്തിന്റെ നാഥനും അദ്ദേഹമാണ്. ഏകമാത്ര സര്‍വേശ്വരന്‍ ആയ കൃഷ്ണന്‍ എല്ലാ ജഗത്തുക്കളുടെയും നായകനാണ്. പ്രകൃതിക്കുമപ്പുറത്താണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആഹ്ലാദിനിയെന്നും സന്ദിനിയെന്നും ജ്ഞാനെശ്ചയെന്നും ക്രിയയെന്നുമോക്കെയുള്ള അനവധി ശക്തികള്‍ അദ്ദേഹത്തിന്റെ താണ്. ഇവയില്‍ ആഹ്ലാദിനീ ശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു.
രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്‌. ഗോപികമാരൊക്കെയും കൃഷ്ണന്റെ മഹിഷികളാണ്. ലക്ഷ്മിയാണ്‌ രാധയായി ജന്മം കൊണ്ടത്‌. സ്വയംപീഡക്ക് വേണ്ടി കൃഷ്ണന്‍ പല രൂപങ്ങള്‍ സ്വീകരിച്ചു.

രാധ കൃഷ്ണന്റെ പ്രാണപ്രേയസിയാണ്. അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹാ ഋഷിമാര്‍ക്ക് രാധയെ സംബന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം. നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപ്രുതമാണ്. ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമ ധാമമാണ്. രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂഡന്‍മാരെന്ന് വിളിക്കണം. വേദങ്ങളാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.

രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.

ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്. രാധയും സന്ധിനീശക്തിയും വസതിയും ആഭരണങ്ങളും ശയ്യയും ആസനവുമൊക്കെ മിത്രസേവകാദിലബ്ധിക്കു പ്രയോജനം ചെയ്യുന്നതാണ്. അവിദ്യാരൂപത്തില്‍ ജീവനെ ബന്ധത്തിലാക്കുന്നത് മായയാണ്. ഭഗവാന്റെ ക്രിയാശക്തി തന്നെ ആണ് ലീലാശക്തി. വ്രതഹീനന്‍ ആണെങ്കില്‍ കൂടി ഈ ഉപനിഷത് വായിക്കുന്നുവെങ്കില്‍ അയാള്‍ വ്രതപൂര്‍ണന്‍ ആയിത്തീരുന്നു. മാത്രമല്ല, വായുവിനോടൊപ്പം പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധനായി ഗണിക്കപ്പെടുന്ന അയാളുടെ ദര്‍ശനം ലഭിക്കുന്നിടമെല്ലാം പരിശുദ്ധമായി തീരുന്നു...

 രണ്ടാം ഭാഗം

 രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്. രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്. രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

 ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.
ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.
ഹൃദയം തകര്‍ന്ന രാധ
കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി. ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.


കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല. രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച്‌ പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച്‌ വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.
മറ്റൊരു വിശ്വാസം അനുസരിച്ച്‌ കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.

കരിമുട്ടം ദേവി ക്ഷേത്രം

കൃതവര്‍മ്മാവ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 യാദവവംശത്തിലെ പ്രമുഖനായ ഒരു രാജാവായിരുന്നു കൃതവർമ്മാവ്. ഇദ്ദേഹം ശ്രീകൃഷ്ണന്റെ പിതാമഹന്റെ സഹോദരനാണ് . ഹൃദീകൻ എന്ന യാദവ രാജാവിന്റെ മൂന്നാമത്തെ പുത്രനാണ് ഇദ്ദേഹം. ഹൃദീകന്റെ നാലാമത്തെ പുത്രനായ ശൂരനാണ് , ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ പിതാവ് . ശൂരൻ കൃതവര്‍മ്മാവിന്റെ അനുജനാണ്.
ഇദ്ദേഹം മരുത്ഗണങ്ങൾ എന്ന ദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ്.
കൃതവർമ്മാവ് കൃഷ്ണന്റെ ഒരു ഉത്തമഭക്തനും ആജ്ഞാപാലകനും ആയിരുന്നു . ഇദ്ദേഹം കൃഷ്ണഭക്തനായ അക്രൂരന്റെ ഉറ്റ സുഹൃത്താണ്. ഇദ്ദേഹവും അക്രൂരനും ചേർന്ന് മറ്റൊരു യാദവ നേതാവായ ശതധന്വാവിനെ കൊണ്ട് സത്രാജിത്തിനെ കൊല്ലിച്ച് അദ്ദേഹത്തിനു സൂര്യദേവൻ നല്കിയ സ്യമന്തകരത്നം കരസ്ഥമാക്കുകയുണ്ടായി . ഈ സ്യമന്തകം പിന്നീട് കൃഷ്ണൻ അക്രൂരനെ സൂക്ഷിക്കാനേൽപ്പിച്ചു. ഭഗവാൻ കൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ പാണ്ടവർക്കും കൗരവര്‍ക്കും സഹായം ചെയ്യുകയുണ്ടായി. ദുര്യോധനന് തന്റെ സൈന്യങ്ങളെയെല്ലാം ദാനം ചെയ്തപ്പോൾ, താൻ തന്നെ സ്വയം ആയുധമെടുക്കാതെ പാണ്ഡവരുടെ ഭാഗത്ത് നിന്നു. ശ്രീകൃഷ്ണൻ ദുര്യോധനന് നല്കിയ തന്റെ യാദവസേനയുടെ നേതാവ് കൃതവർമ്മാവ് ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനു കൗരവപക്ഷത്തു നിന്ന് പാണ്ഡവരോട് യുദ്ധം ചെയ്യേണ്ടതായി വന്നു . അദ്ദേഹം അങ്ങേയറ്റം ആത്മാർഥതയോടെ കൗരവര്‍ക്ക് വേണ്ടി യുദ്ധം ചെയ്തു. ദുര്യോധനൻ ഇദ്ദേഹത്തോട് ഒരു അക്ഷൗഹിണി ചോദിക്കുകയും, ഇദ്ദേഹം കൃഷ്ണന്റെ സമ്മതത്തോടെ അത് കൊടുക്കുകയും ചെയ്തു.
യുദ്ധാവസാനം രാത്രിയിൽ ഇദ്ദേഹം ദ്രോണപുത്രനായ അശ്വധാമാവിനോടും കൃപരോടും ചേർന്ന് പാണ്ഡവരുടെ ശിബിരം തീവച്ചു നശിപ്പിച്ചു . അന്ന് രാത്രി അവർ പാണ്ഡവ പക്ഷത്തുള്ള അവശേഷിച്ച എല്ലാ വീരന്മാരെയും കൊന്നൊടുക്കി. കൃഷ്ണനും സാത്യകിയും പഞ്ചപാണ്ഡവരും മാത്രമേ അവശേഷിച്ചുള്ളൂ.
യാദവനാശം സംഭവിക്കുന്ന സമയത്ത് , ദ്വാരകയിലെ പ്രഭാസതീർഥത്തിൽ വച്ച് , യാദവർ മദ്യപിച്ചു ബഹളമുണ്ടാക്കി തമ്മിലടിച്ചു നശിക്കുന്നുണ്ട്. ആ കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടത് കൃതവർമ്മാവും സാത്യകിയുമായിരുന്നു. സാത്യകിയും കൃതവർമ്മാവും കൂടി നടന്ന വാക്പോര്, പിന്നീട് ഒരു യുദ്ധത്തിൽ കലാശിക്കുകയും, സാത്യകി ഒറ്റവെട്ടിന് കൃതവർമ്മാവിന്റെ തല തെറിപ്പിക്കുകയും ചെയ്തു . ഇദ്ദേഹത്തിന്റെ ആത്മാവ് മരണശേഷം മരുത്ഗണങ്ങളിൽ ചെന്ന് വീണു .

