ഉടുക്ക്
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ഒരു കേരളീയചര്‍മവാദ്യമാണ് ഉടുക്ക്. അയ്യപ്പന്‍പാട്ടിന്റെ പക്കമേളമായാണ് ഉടുക്ക് കേരളത്തില്‍ പ്രധാനമായും ഉപയോഗിച്ചു വരുന്നത്. മധ്യം ഇടുങ്ങി അഗ്രത്തേക്കു വികസിച്ചു വരുന്ന ഉടുക്കിന്റെ ആകൃതിക്ക് ഇടയ്‌ക്കയോടു സാദൃശ്യമുണ്ട്. എന്നാല്‍ വലുപ്പത്തില്‍ ഇടയ്‌ക്കയെക്കാള്‍ വളരെ ചെറുതാണ് ഉടുക്ക്. രണ്ട് ചിരട്ട പരസ്‌പരം പുറംതിരിച്ചു വച്ചാല്‍ ഉടുക്കിന്റെ ആകൃതിയാകും. ഇതിന്റെ വായ്‌വട്ടം തോലുകൊണ്ട് മൂടിയിരിക്കും. രണ്ടഗ്രത്തുള്ള വായ്‌വട്ടങ്ങളെ തമ്മില്‍ ബന്ധിക്കുന്നത് ചരടുകൊണ്ടാണ്. ഈ വാറിന്റെ മധ്യത്തില്‍ ഒരു കുടുക്കു ചരടു ചുറ്റിയതില്‍ നിന്ന് അരച്ചാണ്‍ നീളമുള്ള ഒരു പൊടിപ്പ് തൂക്കിയിട്ടിരിക്കും. ഇതില്‍ കരിവളകള്‍ ഇടുന്നു. ഈ കുടുക്കു ചരടമര്‍ത്തിയും അയച്ചും വാറിന് മുറുക്കവും അയവും കൊടുത്താണ് ശബ്‌ദവിഭേദങ്ങള്‍ ഉണ്ടാക്കുന്നത്. ഇടയ്‌ക്കയുടെ ശബ്‌ദത്തെക്കാള്‍ സ്‌നിഗ്‌ധമാണ് ഉടുക്കിന്റേത്. ഈറമ്പനയുടെ നേരിയ നാര് ഉടുക്കിന്റെ പിന്‍വായ്‌വട്ടത്തിന്റെ പുറമേ ഇരട്ടവരിയായി വിലങ്ങനെ ബന്ധിച്ചിരിക്കും. ഇടത്തുകൈ വിരലുകൊണ്ട് കുടുക്കു ചരട് അമര്‍ത്തുകയും ഒപ്പം മുന്‍വട്ടത്തില്‍ കൊട്ടുകയും ചെയ്യുമ്പോള്‍ പിന്‍വട്ടത്തിനു പുറത്തുള്ള ഇരട്ടനാര് പ്രകമ്പനം കൊള്ളുകയും നാദം പുറപ്പെടുവിക്കുകയും ചെയ്യും.
ശിവന്റെ ഇഷ്‌ടപ്പെട്ട വാദ്യമാണ് ഉടുക്കെന്ന സങ്കല്‌പമുണ്ട്. നടരാജവിഗ്രഹങ്ങളിലും ചിത്രങ്ങളിലും ഒരു കൈയില്‍ ഉടുക്കു കാണാം. ശിവന്റെ പ്രദോഷ നൃത്തസമയത്ത് ഉടുക്കില്‍നിന്ന് ഉതിര്‍ന്ന നാദതരംഗങ്ങളാണ് സംസ്‌കൃത ഭാഷയുടെ അക്ഷര പ്രപഞ്ചത്തിന്റെ മൂലധ്വനി എന്നാണ് ഐതിഹ്യം. ശ്രുതിക്കും മേളത്തിനും ഒരു പോലെ ഉടുക്ക് പ്രയോജനപ്പെടുന്നു. സംഘഗാനങ്ങളുടെ പശ്ചാത്തല സംഗീതത്തിന് സാധാരണയായി ഉടുക്ക് ഉപയോഗിച്ചുവരുന്നതുകൊണ്ട് ഇതൊരു വൃന്ദവാദ്യോപകരണം കൂടിയായിട്ടുണ്ട്. മാരിയമ്മന്‍ വിളക്കിന് തമിഴ്‌നാട്ടുകാര്‍ ഉടുക്കുപയോഗിക്കാറുണ്ട്
🙏🙏🙏🙏🙏🙏🙏