കരിമുട്ടം ദേവി ക്ഷേത്രം

വ്യഷ കേതു

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മഹാരാജാവായ കർണ്ണനു ഒൻപത് പുത്രന്മാരുണ്ടായിരുന്നു. അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു". വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല . ഭാരത യുദ്ധാനന്തരം , കർണ്ണന്റെ നിജസ്ഥിതിയറിഞ്ഞു പാണ്ഡവർക്ക് വളരെയേറെ വിഷമവും കുറ്റബോധവുമുണ്ടായി. അപ്പോഴാണ്‌ കർണ്ണന്റെ അന്തിമപുത്രൻ വൃഷകേതു ജീവിച്ചിരിപ്പുണ്ടെന്നും, അടുത്ത കിരീടാവകാശിയായി അദ്ദേഹം മാത്രമേയുള്ളൂ വെന്നും പാണ്ഡവർ മനസ്സിലാക്കുന്നത് . അതോടെ പിന്നീടുള്ള അവരുടെ ശ്രമം വൃഷകേതുവിനെ കണ്ടെത്തുകയെന്നതായി. കൃഷ്ണന്റെ നേതൃത്വത്തിൽ, അർജ്ജുനനും സംഘവും വൃഷകേതുവിനെ തേടി ചംബാപുരിയിലെത്തി. വൃഷകേതുവിനെ അസ്ത്രവിദ്യ പഠിപ്പിക്കാനായി അര്ജുനനും കൃഷ്ണനും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അർജുനന്റെ മുഖം കാണുമ്പോൾ , അവനു തന്റെ പിതാവിന്റെ മുഖം ഓർമ്മയിൽ വരും . അതോടെ അർജുനനോട് വിരോധം ജനിക്കും. എന്നാലും ആയുധാഭ്യാസ സമയത്ത് അവൻ അർജുനനോട് ഗുരുത്വത്തോടെ പെരുമാറിയിരുന്നു . കൃഷ്ണൻ വൃഷകേതുവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നു. അർജുനനുമായിട്ടു ഇണങ്ങിചേരാൻ അവനു കൂടുതൽ സമയമെടുത്തു. എങ്കിലും ഒടുവിൽ അർജുനനെ അംഗീകരിക്കാനും , ഗുരുവായി സ്വീകരിക്കാനും അവൻ തയ്യാറായി . അർജുനന്റെ കീഴിൽ സർവ്വവിധ അസ്ത്രങ്ങളും അവൻ അഭ്യസിച്ചു.
 പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അർജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു. അർജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോദ്ധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ഠിരന് കീഴിലാക്കി. അതോടെ അർജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി. വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലേത്തി. അവിടെ അർജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അർജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു. ആ യുദ്ധത്തിൽ ബഭ്രുവാഹനൻ അർജുനനെയും വൃഷകേതുവിനെയും വധിക്കുന്നു .
ശേഷം ബഭ്രുവാഹനൻ ഉലൂപിയുടെ (അർജുനന്റെ ഒരു ഭാര്യ) നിർദ്ദേശമനുസരിച്ച് പാതാളത്തിൽ പോവുകയും നാഗങ്ങളുടെ പക്കലുള്ള മൃതസഞ്ജീവനീ മണി കൊണ്ട് വരികയും, അതുകൊണ്ട് അര്ജുനനെയും , വൃഷകേതുവിനെയും ജീവിപ്പിക്കുകയും ചെയ്തു. (ഈ കഥ ഗ്രൂപ്പിൽ മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ )
യുധിഷ്ഠിരന്റെ അശ്വമേധശേഷം വൃഷകേതു തന്റെ പിതാവിന്റെ രാജ്യത്തേക്ക് തിരിച്ചു പോവുകയും മാലിനിയുടെയും, ചംബാപുരിയുടെയും, അംഗരാജ്യത്തിന്റെയും രാജാവായിത്തീരുകയും ചെയ്തു.
പ്രഭദ്ര ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ .
ഭഗവാൻ കൃഷ്ണന്റെ വലിയൊരു ഭക്തനും , സുഭദ്രയുടെ കണ്ണിലുണ്ണിയുമായിരുന്നു വൃഷകേതു . ഭീമന്റെ തന്ത്രപരമായ ചില ചോദ്യങ്ങൾക്കു വൃഷകേതു ഉത്തരം നൽകുകയും ആ മറുപടി കേട്ട് ഭീമസേനൻ വൃഷകേതുവിനെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു. പാണ്ഡവർ പരീക്ഷിത്തിനെപ്പോലെയാണ് വൃഷകേതുവിനെ കണ്ടിരുന്നത്. പിതാവിനെ അർജ്ജുനൻ വധിച്ചതിൽ വൃഷകേതുവിന്‌ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. കർണ്ണനു കൃഷ്ണാർജ്ജുനന്മാരുടെ പ്രസാദത്താൽ മുക്തി ലഭിച്ചതായി വൃഷകേതുവിന്‌ അറിയാമായിരുന്നു.
ഇതിനൊക്കെ പുറമെ കുരുക്കളുടെ അനുബന്ധ വംശമായ രജപുത്ര-ക്ഷത്രിയരുടെ വംശം നിലനിറുത്തുവാൻ വൃഷകേതുവാണ്‌ ബാക്കിയുണ്ടായത് . വൃഷകേതു പിതാവായ കർണ്ണന്റെ രാജ്യമായ അംഗം, മാലിനീ പുരം , ചംബ പുരി എന്നിവ ഭരിക്കുകയും അദ്ദേഹത്തിന് ധർമ്മരാജ രുദ്രൻ എന്ന പുത്രനുണ്ടാവുകയും ചെയ്തു . ആനകളോട് മല്പിടുത്തം നടത്തുവാൻ ശക്തനായ ഇദ്ദേഹത്തെ ജനങ്ങൾ ധിലു എന്ന് വിളിച്ചു . ധിലുവിന്റെ വംശക്കാരായ ധില്ലൻമാർ (Dhillons) എന്ന ക്ഷത്രിയർ കലിയുഗത്തിന്റെ ആരംഭത്തിൽ വർണ്ണസങ്കരം വന്നു ദുഷിച്ചു പോയതായി ഭവിഷ്യപുരാണത്തിലും , ജാട്ട് -കളുടെ ചരിത്രത്തിലും കാണാനുണ്ട് . ആ ദുഷിച്ച വംശത്തെ ജാട്ടന്മാർ എന്ന് വിളിക്കുന്നുവത്രെ. എന്നിരുന്നാലും വർണ്ണസങ്കരം ബാധിക്കാത്ത ശേഷിച്ച ധില്ലൻമാർ ഇന്നും ഹൈന്ദവ - ക്ഷത്രിയരായി തന്നെ നിലനിൽക്കുന്നു. ജാട്ടന്മാർ എന്ന വിഭാഗത്തോട് കലർന്നുപോയ ധില്ലൻമാരുടെ അന്തരവിഭാഗം ഹൂണദേശത്തു പോയി ഹൂണന്മാരായും, കുറേപ്പേർ യൂറോപ്പിലും , കുറേപ്പേർ ബ്രിട്ടണിലും, കുറേപ്പേർ ചൈനയിലുമായി ചിതറിക്കിടക്കുന്നു . എന്നിരുന്നാലും സൂര്യനാരായണൻ കുലദേവതയായ തനി ധില്ലൻമാർ ഇന്നും ഭാരതത്തിലെ ഒരു പ്രബല വംശമായിട്ടുണ്ട്.
വ്യാസശിഷ്യനായ ജൈമിനീ മഹർഷിയുടെ മഹാഭാരതത്തിലാണ് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജൈമിനീ ഭാരതത്തിന്റെ  അശ്വമേധപർവ്വം " മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അതിനാൽ " ജൈമിനീ അശ്വമേധം " എന്ന നാമധേയത്തിൽ ഈ കൃതി പ്രസിദ്ധമാണ് .

കരിമുട്ടം ദേവി ക്ഷേത്രം

മത്സ്യ രാജവംശം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ചേദി സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഉപരിചരവസുവിന്റെ മൂത്ത മകനായ മത്സ്യദ്വൈത സ്ഥാപിച്ച രാജവംശമായിരുന്നു മത്സ്യ രാജവംശം. ഉപരിചരവസുവിന്റെ യഥാർത്ഥ ഭാര്യ ശുക്തിമതി യായിരുന്നു. എന്നാൽ, അദ്രികയെന്ന അപ്സരസ്സിൽ ജനിച്ച മക്കളാണ് ഉപരിചരവസുവിനുള്ളത്. മത്സ്യദ്വൈതയും സത്യവതിയും. ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിച്ചിരുന്ന കാലഘട്ടത്തിൽ ബ്രഹ്മാവിന്റെ ശാപത്താൽ അദ്രികക്ക് ഒരു മത്സ്യമായി നദിയിൽ കഴിയേണ്ടി വന്നു. ഈ മത്സ്യത്തെ പിടിക്കാനിടയായ മുക്കുവർ, ആ മത്സ്യത്തിന്റെ വയറിനകത്തുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരവസുവിന് കൊടുക്കുകയും പെൺകുട്ടിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പെൺകുട്ടിക്ക് അവർ സത്യവതിയെന്ന് നാമകരണം നടത്തി. അവൾക്ക് മത്സ്യഗന്ധമുണ്ടായിരുന്നതിനാൽ മത്സ്യഗന്ധി എന്നും അവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മത്സ്യദ്വൈത മാത്സ്യരാജാവായും അറിയപ്പെട്ടു.

മത്സ്യദ്വൈതയ്ക്കു ശേഷം, മഗധ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഉപരിചരവസുവിന്റെ മറ്റൊരു മകനുമായ ബ്രിഹദ്രതയുടെ മകൻ ധ്വാസന ദ്വൈതവന മത്സ്യയുടെ രാജാവായി. ധ്വാസന ദ്വൈതവന ഒരു തടാകത്തിന് സമീപം വലിയ ഒരു യാഗം നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് ഇന്ദ്രന്റെ 14 വലിയ കുതിരകളെ ബന്ധിപ്പിച്ചു. അതിനുശേഷം, ഈ തടാകം ദ്വൈത തടാകം എന്ന പേരിൽ അറിയപ്പെട്ടു. ദ്വൈതക്ക് ശേഷം മകൻ നിതാന്തു രാജാവായി. നിതാന്തുവിന്റെ മക്കളായ സൽവേയ, സുരസേന, ശ്രുതസേന, ടിന്റുസാര, അതിസാര എന്നിവർ ഒരേ സ്ത്രീയെ വിവാഹം ചെയ്തു. ശൈവ്യ എന്നായിരുന്നു അവരുടെ പേര്. ശൈവ്യയിൽ എല്ലാ സഹോദരങ്ങൾക്കും കൂടി ജനിച്ച ജയനിക, ബാലനിക, സതനിക, ഗജനിക, ശ്രുതനിക, വിജയ, വിരാട, വീരഭദ്ര, സുദർശൻ, ശ്രുതധ്വജ, ജയപ്രിവ, ലബ്ധലക്സ, ജയഗ്വ, രഥവാഹന, ചന്ദ്രോദയ, കമരത എന്നീ 16 മക്കളിൽ വിരാടയായിരുന്നു മത്സ്യരാജ വംശത്തിന്റെ അടുത്ത രാജ്യാവകാശി. വിരാടയുടെ കാലഘട്ടത്തോടെ മത്സ്യ രാജവംശം വിരാട രാജവശം എന്നും അറിയപ്പെടാൻ തുടങ്ങി. വിരാടയ്ക്ക് തന്റെ ആദ്യഭാര്യ കോസല രാജ്യത്തെ രാജകുമാരി സുരഥയിൽ ശ്വേതൻ എന്ന മകനും കേകേയ രാജ്യത്തെ സുദേഷണയിൽ ഉത്തരൻ (ഭുമിജ്ഞയ) എന്ന മകനും ഉത്തര എന്ന മകളും ജനിച്ചു. പാണ്ഡവരിൽ അർജുനന്റെ മകൻ അഭിമന്യുവാണ് വിരാടന്റെ മകൾ ഉത്തരയെ വിവാഹം ചെയ്തത്. സുദേഷണയുടെ സഹോദരനാണ് കീചകൻ. സുദേഷണയുമായുള്ള ബന്ധത്തോടെ വിരാടന് രാജ്യത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായി. സുദേഷണയുടെ സഹോദരനായ കീചകനും രാജ്യം നിയന്ത്രിക്കാൻ തുടങ്ങി. വിഡ്ഢിയായ സുദേഷണയെ ക്രൂരനായ കീചകൻ മുതലെടുക്കുകയായിരുന്നു. (കീചകന്റെ കഥ മുമ്പ് കരിമുട്ടം ഗ്രൂപ്പിൽ പറഞ്ഞിരുന്നത് ഓർക്കുമല്ലോ) ഇവരാൽ നാടുകടത്തപ്പെട്ട വിരാടന്റെ ആദ്യപുത്രൻ ഇതിനിടെ പാഞ്ചാല രാജ്യത്തെ രാജകുമാരിയെ വിവാഹം കഴിക്കുകയും നിർഭീത എന്ന മകൻ പിറക്കുകയും ചെയ്തിരുന്നു. ഈ സമയം വിരാടയുടെ സഹോദരങ്ങൾ തങ്ങളുടേതായ അധികാര കേന്ദ്രങ്ങൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

വിരാടയുടെ കാലഘട്ടത്തിലാണ് കുരുക്ഷേത്രയുദ്ധം നടക്കുന്നത്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് വേണ്ടിയാണ് വിരാടസൈന്യം അണിനിരന്നത്. രാജസ്ഥാന്റെ ജില്ലകളായ ജയ്പൂർ, അൽവാർ എന്നിവിടങ്ങളും ഭരത്പൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെട്ട ഒരു രാജവംശമായിരുന്നു ഇത്. ഈ ഗോത്രവർഗ്ഗങ്ങൾ ഈ ഭാഗങ്ങളിൽ ഇതേ പേരിൽ തന്നെ മറ്റ് ആറ് രാജവംശങ്ങളായും നിലനിന്നിരുന്നു. രാജവംശത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നും പടിഞ്ഞാറായി സാൽവ സാമ്രാജ്യവും തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി കുരു പ്രദേശങ്ങളും കിഴക്ക് സുരസേനയുടെനിയന്ത്രണത്തിലുള്ള മധു വനവും വടക്കുകിഴക്കായി കുരു സാമ്രാജ്യത്തിന്റെ ഖാണ്ഡവ വനപ്രദേശവും ആയിരുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

വാമനന്റെ മാതാപിതാക്കൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ദേവന്മാരുടെയും, അസുരന്മാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപ മഹർഷിയാണെന്നാണ് ഐതിഹ്യം. അഗ്നിപുത്രിയായ അദിതിയെ വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. ദേവന്മാരുടെ മാതാവാണ് അദിതി. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി.

കരിമുട്ടം ദേവി ക്ഷേത്രം

കംസന്‍

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീകൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും മാതാവായ പത്മാവതിയേയും ജയിലിൽ അടച്ച് രാജ്യാവകാശം സ്വന്തമാക്കി. വൃഷ്ണി രാജവംശത്തിന്റെ തലസ്ഥാനം മഥുരാപുരി ആയിരുന്നു അന്ന്. കാലനേമി എന്ന അസുരന്റെ പുനർജന്മമായിരുന്നു കംസൻ. കൃഷ്ണനു 12 വയസ്സുള്ളപ്പോൾ കംസനെ കൊന്നതായി ഭാഗവതത്തിൽപറയുന്നുണ്ട്. കംസവധത്തിനു ശേഷം ശ്രീകൃഷ്ണൻ പിതാമഹനായ ഉഗ്രസേനനെ തന്നെ വീണ്ടും രാജാവായി വാഴിച്ചു. ഉഗ്രസേന രാജാവിന്റെ പത്നി പത്മാവതിയെ ദ്രുമിളൻ എന്ന രാക്ഷസൻ കാമിച്ച് ബലാൽക്കാരമായി പുത്രോല്പ്പാദനം ചെയ്തു . ആ സന്തതിയാണ് കംസൻ. പുത്രോല്പ്പാദന വേളയിൽ മാതാവായ പത്മാവതി ശിശുവായ കംസനെ ദ്രുമിളൻ കേള്‍ക്കെ ഇങ്ങനെ ശപിക്കുന്നു . " എന്റെ ഭര്‍ത്താവിന്റെ‍ വംശത്തിൽ ജനിക്കുന്ന ശ്രേഷ്ഠനായ ഒരു പുരുഷൻ , നീ തന്ന ഈ സന്തതിയെ വധിക്കും ". ഈ ശാപപ്രകാരം ഉഗ്രസേനന്റെ വംശത്തിൽ ജനിച്ച കൃഷ്ണൻ , കംസനെ വധിച്ചു .

കരിമുട്ടം ദേവി ക്ഷേത്രം

ശകുനി ക്ഷേത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ജ്യേഷ്ഠയെയും ലക്ഷ്മിയും ഒരേപോലെ ആരാധിക്കുന്ന ഹിന്ദുത്വത്തിൽ ശകുനിയുടെ പേരിലും ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പാപിയായ ശകുനിയുടെ മനസ്സിൽ കുടിയിരുന്ന അല്പമായ സാത്വിക കണങ്ങൾക്കായി കൊല്ലംജില്ലയിൽ പവിത്രേശ്വരം എന്ന സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. കുറവ സമുദായത്തിന്റെ ക്ഷേത്രമാണ് ഇത്. പവിത്രേശ്വരം മലനട ക്ഷേത്രം എന്നറിയപ്പെറ്റുന്നു.

മഹാഭാരത യുദ്ധത്തിനു ശേഷം പടകൾക്ക് ഭക്ഷണം നൽകിയ ചേര രാജാവായിരുന്ന ഉതിയൻ ചേരനൊപ്പം (മഹാഭാരത യുദ്ധത്തിൽ ഭക്ഷണം നൽകിയതിനാൽ പെരുംചോറ്റുതിയൻ എന്നറിയപ്പെട്ടിരുന്നു ഇദ്ദേഹം) കേരളത്തിലെത്തിയ കൗരവസേനയിൽ പെട്ട യോദ്ധാക്കൾ അവരുടെ നായകരായിരുന്ന ദുര്യോധനനും ശകുനിക്കും മോക്ഷ പ്രാപ്തിയ്ക്ക് വേണ്ടി ശിവപ്രതിഷ്ഠ നടത്തി പൂജിച്ചുവെന്നും അവിടെ വച്ച് ശകുനിയുടേ ആത്മാവ് മോക്ഷം പ്രാപിച്ചുവെന്നും തദ്ദേശവാസികൾ ക്കിടയിലെ ഐതിഹ്യം വിശ്വസിക്കപ്പെടുന്നു. പാപമനസ്കരായ ശകുനി ശിവഭജനത്താൽ പവിത്രമായ സ്ഥലമായതിനാൽ പവിത്രേശ്വരം എന്ന പേർ സ്ഥലത്തിനു ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

പവിത്രേശ്വരത്തിനു സമീപമാണ് കേരളത്തിലെ പ്രസിദ്ധമായ ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനട ക്ഷേത്രം.

(ഗോത്രവർഗ നേതാക്കളായിരുന്ന രണ്ട് വീരന്മാരിൽ ശകുനി, ദുര്യോധനൻ എന്നിവരുടെ സാന്നിദ്ധ്യം ആരോപിക്കപ്പെടുകയാണ് എന്നും വാദമുണ്ട്)

എല്ലാ വർഷവും മകരമാസത്തിലെ 28 ാം നാൾ നടക്കുന്ന ഉച്ചാര മഹോത്സവമാണ് വാർഷിക ആഘോഷം.

കരിമുട്ടം ദേവി ക്ഷേത്രം

അഹല്യ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 മഹാതപസ്വിയായ ഗൗതമ മഹർഷിയുടെ പത്നിയാണ് അഹല്യ. രാമായണത്തിലുംമഹാഭാരതത്തിലും ഇതര പുരാണങ്ങളിലും അഹല്യയ്ക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ചെങ്കിലും ആശ്രമത്തിൽ ഒരു മഹർഷിയുടെ പത്നിയായി അഹല്യയ്ക്ക് കഴിയേണ്ടി വന്നു. സുന്ദരിമാരിൽ സുന്ദരിയായി അഹല്യയെ പുരാണങ്ങൾ വർണ്ണിച്ചിരിക്കുന്നു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. അരുണപുത്രന്മാരും കിഷ്കിന്ധാ-ധിപതികളുമായ ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു. പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ വിവരിക്കുന്നുണ്ട്. സുന്ദരിയായിരുന്ന അഹല്യാദേവിയെ സ്വന്തമാക്കാൻ ഇന്ദ്രൻ ശ്രമിക്കുകയും അതിനെതുടർന്ന് ഇന്ദ്രനേയും അഹല്യയേയും ഗൗതമ മഹർഷി ശപിക്കുകയും ചെയ്തു. ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായുമാണ് ശപിച്ചത്. ശാപമോക്ഷത്തിനായി അഹല്യ ത്രേതായുഗം വരെ കാത്തിരിക്കുകയും ശ്രീരാമ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുകയും ചെയ്തു

കരിമുട്ടം ദേവി ക്ഷേത്രം

കീചകന്‍

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 മത്സ്യരാജാവിന്റെ (വിരാടം) പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു കീചകൻ. അജ്ഞാത വാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷം മാറിക്കഴിഞ്ഞിരുന്നു. പാണ്ഡവ പത്നിയായ ദ്രൗപദി സൈരന്ധ്രി എന്നപേരിലാണ് അജ്ഞാത വാസത്തിൽ വിരാട രാജധാനിയിൽ കഴിഞ്ഞത്. സൈരന്ധ്രിയോട് കീചകന് താല്പര്യം തോന്നുകയും ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ ഭീമസേനൻ‌ കീചകനെ കൊല്ലുകയും ചെയ്തു. അജ്ഞാത വാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന പഴമൊഴി പ്രസിദ്ധമാണ്‌.

സുദേക്ഷണയ്ക്ക് വിരാടനിൽ രണ്ടു പുത്രന്മാരും (ഉത്തരൻ, ശ്വേതൻ) ഒരു പുത്രിയും (ഉത്തര) ഉണ്ടായിരുന്നു. ഉത്തരയെ അർജ്ജുന പുത്രൻ അഭിമന്യു വിവാഹം ചെയ്തു.

കരിമുട്ടം ദേവി ക്ഷേത്രം 

കുരുക്ഷേത്ര യുദ്ധ ശേഷം അവശേഷിച്ചവർ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർഅഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു യുദ്ധത്തിൽ പങ്കെടുത്തവരിൽ അതിജീവിച്ചത്. അർജ്ജുനനു ചിത്രാംഗദയിൽ ജനിച്ച ബഭ്രുവാഹനൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ പാണ്ഡവർക്കു പുത്രനായി ബഭ്രുവാഹനൻ മാത്രം അവശേഷിച്ചു. യുദ്ധസമയത്ത് ഉത്തര ഗർഭിണി യായിരുന്നതിനാൽ അഭിമന്യുവിന്റെ പുത്രനായി പിന്നീടു ജനിച്ച പരീക്ഷിത് പാണ്ഡവർക്കു പൗത്രനും അനന്തരവകാശിയുമായി.

കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരെയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചു.

ഈ പന്ത്രണ്ടുപേരിൽ യുയുത്സുവിന്റേയും, വൃഷകേതുവിന്റേയും മരണം ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നില്ലയെങ്കിലും മറ്റുള്ള എട്ടുപേരും കലിയുഗാരംഭത്തിൽ മരണപ്പെട്ടതായി സ്വർഗ്ഗാരോഹണ പർവ്വത്തിലും, മുസലപർവ്വത്തിലുമായി മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധത്തിനുശേഷം പാണ്ഡവർ അഞ്ചുപേരും കൃഷ്ണനും മാത്രമെ അവശേഷിക്കൂവെന്ന് വളരെ മുൻപുതന്നെ ഉലൂപി പുത്രനായ ഇരവാനു അറിയാമായിരുന്നുവെന്ന്  മഹാഭാഗവതത്തിൽ പറയുന്നുണ്ട്. കൃഷ്ണനു സത്യഭാമയിൽ ജനിച്ച വത്സലയെ (സുന്ദരി) വിവാഹം കഴിക്കാൻ പുറപ്പെട്ട അഭിമന്യുവിനെ കാട്ടിൽവെച്ച് കണ്ടുമുട്ടിയ ഇരാവാൻ തന്റെ ഖഡ്ഗം അവിടെ പന്തലിച്ചുനിന്ന വൃക്ഷത്തിൽ വൃഥാ ആഞ്ഞു വീശി. അഞ്ചു ശിഖരങ്ങളും തായ്ത്തടിയും ഒഴിച്ചുള്ള സർവ്വകൊമ്പുകളും ഇലച്ചില്ലകളും അറ്റ് താഴെ വീണു. ആസന്നമായി നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ചിത്രം ഇതാവുമെന്നു ഇരാവാൻ ഇതിലൂടെ കാണിച്ചുകൊടുക്കുന്നുണ്ട്.
(മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബഭ്രുവാഹനൻ. പാണ്ഡവനായഅർജ്ജുനന് മണലൂർ രാജപുത്രിയായചിത്രാംഗദയിൽ ജനിച്ച മകനാണ് ഇദ്ദേഹം. പാണ്ഡവരുടെ പതിമൂന്നുമക്കളിൽ കുരുക്ഷേത്ര യുദ്ധത്തിനുശേഷംജീവിച്ചിരുന്ന ഏകപുത്രനാണ് ബഭ്രുവാഹനൻ.)

കരിമുട്ടം ദേവി ക്ഷേത്രം

ഇരാവൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഇരാവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. അർജുനന്, ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ. എങ്കിലും മഹാഭാരതത്തിൽ അത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്ര യുദ്ധത്തിൽ എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരാവാൻ മരിച്ചു വീഴുകയും ചെയ്തു.  ധനുർ ശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ, ഒരിക്കൽ തന്റെ അസ്ത്രങ്ങൾ തിരക്കിട്ടു മൂർച്ച കൂട്ടുന്നതു ഭഗവാൻ കൃഷ്ണൻ കാണുവാനിടയായി. എന്തിനാണ് അസ്ത്രങ്ങളെല്ലാം തിരക്കിട്ടു മൂർച്ച കൂട്ടുന്നതെന്ന് കൃഷ്ണൻ ചോദിക്കുകയും, വരാൻ പോകുന്ന മഹാഭാരത യുദ്ധം മുൻകൂട്ടി കണ്ട് യുദ്ധത്തിൽ അച്ഛനെ സഹായിക്കാൻ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരാവാൻ പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണൻ, ഇരാവാൻ യുദ്ധത്തിൽ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതിൽ നിന്നും ഇരാവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങൾ നീണ്ട് നില്ക്കണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങൾ എപ്പോൾ നടക്കണം എന്ന വിധി തന്നെ. എന്നാൽ വില്ലാളിയായ ഇരാവാൻ യുദ്ധത്തിനു വന്നാൽ ആ യുദ്ധം എത്രയും പെട്ടെന്നു തന്നെ അവസാനിക്കും എന്നതിൽ മാത്രമെ ഭഗവാനു സന്ദേഹം ഉണ്ടായിരുന്നുള്ളൂ. അതിനാൽ അദ്ദേഹം വീണ്ടും ഇരാവാനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും, എന്നാൽ ഇരാവാനൊരിക്കലും തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുകയില്ല എന്നു മനസ്സിലാക്കിയ ഭഗവാൻ ഇങ്ങനെ പറഞ്ഞു. നിനക്കു യുദ്ധക്കളത്തിലേക്ക് വരാം, യുദ്ധം കാണുകയുമാവാം, പക്ഷെ, നീ ആയുധമെടുക്കുകയൊ, യുദ്ധതന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുവാൻ വായ് തുറക്കുകയൊ അരുത്. അങ്ങനെ സംഭവിക്കുകയണെങ്കിൽ, നിന്റെ തല ചിന്നി ചിതറി പോകുന്നതാണ്. ഇരാവാനതു മനസ്സില്ലാ മനസാലെ സമ്മതിക്കുകയും ചെയ്തു.

അങ്ങനെ മഹാഭാരത യുദ്ധമായി. യുദ്ധ കളത്തിൽ വെറും കാഴ്ചക്കാരനെ പോലെയിരിക്കേണ്ടി വന്നു ഇരാവാൻ. കുരുക്ഷേത്രയുദ്ധം എട്ടാംനാൾ; അലംബുസൻ എന്ന മായാവിദ്യകൾ കരസ്ഥമാക്കിയ ദുര്യോധന സുഹൃത്തിനു മുൻപിൽ പാണ്ഡവ സൈന്യം ക്ഷീണിതരായി. അർജ്ജുനൻ പോലും അലംബുസന്റെ മുൻപിൽ പലപ്പോഴും പരാജിതനായി ക്ഷീണിച്ച് തേർത്തട്ടിൽ ഇരുന്നു. ഇതുകണ്ട്., അങ്ങനെയല്ല അച്ഛാ ഇങ്ങനെവേണം അവനെ എതിർക്കാൻ എന്ന് തന്റെ ശാപം മറന്നു പാവം വിളിച്ചുപറഞ്ഞു. ഒരു നിമിഷം അവൻ തന്നെതന്നെ മറന്നു യുദ്ധത്തിൽ ലയിച്ചുപോയി.

പിന്നീട് അതു മനസ്സിലാക്കിയെങ്കിലും തന്റെ ജീവിതം നാളെ സൂര്യോദയം വരെയുണ്ടാവുകയുള്ളു എന്ന് മുൻകൂട്ടി കണ്ട് അലംബുസനെതിരായി അച്ഛനെ സഹായിച്ചു യുദ്ധം ചെയ്തു ആ ധീരയോദ്ധാവ്. നിൽക്കക്കള്ളിയില്ലാതെ അലംബുസൻ പിന്തിരിഞ്ഞോടിയത്രെ. പിറ്റേന്ന് അലംബുസൻ നിരവധി പരിക്കുകളോടെ യുദ്ധത്തിനു വീണ്ടും വന്നെങ്കിലും അവനു കൂടുതൽ യുദ്ധം ചെയ്യാനാവാതെ വരുകയും ഘടോൽക്കചൻ അവനെ വീണ്ടും യുദ്ധ ഭൂമിയിൽനിന്നും ഓടിച്ചു വിടുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധം തുടങ്ങി ഒൻപതാം നാൾ സൂര്യോദയത്തിനു മുൻപ് അവൻ മരിച്ചുവീണു.  യുദ്ധം മുറുകി വന്നപ്പോൾ എപ്പൊഴൊ പ്രതിസന്ധിയിലായ അർജുനനെ, അവസരങ്ങൾ ഒരു പാടു നിഷ്ഫലമാക്കി കളയുന്ന അർജുനനെ കണ്ടപ്പോൾ, ഇരാവാൻ തന്നെ തന്നെ മറന്നു, കോപത്താൽ ഈ വിധം പറഞ്ഞു. "ഈ അച്ഛനെന്താണീ കാണിക്കുന്നത് ???"

ഇരാവാൻ തല തകർന്നു തൽക്ഷണം മരണപ്പെട്ടു. പിന്നെയും വളരെ നാളുകൾ കഴിഞ്ഞാണ് മഹാഭാരത യുദ്ധം അവസാനിച്ചത്.

കരിമുട്ടം ദേവി ക്ഷേത്രം

ബി നിലവറയിലെ യക്ഷിയമ്മ 

   ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി.
മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാ സ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദക സുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു.
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം

ആസ്തികൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

നാഗകുമാരൻ, നാഗസ്ത്രീയായ ജരൽകാരുവിനു ജരൽകാരുവെന്ന ബ്രാഹ്മണനിൽ ജനിച്ച പുത്രനാണ് അസ്തികൻ. ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ സർപ്പസത്രയാഗം അവസാനിപ്പിച്ചത് ബാലനായിരുന്ന അസ്തികന്റെ അഭ്യർത്ഥനയിലാണ്. നാഗങ്ങളുടെ മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് കദ്രു സർപ്പകുലത്തെ കുഴുവനും തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. (ആദി പർവ്വം - മഹാഭാരതം) പിന്നീട് കദ്രുതന്നെ ശാപമോക്ഷവും നൽകിയിരുന്നു. ജരൽകാരുവിന്റെ പുത്രൻ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നായിരുന്നു ശാപമോക്ഷം.

അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം മുഖ്യ ഉദ്ദേശലക്ഷ്യമായി കണ്ട് നടത്തിയ സർപ്പസത്രയാഗം നടന്നത് തക്ഷശിലയിലാണ്. ആരെയും കടത്തിവിടരുതെന്നുള്ള രാജവാക്യം തേജസ്വിയായ ബ്രാഹ്മണ ബാലനെ കണ്ട് യാഗശാലയിലെ കാവൽകാരും, ജനമേജന്റെ സഹോദരന്മാരും അല്പനേരത്തേക്ക് മറന്നുപോയി. യാഗശാലയിൽ എത്തിയ അസ്തികനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു. അഹിംസാ പരമോ ധർമ്മഃ ("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല"

ഏറ്റവും പാപകരം പ്രാണിഹിംസയാണന്നും, നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് ഒരു പ്രയോജനവും ഉണ്ടാവില്ലന്നുള്ള സത്യം ഏവരേയും പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും കുലഗുരുവായിരുന്ന ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനുംഅസ്തികന്റെ വാക്കുകളോട് യോജിച്ചു. തുടർന്ന് ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിട്ടു, തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും അസ്തികന്റെ വേദവാക്കുകളെ മാനിച്ച് ജനമേജയൻ പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ വളരെ വിശദമായി വർണ്ണിക്കുന്നുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം

അഷ്ടവക്രൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശരീരത്തിൽ എട്ടു വളവുകൾ ഉള്ള ബ്രഹ്മാദ്വൈതവാദിയും താർക്കികനുമായ ഒരു മഹർഷിയാണ് അഷ്ടാവക്രൻ. മഹാഭാരതത്തിലും, ഇതരപുരാണങ്ങളിലുംഅദ്ദേഹത്തെ പറ്റി വർണ്ണിക്കുന്നുണ്ട്. കഹോഡമഹർഷിക്ക് സുജാതയെന്നസ്ത്രീയിൽ ജനിച്ച പുത്രനായിരുന്നു, തത്ത്വജ്ഞാനിയായ അഷ്ടാവക്രമുനി. ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ അഷ്ടാവക്രൻ പിതാവായ കഹോഡകനെ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ ഉച്ചാരണ ശുദ്ധിയില്ലായ്മയെ തിരുത്തുകയും ചെയ്തു. കുപിതനായ പിതാവിന്റെ ശാപത്താൽ എട്ടുവളവുകളോടെ ജനിച്ചു.

വാജശ്രവസ്സിന്റെ പുത്രനായ ഉദ്ദാലകമഹർഷിയുടെ ശിഷ്യനായിരുന്നു കഹോടകൻ. ഗുരുശിക്ഷ പൂർത്തീകരിച്ചപ്പോൾ തന്റെ പുത്രിയെ (സുജാത) ദാനമായി അദ്ദേഹം കഹോഡകനു നൽകി. ഉദ്ദാലകന്റെ മറ്റു പുത്രന്മാരായിരുന്നു ശ്വേതകേതുവും, നചികേതസും. കഹോഡൻ സുജാതയെ വിവാഹം കഴിച്ചു. ഒരിക്കൽ പോലും കഹോടകനെ വിട്ടുപിരിയാൻ സുജാതക്കു കഴിഞ്ഞിരുന്നില്ല, തന്മൂലം കഹോടകൻ ചൊല്ലുന്ന വേദമന്ത്രങ്ങൾ സുജാതയുടെ വയറ്റിൽ കിടന്ന ഗർഭസ്ഥശിശു ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡൻ ഭാര്യയെപ്പറ്റിപ്പോലും നിർവിചാരനായിരുന്നു. ഒരു ദിവസം മന്ത്രോച്ചാരണ സമയത്ത് ഗർഭസ്ഥശിശു കഹോഡകനോട് പറഞ്ഞു ""'അങ്ങ് ഉരുവിട്ട മന്ത്രങ്ങളെല്ലാം ഞാൻ ഹൃദിസ്ഥമാക്കി, പക്ഷെ അവയ്ക്ക് ഉച്ചാരണ ശുദ്ധിയില്ല"". ഇതുകേട്ട കഹോടകൻ കുപിതനായി ഗർഭാവസ്ഥയിൽ നീ ഇങ്ങനെയെങ്കിൽ പുറത്തുവന്നാലോ? നീ അഷ്ടവക്രനാവട്ടെ!

സുജാത ഗർഭിണിയായിരിക്കുമ്പോൾ നാട്ടിൽ കൊടിയ ദാരിദ്ര്യം ഉണ്ടായി. പട്ടിണി കൊണ്ട് ജനങ്ങൾ മരിക്കാൻ തുടങ്ങി. സുജാതയുടെ നിർബന്ധത്താൽ കഹോടകനോട് ജനകപുരിയിൽ പോയി രാജാവിനോട് കുറച്ചു ധനം അഭ്യർത്ഥിക്കാൻ പോയി. പക്ഷേ രാജാവിനെ കാണുന്നതിനും മുൻപ് അദ്ദേഹം രാജ സദസ്സിലെത്തി വാന്ദികൻ (വാന്ദികൻ വരുണന്റെ പുത്രനാണ്) എന്ന താർക്കികനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തോൽക്കുന്നവരെ കടലിലെറിയാറുള്ള വാന്ദികൻ കഹോടകനേയും അദ്ദേഹത്തിന്റെ തോൽവിയെ തുടർന്ന് കടലിലെറിഞ്ഞു. സുജാത പുത്രനു ജന്മം കൊടുക്കുന്നതിനു മുൻപുതന്നെ വിധവയായി. അതിനും നാളുകൾക്കു ശേഷം പിതാവിന്റെ ശാപം പോലെതന്നെ ശരീരത്തിൽ എട്ടുവളവുകളുള്ള ഒരു പുത്രനെ സുജാത പ്രസവിച്ചു.

ഭർത്തുവിരഹത്തിനുശേഷം സുജാത തന്റെ പിതാവായ ഉദ്ദാലക മഹർഷിയുടേ ആശ്രമത്തിൽ തിരിച്ചു പോയി. ഉദ്ദാലകന്റെ പുത്രനായ ശ്വേതകേശുവും ബാലനായ അഷ്ടാവക്രനും ഒരിക്കൽ കളിയ്ക്കിടെ ഉണ്ടായ വഴക്കിൽ ശ്വേതകേതു അഷ്ടാവക്രനെ 'പിതാവില്ലാത്തവൻ' എന്നു കളിയാക്കി. അതിനെ തുടർന്ന് അമ്മയിൽ നിന്ന് അച്ഛന്റെ ദുരന്തകഥ മനസ്സിലാക്കിയ ബാലനായ അഷ്ടാവക്രൻ, ജനകപുരിയിലേക്ക് പോയി വാന്ദികനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആദ്യമായി തോൽവിയറിഞ്ഞ വാന്ദികനെ ജനക സൈന്യം കടലിലെറിഞ്ഞു. വാന്ദികൻ കടലിൽ പതിച്ചതും അഷ്ടാവക്രന്റെ പിതാവായ കഹോടൻ കടലിൽ നിന്നും പൊങ്ങിവരികയും ചെയ്തു. കഹോടകനൊപ്പം അഷ്ടാവക്രൻ തന്റെ ആശ്രമത്തിലേക്ക് വരുന്ന വഴി നദിയിലിറങ്ങി കുളിക്കുകയും, കുളികഴിഞ്ഞ് കയറുമ്പോൾ അഷ്ടാവക്രനു പിതാവിന്റെ അനുഗ്രഹത്താൽ തന്റെ ശരീരത്തിലെ വളവുകൾ അപ്രത്യക്ഷമാവുകയും ചെയ്തു.

കരിമുട്ടം ദേവി ക്ഷേത്രം

ചന്ദ്രവംശ സ്ഥാപകൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഹിന്ദുമത വിശ്വാസ പ്രകാരം ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ പ്രധാനമായ മുന്നു വംശാവലികളിൽ ഒന്നാണ് ചന്ദ്രവംശം. ബ്രഹ്മപുത്രനും സപ്തർഷികളിൽ ഒരാളുമായ അത്രി മഹർഷിയുടെ പുത്രനാണ് ചന്ദ്രൻ. ചന്ദ്രനു താരയിൽ ജനിച്ച പുത്രനായ ബുധനാണ് ചന്ദ്രവംശം സ്ഥാപിച്ചത്. ആദ്യ ചന്ദ്രവംശരാജാവ് ബുധൻ ആണന്നു മഹാഭാരതത്തിൽ ആദി പർവ്വത്തിൽ വർണ്ണിക്കുന്നുണ്ട്. ചന്ദ്രവംശത്തെ കൂടാതെ സൂര്യവംശം, അഗ്നിവംശം എന്നിങ്ങനെ രണ്ടുവംശങ്ങൾ കൂടി ഉണ്ടായിരുന്നതായി ഇതിഹാസങ്ങളും ഹൈന്ദവപുരാണങ്ങളും പറയുന്നു.

കരിമുട്ടം ദേവി ക്ഷേത്രം 

Monday, October 1, 2018

കുരുവംശത്തിലെ അവസാന രാജാവ്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പരീക്ഷിതിനുശേഷം രാജ്യഭാരമേറ്റ ജനമേജയനു രണ്ടു പുത്രന്മാരു ണ്ടായിരുന്നു. തന്റെ അവസാന കാലഘട്ടത്തിൽ കുഷ്ഠരോഗിതനായ ജനമേജയൻ മൂത്ത പുത്രനായ ശതാനികനെ ചക്രവർത്തിയായി വാഴിച്ചു. ശതാനികനുശേഷം അശ്വമേധദത്തനായിരുന്നു ഹസ്തിനപുരിയുടെ ചക്രവർത്തി. അദ്ദേഹത്തിന്റെ കാലത്ത് ഗംഗാനദിയിലുണ്ടായ പ്രളയത്തിൽ ഹസ്തിനപുരി നശിച്ചുപോകുകയുണ്ടായി. അതിനെത്തുടർന്ന് അദ്ദേഹം കൗശാമ്പി എന്ന നഗരത്തിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചു. അശ്വമേധദത്തനാണ് കുരുവംശത്തിലെ അവസാന രാജാവ് എന്നു മഹാഭാരതത്തിലും, വിഷ്ണുപുരാണത്തിലും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു പേരായിരുന്നു യഗ്യദത്തൻ.

കരിമുട്ടം ദേവി ക്ഷേത്രം 

മഗഥയിലെ പരീക്ഷത്ത്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഗധദേശത്തുള്ള ഒരു രാജകുമാരിയായിരുന്നു അമൃത.
അമൃത അനശ്വാന്റെ ഭാര്യയും , പരീക്ഷിത്തിന്റെ അമ്മയുമായിരുന്നു. [അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത്‌ ] .

ഈ പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ എന്ന രാജാവ് . [പഞ്ചപാണ്ടവരിലെ ഭീമസേനൻ അല്ല ഈ ഭീമസേനൻ].

ഈ ഭീമസേനരാജാവിന്റെ പുത്രനായിരുന്നു പ്രതിശ്രവസ്സ്.

പ്രതിശ്രവസ്സിന്റെ പുത്രനാണ് പ്രതീപ മഹാരാജാവ്.

പ്രതീപ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനായ ശന്തനുവാണ് ഭീഷ്മരുടെപിതാവ് .

കരിമുട്ടം ദേവി ക്ഷേത്രം

വസുഷേണൻ എന്ന കർണൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അധിരഥൻ. കൗരവ രാജാവായിരുന്ന ധൃതരാഷ്ട്രരുടെ സുഹൃത്തായിരുന്നു ചമ്പാപുരിക്കു സമീപം പാർത്തിരുന്ന ഈ സൂതൻ. രാധയെന്നായിരുന്നു അധിരഥന്റെ ഭാര്യയുടെ പേര്. കർണ്ണൻറെ വളർത്തച്ഛനാണ് ഇദ്ദേഹം.

സന്താനങ്ങൾ ഇല്ലാതിരുന്ന അധിരഥൻ-രാധ ദമ്പതികൾ ഒരു ദിവസം ഗംഗയിൽ ജലക്രീഡ ചെയ്യവേ ഒരു പേടകത്തിൽ ഒരു ശിശു ഒഴുകി വരുന്നതുകണ്ടു. കുന്തീദേവിഅവിവാഹിതയായിരിക്കെ സൂര്യനിൽനിന്നു ഗർഭം ധരിച്ച്, പ്രസവിച്ച ഉടനെ അപമാനഭയത്താൽ ഒരു പെട്ടിയിലാക്കി ഗംഗയിൽ ഒഴുക്കിയ ശിശു ആയിരുന്നു അത്. അധിരഥനും ഭാര്യയും ശിശുവിനെ എടുത്തുകൊണ്ടുപോയി വസുഷേണൻ എന്നു പേരിട്ട് വളർത്തി. പിൽക്കാലത്ത് കർണ്ണൻ എന്ന പേരിലറിയപ്പെട്ടത് ഈ കുമാരനാണ്. കർണ്ണൻ ആയുധ വിദ്യാഭ്യാസത്തിനായി കൗരവ-പാണ്ഡവ പുത്രന്മാരുടെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് ചെല്ലുകയും വിദ്യാ ദാനം ആവിശ്യപ്പെടുകയും ചെയ്തു. എന്നാൽ സൂത പുത്രനായ കർണ്ണന് വിദ്യ പ്രദാനം ചെയ്യാൻ ഗുരു ദ്രോണർ വിസമ്മതം പ്രകടിപ്പിച്ചു. കുലത്തിൻറ പേരിൽ അപമാന ഭാരം സഹിക്കാനാവാതെ മനസ്സ് വേദനിച്ച കർണ്ണൻ എന്ത് വില കൊടുത്തും വിദ്യ അഭ്യസിക്കണം എന്ന ദ്യഡ നിശ്ചയത്തിലേക്ക് എത്തി ചേർന്നു. അങ്ങനെ ഭഗവാൻ പരുശുരാമന്‍റെ കീഴിൽ ബ്രാഹ്മണനാണ് എന്ന നുണ പറഞ് ആയുധവിദ്യ അഭ്യസിച്ചു. ദ്രോണാചാര്യരുടെ നേതൃത്വത്തിൽ കുരുക്ഷേത്രത്തിൽ വച്ച് പാണ്ഡവ-കൗരവ രാജകുമാരൻമാരുടെ അസ്ത്രാഭ്യാസ പ്രദർശനം നടക്കുമ്പോൾ മത്സരത്തിൽ പങ്കെടുക്കാൻ ചെന്ന കർണ്ണന്റെ പദവിയെപ്പറ്റി ഉയർന്ന ആക്ഷേപത്തിനു പരിഹാരമായി ദുര്യോധനൻ ധൃതരാഷ്ട്രരുടെ അനുമതിയോടു കൂടി കർണ്ണനെ അവിടെ വച്ച് അംഗരാജാവായി അഭിഷേകം ചെയ്യുകയുണ്ടായി.

കർണ്ണൻ അങ്ങനെ രാജകീയ പ്രതാപത്തോടുകൂടി നില്ക്കുമ്പോൾ, മേൽമുണ്ടഴിഞ്ഞ്, ദേഹമാസകലം വിയർത്തൊലിച്ച നിലയിൽ വടിയും ഊന്നി വൃദ്ധനായ അധിരഥൻ കർണ്ണന്റെ സമീപത്തെത്തി. കർണ്ണൻ തന്റെ വളർത്തച്ഛനെ കണ്ടമാത്രയിൽ ഭക്ത്യാദരങ്ങളോടുകൂടി അടുത്തുചെന്ന് അഭിഷേകാർദ്രമായ ശിരസ്സു കുനിച്ച് അദ്ദേഹത്തെ നമസ്കരിച്ചതും അദ്ദേഹം അദമ്യമായ വാത്സല്യത്തോടുകൂടി വളർത്തുമകന്റെ ശിരസ്സ് മാറോടണച്ച് കണ്ണുനീർകൊണ്ട് ഒന്നുകൂടി അഭിഷേചനം ചെയ്തതും മഹാഭാരതത്തിലെ അത്യന്തം ഹൃദയസ്പൃക്കായ രംഗങ്ങളിൽ ഒന്നാണ്.

കരിമുട്ടം ദേവി ക്ഷേത്രം
 

കിണർ - സ്ഥാനങ്ങളും ലക്ഷണങ്ങളും


 ഹസ്തോ മഘാനുരാധാ
പുഷ്യധനിഷ്ടോത്തരാനി രോഹിണ്യ:
ശതഭിഷഗിത്യാരംഭെ
കൂപാനാം ശസ്യതെ ഭഗണ :

അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്രം, ഉത്രട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങള്‍ ആണ് കിണറു കുഴിക്കാന്‍ തുടങ്ങുന്നതിനുള്ള നല്ല നാളുകള്‍.

അതിനു ശേഷം നല്ല ഒരു കിണറു പണിക്കാരനെ കണ്ടെത്തുക.

ആര്‍ക്കം പയോ ഹുടു വിഷാണ മാഷീസമേതം
പാരാവതാ ഖുശകൃതാ ച യുത: പ്രലേപ:
ടാങ്കസ്യ തൈലമതിതസ്യതതോ/സ്യ പാനം
പശ്ചാച്ചിതാസ്യ ന ശിലാസു ഭാവെധ്വിഘാത :

എരുക്കിന്‍ പാല്,  മാടപ്രാവ്, എലി ഇതുകളുടെ കാഷ്ടം, എന്നിവയെല്ലാം കൂട്ടി ചേര്‍ത്തു ആയുധത്തിന്മേല്‍ തേച്ചു എണ്ണയിട്ടു മൂര്‍ച്ച കൂട്ടിയ ആയുധം കൊണ്ട് പാറയിന്മേല്‍ വെട്ടിയാല്‍ കിണറു പണിയുമ്പോള്‍ ആയുധത്തിന് കേടു സംഭവിക്കുന്നതല്ല.

അത് മാത്രമല്ല,

ക്ഷാരെ കദള്യ മതിതേന യുക്തെ
ദിനോഷിതെ പായിതമായാസം യത്
സമ്യക്ചിതം ചാശ്പനി നൈതി ഭംഗം
നചാന്യ ലോഹെശ്വപി തസ്യ കൌന്ട്യം.

വാഴപ്പിണ്ടിയുടെ നീരില്‍ വെണ്ണീര് ചേര്‍ത്തു ഒരു ദിവസം വക്കുക. പിന്നെ അതില്‍ ആയുധം മുക്കി മൂര്‍ച്ച ഉണ്ടാക്കിയാല്‍ ആ ആയുധം കൊണ്ട് ഇതു പാറയിന്മേലും , ലോഹത്തിന്മേലും വെട്ടാം . ആയുധം കേടു വരില്ല.

അതിനു ശേഷം. കിണറിനു പറ്റിയ ദിക്ക് കണ്ടെത്തണം.

ആഗ്നേയ യദി കോനെ
ഗ്രാമസ്യ പുരസ്യ വാ ഭവേത് കൂപ:
നിത്യം സ കരോതി ഭയം
ദാഹം ച സമാനുഷം പ്രായ:

നിരൃതി കോണെ ബാല
ക്ഷയം ച വനിതാഭയം ച വായവ്യെ
ദിക്ത്രയമെതത് ത്യക്ത്വ
ശേഷാസു ശുഭാവഹാ: കൂപാ:

ഗ്രാമത്തിന്റെയോ, പുരത്തിന്റെയോ അഗ്നികോണില്‍ കിണറുണ്ടാക്കിയാല്‍ ആ ഗ്രാമത്തിലോ പുരത്തിലോ താമസിക്കുന്നവര്‍ക്ക് പ്രായേണ ഭയത്തെയും, പുര കത്തുക, പൊള്ളുക മുതലായ അഗ്നി ഭയത്തെയും ഉണ്ടാക്കുന്നു. നിരൃതി കോണില്‍ ആണെങ്കില്‍ കുട്ടികള്‍ക്കും വായു കോണില്‍ ആണെങ്കില്‍ സ്ത്രീകള്‍ക്കും നാശം ഫലം. അതിനാല്‍ ഈ മൂന്നു ദിക്കുകളെയും ഒഴിച്ച് ശേഷമുള്ള ദിക്കില്‍ ആണ് കിണര്‍ ഉണ്ടാക്കേണ്ടത്.

എവിടെ വേണം സ്ഥാനം ?

മീനെ കൂപമതീവ മുഖ്യ മുടിതം
സര്‍വാര്‍ത്ത പുഷ്ടിപ്രദം
മേഷേ ചാപി ഘടേ ച ഭൂതികൃദിദം
നക്രെ വൃഷേ/ര്ത്തപ്രദം
ആപേ കൂപ മതാപവത്സകപദേ
മുഖ്യം, തതൈവേന്ദ്രജിത്
കോശ്ടെ ദൃഷ്ട, മപാംപതു തു ശുഭാദം
നാരീക്ഷയം മാരുതെ:

മീനം രാശിയില്‍ കിണറു കുഴിക്കുന്നത് വളരെ മുഖ്യവും സകല സമ്പത്തുകള്‍ക്കും പുഷ്ടികരമാകുന്നു. മേടത്തിലും കുംഭത്തിലും കിണറു കുഴിക്കുന്നത് സമ്പല്‍ക്കരമാണ്. മകരത്തിലും ഇടവത്തിലും ഉണ്ടാക്കിയ കിണറു ധനത്തെ വര്‍ദ്ധിപ്പിക്കും. ആപന്‍ ആപവത്സന്‍ വരുണന്‍ ഇവരുടെ എല്ലാം പദങ്ങളും കിണര്‍ കുഴിക്കുന്നതിന് നല്ല സ്ഥാനങ്ങളാണ്. ഇന്ദ്രജിത്തിന്റെ പദത്തിലും കിണറു കുഴിക്കാം. മാരുതന്റെ പദത്തില്‍ കിണറു ഉണ്ടാക്കുന്നത്‌ സ്ത്രീകള്‍ക്ക് നാശകരമായിത്തീരുന്നു .

ഇങ്ങനെ പറ്റിയ സ്ഥാനവും ദിക്കും തീരുമാനിച്ചാല്‍ അവിടെ ജലം ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ധര്‍മ്യം യഷസ്യന്ച്ച വദാംയതോ /ഹം
ദകാര്ഗ്ഗലം യെന ജലോപലബ്ധി
പുംസാം യഥാംഗേഷു സിരാസ്തതൈവ
ക്ഷിതാവപി പ്രോന്ന തനിമ്നസമസ്താ

മനുഷ്യന്റെ അവയവങ്ങളില്‍ അധരൂത്തര ഭാവെനയുള്ള നാഡികളില്‍ കൂടി ആണല്ലോ രക്തസഞ്ചാരം. അപ്രകാരം തന്നെ ആണ് ഭൂമിയുടെ ഉള്ളിലുള്ള നാഡികളുടെയും ആ നാഡികള്‍ വഴിയായ ജല സഞ്ചാരത്തിന്റെയും സ്ഥിതി. (ഇങ്ങനെ ഉള്ള ജല സഞ്ചാരത്തെ കാണാനും, ഗണിക്കാനും കഴിഞ്ഞാല്‍ ജലം ലഭിക്കും നിശ്ചയം).

എകേന വര്‍ണ്നെന രസേന ചാംഭ
ശ്ച്യുതം നഭാസ്തോ വസുട്ധാവിശേശാത്
നാനാരസത്വം ബഹുവര്ന്നതാം ച
ഗതം പരീക്ഷ്യം ക്ഷിതി തുല്യമേവ:

ആകാശത്തില്‍ നിന്ന് ഒരേ നിരമായും ഒരേ രസമായും ഇരിക്കുന്ന വെള്ളം ഭൂമിയില്‍ വീഴുന്നു. പിന്നീട് അത് ഭൂമി പല പ്രകാരത്തില്‍ ഇരിക്കുന്നത് കൊണ്ട് അതതു സ്ഥലത്തിനു അനുസരിച്ച് നിറത്തോടും സ്വാദോടും കൂടിയതായി തീരുന്നു. ഇങ്ങനെ നാനാ വര്‍ണ്ണ രസങ്ങളോട് കൂടിയ ആ ജലത്തെ ഭൂമിയെ പോലെ തന്നെ നല്ല വണ്ണം പരീക്ഷിച്ചു അറിയേണ്ടുന്നതാണ്.

ഇനി ഏതാനും ലക്ഷണങ്ങള്‍:

വല്മീകൊപചിതായതാം
നിര്‍ഗ്ഗുണ്ട്യാം ദക്ഷിനെന കതിതകരൈ:
പുരുഷദ്വയെ സപാദെ
സ്വാദ് ജലം ഭവതി ചാശോഷ്യം.

വെള്ളം കുറഞ്ഞ ദിക്കില്‍ പുറ്റൊട്‌ കൂടിയ കരുനൊച്ചി മരം നില്‍ക്കുന്നതായാല്‍ അതില്‍ നിന്ന് മൂന്നു കോല്‍ തെക്കോട്ട്‌ നീങ്ങി രണ്ടേകാല്‍ ആള്‍ക്ക് കുഴിക്കുക. എന്നാല്‍ അവിടെ ഒരു കാലത്തും വറ്റിപോകാത്തതും സ്വാദുള്ളതും ആയ വെള്ളം ലഭിക്കും.

താന്നി മരത്തിനു അടുത്തു തെക്ക് ഭാഗത്ത് പുറ്റുണ്ടാകുക. എന്നാല്‍ ആ താന്നിമരത്തില്‍ നിന്ന് രണ്ടു കോല്‍ കിഴക്ക് ഒന്നര ആള്‍ക്കാഴത്തില്‍ ഉറവു കാണാം.
ഏതു വൃക്ഷമായാലും, അതിന്റെ ചുവട്ടില്‍ സദാ തവള നിവസിക്കുന്നുണ്ടെങ്കില്‍ അവിടെ നിന്ന് വടക്കോട്ട്‌ ഒരു കോല്‍ അകലം കണ്ടു നാലര ആള്‍ക്ക് കുഴിച്ചാലും ജലം നിശ്ചയം.
-പുറ്റിനോട് ചേര്‍ന്ന് കരിമ്പനയോ, തെങ്ങോ എവിടെ കാണുന്നു, അതിന്റെ ചുവട്ടില്‍ നിന്ന് ആറ് കോല്‍ നീങ്ങി നാലാള്‍ക്കു കുഴിച്ചാല്‍ അവിടെ ജലം ലഭിക്കും.
വെള്ളം കുറഞ്ഞ ദിക്കില്‍ രാമച്ചവും കരുകപ്പുല്ലും നന്നായി വളര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടാല്‍ അവിടെ ഒരാള്‍ക്ക്‌ കുഴിച്ചാല്‍ വെള്ളം കാണുന്നതാണ്.
എവിടെ ചവിട്ടിയാലും ഗംഭീര ശബ്ദമുണ്ടാകുന്നു, അവിടെ മൂന്നര ആള്‍ക്കടിയില്‍ വെള്ളമുണ്ടാകും. വടക്ക് നിന്നായിരിക്കും ഉറവ ഉണ്ടാകുക.
വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു കൊമ്പു ഏറ്റവും താണിരിക്കുകയും അത് നിറം മാറി കാണുകയും ചെയ്യുന്നു എങ്കില്‍ ആ കൊമ്പിന്റെ നേരെ ചുവട്ടില്‍ മൂന്നാള്‍ക്ക് കുഴിച്ചാല്‍ വെള്ളം ലഭിക്കും.
-ഏതെങ്കിലും ഭൂമിയില്‍ അതിയായ ചൂടോ, പുകയോ കാണുന്നുവോ അവിടെ രണ്ടാള്‍ക്കടിയില്‍ വെള്ളമുണ്ട്. അവിടുത്തെ ഉറവു ഏറ്റവും വലുതുമായിരിക്കും.

ഇനി ആര്‍ക്കെങ്കിലും ഉപ്പു വെള്ളം തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വടക്ക് ഭാഗത്ത് പുറ്റുള്ള ഒരു കൊന്നമരം കണ്ടെത്തി അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടു കോല്‍ തെക്ക്, പതിനഞ്ചു ആള്‍ക്ക് കുഴിച്ചാല്‍ ഉപ്പു വെള്ളം ലഭിക്കും.

ഇനി കിണറു കുഴിക്കാന്‍ തുടങ്ങാം. അതിനു മുമ്പ്

കൃത്വാ വരുണസ്യ ബലിം
വടവേതസകീലകം സിരാസ്ഥാനെ
കുസുമൈര്‍ഗ്ഗന്ധൈര്‍ ദ്ധൂപൈ:
സംപൂജ്യ നിധാപയെദ് പ്രഥമം:

വരുണന് ബലി കൊടുക്കുകയും, പേരാല്, വഞ്ചി ഇതുകളുടെ കുറ്റികള്‍ ജലഗന്ധപുഷ്പ ധൂപാദീപങ്ങളെ കൊണ്ടു ജപിച്ചു ഉറവുള്ള ദിക്കില്‍ സ്ഥാപിക്കുകയും ചെയ്യണം.

കിണറു കുഴിക്കുമ്പോള്‍ പാറ കാണുക ആണെങ്കിലോ?

ഭേദം യദാ നൈതി ശില തടാനിം
പലാശകാഷ്ടൈ സഹതിന്ദുകാനാം
പ്രജ്വാലയിത്വാ നലമഗ്നി വര്‍ണ്ണ
സുധംബുസിക്താ പ്രവിദാരമെതി

പനചിയുടെയും പ്ലാശിന്റെയും വിറകിട്ടു കത്തിച്ചു പാറ അഗ്നിവര്‍ണമാക്കി അതിന്മേല്‍ പാലില്‍ വെള്ളം ചേര്‍ത്തു വീഴ്ത്തിയാല്‍ പൊളിയാത്ത പാറ എളുപ്പത്തില്‍ പോളിയുന്നതാണ്.

അതല്ലെങ്കില്‍.. മുള, പ്ലാശ്, എനീ വൃക്ഷത്തിന്റെ വിറകു കത്തിച്ച ചാരവും അമ ചുട്ട ചാരവും കൂടി വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ മുകളില്‍ പറഞ്ഞ പോലെ പാറ ചുട്ടുപഴുപ്പിച്ച് അതിന്മേല്‍ വീഴ്ത്തുക. ഇങ്ങനെ ഏഴു പ്രാവശ്യം വീഴ്ത്തണം. എന്നാല്‍ ഇതു പാറയും അനായാസം പൊളിയും.

കിണര്‍ കുഴിച്ചു ആവശ്യത്തിനു ജലവും ലഭ്യമായി എങ്കില്‍...

അഞ്ജന മുസ്തോശീരി:
സരാജകൊശാത കാമലകചൂര്‍ന്നൈ
കതകഫലസമായുക്തൈ
ര്യോഗ: കൂപെ പ്രദാതവ്യ:

അഞ്ജനം, മുത്തങ്ങ, രാമച്ചം, കറിചീര, നെല്ലിക്ക, തെറ്റാമ്പരല്‍ ഇവകള്‍ എല്ലാം പൊടിച്ചു കിണറ്റില്‍ ഇടണം.

കലുഷം, കടുകം ലവണം വിരസം
സലിലം യദി വാ ശുഭാഗാന്ധി ഭവേദ്
തടനെന ഭാവ്യമാലം സുരസം
സുസുഗാന്ധി ഗുണൈര പരൈശ്ച്ച യുതം

കലക്കം, കയ്പ്പ്, ഉപ്പു, സ്വദില്ലായ്മ, ദുര്‍ഗന്ധം, ഇവകളെല്ലാം ഉള്ള വെള്ളമാണെങ്കില്‍ മേല്‍പ്പറഞ്ഞ പൊടികൊണ്ടു ആ വക ദോഷങ്ങളെല്ലാം തീര്‍ന്നു നന്നാവുന്നതിനു പുറമേ വേറെയും പല ഗുണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

കരിമുട്ടം ദേവി ക്ഷേത്രം

ഏകാദശി ദേവി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മദേവന്‍ സൃഷ്ടിച്ച അസുരനാണ് താലജംഘന്‍. അദ്ദേഹത്തിന്‍റെ മകന്‍ മുരന്‍. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര്‍ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള്‍ ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.

ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്‍ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.

ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള്‍ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.

അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്.

കരിമുട്ടം ദേവി ക്ഷേത്രം
 

ശുക്രാചാര്യർ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മപുത്രനായ ഭൃഗുമഹര്‍ഷിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ശുക്രാചാര്യര്‍. ശുക്രാചാര്യര്‍ വളര്‍ന്നപ്പോള്‍ വേദപഠനത്തിനായി അംഗിരസ് മഷര്‍ഷിയുടെ ആശ്രമത്തിലെത്തി. എന്നാല്‍ അംഗിരസ്സിന് സ്വന്തം പുത്രനായ ബൃഹസ്പതിയോടുള്ള അമിത സ്നേഹവും വാത്സല്യവും മൂലം ശുക്രാചാര്യര്‍ അവിടം വിട്ടുപോകുകയും ഗൌതമ മഹര്‍ഷിയുടെ അടുത്തെത്തിച്ചേരുകയും ചെയ്തു. അവിടെ പഠനം തുടരുന്ന കാലത്ത് ശ്രീ പരമേശ്വരനെ തപസ്സ് ചെയ്ത് പ്രത്യക്ഷനാക്കി മൃതസഞ്ജീവനി മന്ത്രം എന്ന അത്ഭുതവിദ്യ സ്വായത്തമാക്കുകയും ചെയ്തു. പ്രീയവ്രതന്റെ പുത്രിയായ ഊര്‍ജ്ജസ്വലയെ വിവാഹം കഴിച്ച ശുക്രചാര്യര്‍ക്ക് അതില്‍ നാലു പുത്രന്മാരും ദേവയാനി എന്ന പുത്രിയും ജനിച്ചു. ഈ സമയം ബൃഹസ്പതി ദേവഗുരുവായി അവരോധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇതില്‍ അസൂയാലുവായ ശുക്രാചാര്യര്‍ താമസം വിനാ അസുരന്മാരുടെ ഗുരുസ്ഥാനമേറ്റെടുത്തു.

കരിമുട്ടം ദേവി ക്ഷേത്രം


രുദ്രാക്ഷം രണ്ടാം ഭാഗം


കരിമുട്ടം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ഉന്നയിച്ച സംശയത്തിന് സമാഹരിച്ച മറുപടി.


”മരിക്കും വിധൗഭീതി കൂടാതിരിപ്പാന്‍ ധരിക്കേണം മംഗേഷ്‌ഠ രുദ്രാക്ഷാഭാമം”

ഹിന്ദുക്കള്‍ രുദ്രാക്ഷത്തെ ഒരു പുണ്യവസ്‌തുവായി കാണുന്നു. ഇതിന്‌ കാരണം രുദ്രാക്ഷത്തിന്റെ ഉത്ഭവം ശിവനില്‍നിന്നായതുകൊണ്ടാണ്‌.

രുദ്രന്റെ അക്ഷിയില്‍നിന്നുത്ഭവിച്ചതുകൊണ്ട്‌ ഇതിന്‌ രുദ്രാക്ഷമെന്ന്‌ പേരുണ്ടായി.

ഭഗവാന്‍ ശിവന്‍ ത്രിപുരാസുരന്മാരെ എങ്ങനെ വധിക്കണമെന്നാലോചിച്ച്‌ അല്‌പസമയം കണ്ണടച്ചിരുന്നു. ആ ഇരുപ്പ്‌ ഒരായിരം ദിവ്യ സംവത്സരം നീണ്ടുപോയി. അതിനുശേഷം കണ്ണ്‌ ഇമവെട്ടി തുറന്നപ്പോള്‍ കണ്ണില്‍നിന്ന്‌ അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞുവീണു. ഈ കണ്ണുനീര്‍ത്തുളളികളില്‍നിന്നാണ്‌ രുദ്രാക്ഷം ഉണ്ടായത്‌ എന്നാണ്‌ ഐതിഹ്യം.

രുദ്രാക്ഷം കണ്ടാല്‍ ലക്ഷം പുണ്യം, ധരിച്ചാല്‍ നൂറുകോടി പുണ്യം. ധരിച്ചുകൊണ്ട്‌ ജപിച്ചാല്‍ കോടാനുകോടി പുണ്യമാണ്‌ ഫലം.

നാലു ജാതിയില്‍പ്പെട്ട രുദ്രാക്ഷമാണുള്ളത്‌. വെളുത്തനിറത്തില്‍പ്പെട്ടത്‌ ബ്രാഹ്‌മണനും, ചുവന്ന നിറത്തില്‍പ്പെട്ടത്‌ ക്ഷത്രിയനും, മഞ്ഞനിറത്തില്‍പ്പെട്ടത്‌ വൈശ്യനും കറുത്ത നിറമുള്ളതു ശൂദ്രനുമാണ്‌ ധരിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.

നെല്ലിക്കാവലുപ്പമുളള രുദ്രാക്ഷമാണ്‌ മികച്ചത്‌. ചാണയിലുരച്ചാല്‍ സ്വര്‍ണ്ണരേഖ പോലിരിക്കുന്നതാണ്‌ ശിവഭക്‌തന്മാര്‍ ധരിക്കുന്നത്‌.

കഴുത്തില്‍ 36 എണ്ണവും ഇരു ഭുജങ്ങളിലും പതിനാറു വീതവും മണിബന്ധത്തില്‍ പന്ത്രണ്ടും തോളില്‍ പതിനഞ്ചും ശിഖയില്‍ ഒന്നും, തലയില്‍ മാലപോലെ കോര്‍ത്ത്‌ മുപ്പതെണ്ണവും ധരിക്കണം. കണ്‌ഠത്തില്‍ രണ്ടോ, മൂന്നോ, അഞ്ചോ, ഏഴോ ധരിക്കുക.

കുണ്ഡലമായും കടുക്കനായും രുദ്രാക്ഷം ധരിക്കാം. ”*ഈശാനഃ സര്‍വ്വ വിദ്യാനാം*” എന്ന മന്ത്രം ജപിച്ചുകൊണ്ട്‌ ശിരസ്സിലും ”*തത്‌പുരുഷായ വിദ്‌മഹേ*” എന്ന മന്ത്രം ജപിച്ച്‌ കഴുത്തിലും നെഞ്ചിലും രുദ്രാക്ഷം ധരിക്കണം.

വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷം ഭവിക്കുമെന്ന്‌ വെളിപ്പെടുത്തുന്ന ആചാര്യമതം, രുദ്രാക്ഷം ധരിക്കുന്നവര്‍ ആഹാരകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും ഉപദേശിക്കുന്നുണ്ട്‌. രുദ്രാക്ഷം ധരിക്കുന്നവര്‍ മദ്യം, മാംസം, വെളുത്തുള്ളി, ചുവന്നുള്ളി, മുരിങ്ങക്ക എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല.

ബ്രഹ്‌മഹത്യാപാപം നശിക്കുവാനാണ്‌ ഏകമുഖ രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ രണ്ടുമുഖമുളളതു ധരിച്ചാല്‍ അര്‍ദ്ധനാരീശ്വരന്‍ പ്രസന്നനാകും.

അഗ്നിദേവനെ പ്രസാദിപ്പിക്കുന്നതിനും സ്‌ത്രീഹത്യാപാപം തീരുന്നതിനുമാണ്‌ മൂന്നു മുഖമുളള രുദ്രാക്ഷം ധരിക്കുന്നത്‌.

ബ്രഹ്‌മസ്വരൂപമായ നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നരഹത്യാ പാപം തീരും.

സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നതും പുരുഷഹത്യയെ ദൂരീകരിക്കുന്നതുമാണ്‌ അഞ്ചുമുഖമുള്ള രുദ്രാക്ഷം.

ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുന്നതിനാണ്‌ ആറുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത്‌.

ഏഴുമുഖമുള്ളതു ധരിച്ചാല്‍ ജ്‌ഞാനം, ഐശ്വര്യം, ആരോഗ്യം എന്നിവയുണ്ടാകും.

വിഘ്‌നങ്ങള്‍ ഒഴിവായി പരപ്രാപ്‌തിയെ പ്രാപിക്കുവാന്‍ ഗണപതിയാകുന്ന അഷ്‌ടമുഖ രുദ്രാക്ഷം ധരിക്കുന്നു.

അതുകൊണ്ട്‌ അഷ്‌ടവസുക്കളും പ്രസാദിക്കുമെന്ന്‌ വിശ്വസിക്കുന്നു.

ഒന്‍പതുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഈശ്വരനെപ്പോലെയാകുന്നതോടൊപ്പം ഭ്രൂണഹത്യാപാപം, ബ്രഹ്‌മഹത്യാപാപം ഇവ ഇല്ലാതാകും.

പത്തുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പവിഷം ബാധിക്കുകയില്ല. ഇതിന്റെ അധിദേവത വിഷ്‌ണുവാണെന്നും യമനാണെന്നും അഭിപ്രായമുണ്ട്‌.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ശിരസ്സിലാണ്‌ ധരിക്കേണ്ടത്‌. ആയിരം അശ്വമേധയാഗം ചെയ്‌തതിന്റെ ഫലം ലഭിക്കും.

പന്ത്രണ്ടു മുഖമുള്ളത്‌ ദ്വാദശാതീതന്മാരാണ്‌. ഇത്‌ ചെവിയില്‍ ധരിക്കണം. മൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാവില്ല. സൂര്യഭഗവാന്റെ കൃപയുണ്ടാകും. ആധിയും വ്യാധിയും ഉണ്ടാകില്ല. ആന, സര്‍പ്പം, മാ ന്‍, എലി, തവള, കഴുത എന്നിവയെ കൊന്നാലുളള പാപം തീരും.

പതിമൂന്നു മുഖമുള്ളതു ധരിച്ചാല്‍ അഭീഷ്‌ടസിദ്ധിയുണ്ടാകുന്നു. സര്‍വ്വ ആഗ്രഹങ്ങളും സാധിക്കും.

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍വ്വരോഗങ്ങളും മാറി ആരോഗ്യമുള്ളവനാകും. ഗ്രഹണസമയം, വിഷു, അമാവാസി, പൂര്‍ണ്ണപൗര്‍ണ്ണമി ഈ സമയങ്ങളില്‍ ധരിച്ചാല്‍ പാപമോചനമുണ്ടാകും.

രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പത്മപുരാണത്തില്‍ വ്യാസമഹര്‍ഷിതന്നെ വിവരിക്കുന്നുണ്ട്‌. രുദ്രാക്ഷം ആര്‍ക്കും ധരിക്കാവുന്നതും, ദര്‍ശിച്ചാല്‍ തന്നെ പാപം നശിക്കുന്നതുമാണ്‌. തൊട്ടാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും ധരിച്ചാല്‍ മോക്ഷം സിദ്ധിക്കുമെന്നും വ്യാസമഹര്‍ഷി പറയുന്നു.

ചെളിയില്‍നില്‍ക്കുന്ന താമരയെ ചെളി സ്‌പര്‍ശിക്കാത്തതുപോലെ പാപിയായവന്‍ ചെയ്യുന്ന പാപം രുദ്രാക്ഷധാരിയെ ഏശുന്നില്ല.

അതിനാല്‍ നമ്മുടെ ഗൃഹത്തിന്റെ ഐശ്വര്യത്തിന്‌ രുദ്രാക്ഷവൃക്ഷം ശ്രദ്ധയോടെ നട്ടു വളര്‍ത്തുന്നത്‌ വളരെ നല്ലതാണ്‌.


കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...